അല്ലാഹുവിനെ സ്‌നേഹിക്കാം

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്

തീയ്യതി: 27/10/2017
വിഷയം: ദൈവസ്‌നേഹം

തീർച്ചയായും അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു” (ഖുർആൻ, സൂറത്തുൽ ത്തൗബ: 04)
പ്രവഞ്ചനാഥനായ അല്ലാഹു തന്റെ അടിമകളോട് തന്നെ സ്‌നേഹിക്കാൻ കൽപ്പിക്കുന്നുണ്ട്. അത് ഇങ്ങനെയാണ്: നബിയേ... അങ്ങ് പറയുക നിങ്ങൾ അല്ലാഹുവിനെ സ്‌നേഹിക്കുന്നുവെങ്കിൽ എന്നെ നിങ്ങൾ പിന്തുടരുക. എങ്കിൽ അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളുടെ പാപങ്ങൾ പൊറുത്തുത്തരികയും ചെയ്യുന്നതാണ്” (ഖുർആൻ, സൂറത്തുൽ ആലു ഇംറാൻ: 31)

നബി (സ്വ) സ്വഹാബികളോട് അല്ലാഹുവിനെ ഹൃദയാന്തരങ്ങളിൽ ആർദ്രമായി സ്‌നേഹിക്കാനും സൽക്കർമ്മങ്ങൾ കൊണ്ട് അവനിലേക്ക് അടുക്കാനും കൽപ്പിക്കുമായിരുന്നു. മാത്രമല്ല, അധികം സ്വഹാബികളും ജഗനിയന്താവായ അല്ലാഹുവിന്റെ സ്‌നേഹവും തൃപ്തിയും സാധ്യമാക്കുന്ന പ്രവർത്തനങ്ങളെപ്പറ്റി നബി തങ്ങളോട് ചോദിക്കുമായിരുന്നു. 

ദൈവസ്‌നേഹം സാധ്യമാക്കുന്ന പ്രവർത്തികൾ വിവിധ തരങ്ങളിൽ ധാരാളമായുണ്ട്. അതിൽ അതി പ്രധാനമാണ് നിർബന്ധ ആരാധനാകർമ്മങ്ങൾ.
അബ്ദുല്ല ബ്‌നു മസ്ഊദ് (റ) പറയുന്നു: ഞാനൊരിക്കൽ നബി (സ്വ)യോട് ചോദിച്ചു: ഏത് കർമ്മാണ് അല്ലാഹുവിലേക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്? നബി (സ്വ) അരുളി: നിർബന്ധ നിസ്‌ക്കാരങ്ങൾ യഥാ സമയം നിർവ്വഹിക്കലാണ്” (ഹദീസ് ബുഖാരി, മുസ്ലിം).

അല്ലാഹു പറയുന്നു: നിസ്‌ക്കാരങ്ങൾ നിങ്ങൾ സൂക്ഷ്മതയോടെ നിർവ്വഹിച്ചു പോരേണ്ടതാണ്. പ്രത്യേകിച്ച് ഉൽകൃഷ്ട നിസ്‌ക്കാരം. അല്ലാഹുവിന്റെ മുമ്പിൽ ഭയഭക്തിയോടുകൂടി നിന്നുകൊണ്ടാകണം നിങ്ങൾ പ്രാർത്ഥിക്കുന്നത'”(ഖുർആൻ, സൂറത്തുൽ ബഖറ: 238).
നിർബന്ധ ആരാധനാകർമ്മങ്ങൾ ചെയ്തുകൊണ്ടാണ് അല്ലാഹുവിലേക്ക് അടുക്കേണ്ടത്. നാഥനിൽ നിന്നുള്ള സ്‌നേഹവും സൗഭാഗ്യപ്രദാനവും പ്രതീക്ഷിച്ചുകൊണ്ടുള്ള ദാനധർമ്മം, സുന്നത്ത് നിസ്‌ക്കാരം പോലോത്ത വിവിധങ്ങളായ സുന്നത്തായ ആരാധനാ കർമ്മങ്ങൾ ചെയ്തുകൊണ്ടാണ് ഈ ബന്ധം കൂടുതൽ സുദൃഢമാക്കേണ്ടത്.

നബി (സ്വ) പറഞ്ഞിട്ടുണ്ട്: അല്ലാഹു പറയുന്നു: നിർബന്ധ ആരാധനാ കർമ്മങ്ങൾ കൊണ്ടാണ് എന്റെ അടിമ എന്നിലേക്ക് അടുക്കുന്നത്. സുന്നത്തായ ആരാധനാ കർമ്മങ്ങൾ കൊണ്ട് എന്നിലേക്ക് കൂടുതൽ അടുത്തുകൊണ്ടേയിരിക്കും. അങ്ങനെ ഞാനവനെ ഇഷ്ടപ്പെടും. ഞാനവനെ ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ അവൻ കേൾക്കുന്ന കാത് ഞാനാവും, അവൻ കാണുന്ന കണ്ണ് ഞാനാവൂം, അവൻ പിടിക്കുന്ന കൈ ഞാനാവും, അവൻ നടക്കുന്ന കാൽ ഞാനാവും. അവൻ വല്ലതും എന്നോട് ചോദിച്ചാൽ ഞാൻ കൊടുത്തിരിക്കും. അവൻ എന്നോട് കാവൽ തേടിയാൽ ഞാനവനെ കാത്തുസംരക്ഷിച്ചിരിക്കും” (ഹദീസ് ഖുദ്‌സിയ്യ്, ബുഖാരി).

ഇത്തരം സുകൃതങ്ങൾ നിത്യമാക്കിയാൽ അല്ലാഹു അവനെ ഇഷ്ടപ്പെടുകയും കൂടുതൽ അടുക്കുകയും ചെയ്യും. മാത്രമല്ല, അല്ലാഹു അവനിക്ക് നിത്യമായി അനുഗ്രഹങ്ങൾ ചൊരിയുകയും ചെയ്യും.

ആയിഷ (റ) പറയുന്നു: ഒരാൾ നബി (സ്വ)യോട് ചോദിച്ചു: ഏത് കർമ്മങ്ങളാണ് അല്ലാഹുവിലേക്ക് ഇഷ്ടപ്പെട്ടത്? നബി (സ്വ): നിത്യമായ സൽക്കർമ്മങ്ങളാണ് അല്ലാഹുവിലേക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്, അത് എത്ര കുറഞ്ഞതാണെങ്കിലും ശരി” (ഹദീസ് ബുഖാരി, മുസ്ലിം).
ഫർളുകൾ യഥാവിധി വീട്ടുകയും സുന്നത്തുകൾ ശീലമാക്കുകയും ചെയ്യുമ്പോഴാണ് മനുഷ്യന്റെ ആരാധന അർത്ഥപൂർണമാവുന്നത്. അതുവഴി അല്ലാഹുവിന്റെ സ്‌നേഹവും കൃപയും അവനിക്ക് സ്ഥിരമാവുകയും ചെയ്യും.
ആരാധനകൾക്ക് പുറമേയുള്ള നന്മകകളും ദൈവപ്രീതിക്ക് കാരണമാവും. അല്ലാഹു പറയുന്നു : നിങ്ങൾ നല്ലത് പ്രവർത്തിക്കുക. നന്മ ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകത്തന്നെ ചെയ്യും” (ഖുർആൻ, സൂറത്തുൽ ബഖറ: 195)

ഓരോ വാക്കിലും പ്രവർത്തിയിലും ദൈവഭയമുണ്ടെങ്കിൽ മാത്രമേ നന്മയുണ്ടാവുകയുള്ളൂ.
മറ്റുള്ളവരോട് സംസാരിക്കുകയാണെങ്കിൽ നല്ലത് മാത്രം പറയുക.
വല്ലതും ചെയ്യുകയാണെങ്കിൽ ഏറ്റവും മികച്ചത് മാത്രം ചെയ്യുക.
മറ്റുള്ളവരോട് ഇടപഴകുമ്പോൾ നന്മയോടെ മാത്രം പെരുമാറുക.
അവകാശം നിഷേധിക്കപ്പെട്ടവന് അത് വാങ്ങിക്കൊടുക്കണം.
അക്രമിച്ചവന് പൊറുത്തു കൊടുക്കണം.
തിന്മ ചെയ്തവന് പ്രതികാരമായി നന്മയേ ചെയ്യാവൂ, എല്ലാം അല്ലാഹുവിന്റെ സ്‌നേഹത്തിൽ ചാലിച്ച തൃപ്തി കാംക്ഷിച്ച് ക്ഷമിക്കണം. അല്ലാഹു ക്ഷമിക്കുന്നവരെ സ്‌നേഹിക്കും” (ഖുർആൻ, സൂറത്തുൽ ആലു ഇംറാൻ: 146)

പ്രശ്‌നങ്ങൾ സൃഷ്ടാവിൽ ഭരമേൽപ്പിക്കണം. തീർച്ചയായും അല്ലാഹു ഭരമേൽപ്പിക്കുന്നവരെ സ്നേഹിക്കും” (ഖുർആൻ, ആലു ഇംറാൻ: 159).
ഇടപാടുകളിലെ വിട്ടുവീഴ്ചാ മനോഭാവം ദൈവസ്‌നേഹത്തിന് ഹേതകമാവും. പ്രവാചകർ (സ്വ) പറയുന്നു: തീർച്ചയായും അല്ലാഹു വിൽക്കൽ വാങ്ങൽ ഇടപാടുകളിലെയും വിധിപ്രസ്താവത്തിലെയും വിട്ടുവീഴ്ചാ മനോഭാവം ഇഷ്ടപ്പെടുന്നു” (ഹദീസ് തുർമുദി).

നിലപാടുകളിൽ നീതി പാലിക്കണം. നീതി ഉൽകൃഷ്ട സ്വഭാവ ഗുണമാണ്.
തീർച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ സ്‌നേഹിക്കും” (ഖുർആൻ, സൂറത്തുൽ മാഇദ: 42).

വൃത്തിയും വെടുപ്പും അല്ലാഹു ഇഷ്ടപ്പെടുന്ന ഗുണവിശേഷങ്ങളാണ്.
ഒരിക്കൽ ഒരാൾ നബി (സ്വ)യോട് പറഞ്ഞു: യാ റസൂലല്ലാഹ്... ഒരുത്തൻ തന്റെ വസ്ത്രവും ചെരിപ്പും നല്ലതാവാൻ ആഗ്രഹിക്കുന്നു. നബി (സ്വ) പറഞ്ഞു: തീർച്ചയായും അല്ലാഹു ഭംഗിയുള്ളവനാണ്. അവൻ ഭംഗിയെ ഇഷ്ടപ്പെടുന്നു” (ഹദീസ് മുസ്ലിം). ഇവിടെ ഭംഗി കൊണ്ടുദ്ദേശിക്കുന്നത് വാക്കിലെയും പ്രവർത്തിയിലെയും മറഞ്ഞതിലെയും തെളിഞ്ഞതിലെയും നന്മകളാണ്.

നബി (സ്വ) പറയുന്നു: നിശ്ചയം, അല്ലാഹു അവന്റെ അടിമയിൽ അവൻ നൽകിയ അനുഗ്രഹം കാണാൻ ഇഷ്ടപ്പെടുന്നു” (ഹദീസ് തുർമുദി). അതായത് മനുഷ്യരുടെ നല്ല വസ്ത്രധാരണവും വെടിപ്പും അല്ലാഹു ഇഷ്ടപ്പെടുന്നുവെന്നർത്ഥം. മാത്രമല്ല, അനുഗ്രഹത്തിന്റെ അടയാളം മനുഷ്യന്റെ ഹൃദയത്തിലും കാണാൻ അല്ലാഹു ആഗ്രഹിക്കുന്നു. അത് അവനിക്ക്നന്ദി ചെയ്തുകൊണ്ടും അവന്റെ മഹത്വം അംഗീകരിച്ചുകൊണ്ടുമാണ് മനുഷ്യരായ നാം പ്രകടിപ്പിക്കേണ്ട്ത്. നിങ്ങളിൽ അനുഗ്രഹമായി എന്തുണ്ടെങ്കിലും അത് അല്ലാഹുവിൽ നിന്നുള്ളതാകുന്നു” (ഖുർആൻ, സൂറത്തുൽ ന്നഹ്‌ല്: 53).

പ്രവാചകർ (സ്വ) പറയുന്നു : ഭക്ഷണം കഴിക്കുകയും അതിന്റെ പേരിൽ അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്യുന്ന അല്ലെങ്കിൽ പാനീയം കുടിക്കുകയും അതിന്റെ പേരിൽ അല്ലാഹുവിനെ സ്തുതിക്കുന്ന അടിമയെ നിശ്ചയം അവനിക്ക് ഇഷ്ടമാണ്” (ഹദീസ് മുസ്ലിം).

അല്ലാഹുവിനെ സ്തുതിക്കുകയും അവന്റെ മഹത്വം മനസ്സിലാക്കി മനസ്സ് ശുദ്ധീകരിക്കുകയും നന്മയിൽ പരസ്പരം സഹകരിക്കുകയും ചെയ്യുന്നവർ അല്ലാഹു ഇഷ്ടപ്പെടുന്ന സ്‌നേഹിതരാണ്. ഇഹത്തിലും പരത്തിലും അവർക്ക് അല്ലാഹു ഉയർച്ച മാത്രമേ സമ്മാനിക്കുകയുള്ളൂ. അല്ലാഹുവിന്റെ മഹത്വത്തിന്റെ പേരിൽ പരസ്പരം സ്‌നേഹിക്കുന്നവർക്ക് നബിമാരും ശുഹദാക്കളും ആഗ്രഹിക്കും വിധം ഉന്നത സ്ഥാനമുണ്ടെന്ന് (പ്രകാശഗോപുരങ്ങൾ) നബി (സ്വ) പഠിപ്പിക്കുന്നു. (ഹദീസ് ഖുദ്‌സിയ്യ്, തുർമുദി).

മനുഷ്യൻ ആരാധനകൾ കൃത്യമായി നിർവ്വഹിക്കുകയും, ഇടപാടുകളിലും നിലപാടുകളിലും സത്യസന്ധത പുലർത്തുകയും സാമൂഹിക ബന്ധങ്ങൾ ദൃഢമാക്കുകയും ചെയ്താൽ അവനെ അല്ലാഹു ഇഷ്ടപ്പെടുക തന്നെ ചെയ്യും.

നബി (സ്വ) പറയുന്നു: ഒരടിമയെ അല്ലാഹു ഇഷ്ടപ്പെട്ടാൽ ജിബ്രീലി(അ)നെ വിളിക്കും. എന്നിട്ടു പറയും അല്ലാഹു ഇന്നയാളെ ഇഷ്ടപ്പെടുന്നു, നീയും അയാളെ ഇഷ്ടപ്പെടുക. ജിബ്രീൽ (അ) അയാളെ ഇഷ്ടപ്പെടും. എന്നിട്ട് ആകാശ ലോകത്തിലുള്ളവരോട് പറയും തീർച്ചയായും അല്ലാഹു ഇന്നയാളെ ഇഷ്ടപ്പെടുന്നു. നിങ്ങളും അയാളെ ഇഷ്ടപ്പെടുക. അങ്ങനെ ആകാശലോകത്തുള്ളവർ അയാളെ ഇഷ്ടപ്പെടും. പിന്നെ അയാൾക്ക് ഭൂമിയിൽ സ്വീകാര്യത ലഭിക്കും. (ഹദീസ് ബുഖാരി, മുസ്ലിം).


back to top