സൂറത്തുൽ ഇഖ്‌ലാസ്: ഒരു ഖുർആനിക ഏകദൈവത്വ വിളംബരം

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 20/07/2018
വിഷയം: സൂറത്തുൽ ഇഖ്‌ലാസ്

പരിശുദ്ധ ഖുർആനിലെ 112ാം അധ്യായമാണ് 'ഖുൽ ഹുവല്ലാഹു അഹദ്' എന്ന് തുടങ്ങുന്ന സൂറത്തുൽ ഇഖ്‌ലാസ്. കേവലം നാലു സൂക്തങ്ങൾ മാത്രമുള്ള, മക്കയിൽ അവതരിച്ച ഈ സൂറത്ത് കളങ്കവും കളർപ്പുമില്ലാത്ത വിധം ശുദ്ധമായ ഇസ്ലാമിക ഏകദൈവവിശ്വാസമാണ് പ്രഖ്യാപിക്കുന്നത്. അതു കൊണ്ടുതന്നെ ഇഖ്‌ലാസ് (നിഷ്‌കളങ്കത) എന്ന പേരിൽ അറിയപ്പെടുന്നു. പരിപാവന ഇസ്ലാമിന്റെ അടിസ്ഥാന സിദ്ധാന്തമായ ദൈവേകത്വത്തെ മഹാജ്ഞാനമായി സമർത്ഥിക്കുന്നതിനാൽ സൂറത്തു ത്തൗഹീദ് (ഏകദൈവ സിദ്ധാന്തം), അസാസ് (അടിത്തറ), മഅ്‌രിഫ (വിജ്ഞാനം) എന്നീ പേരുകളിലും ഈ ഖുർആനിക അധ്യായം പരിചയപ്പെടുത്തപ്പെടുന്നു.

ഹ്രസ്വമെങ്കിലും പാരായണത്തിന് മഹത്തായ ശ്രേഷ്ഠഗുണങ്ങളുള്ള സൂറത്താണ് ഇഖ്‌ലാസ്. ഒരിക്കൽ പ്രവാചകർ മുഹമ്മദ് നബി (സ്വ) ഉഖ്ബത്തു ബ്‌നു ആമിറി (റ)നോട് പറയുകയുണ്ടായി: ഞാൻ നിനക്ക് കുറച്ചു സൂറത്തുകൾ പഠിപ്പിച്ചുതരാം, അതുപോലോത്തത് തൗറാത്തിലും ഇഞ്ചീലിലും സബൂറിലും അവതരിച്ചിട്ടില്ല, മാത്രമല്ല ഖുർആനിൽ പോലും അതുപോലെ മറ്റൊന്നുമില്ല. താങ്കൾ എല്ലാ രാത്രിയിലും അവ പാരായണം ചെയ്യണം: സൂറത്തുൽ ഇഖ്‌ലാസ്, സൂറത്തുൽ ഫലഖ്, സൂറത്തു ന്നാസ് എന്നിവയാണവ (ഹദീസ് അഹ്മദ് 17915). സൂറത്തുൽ ഇഖ്‌ലാസ് ഖുർആനിന്റെ മൂന്നിലൊരു ഭാഗത്തിന് തുല്യമാണെന്ന് നബി (സ്വ) പഠിപ്പിച്ചിട്ടുണ്ട് (ഹദീസ് മുസ്ലിം 812, തുർമുദി 2899). അതായത് ഈ സൂറത്ത് പാരായണം ചെയ്തവന് ഖുർആനിന്റെ മൂന്നിലൊന്ന് പാരായണം ചെയ്തതിന്റെ കണക്കിന് പ്രതിഫലം ഇരട്ടിയായി നൽകപ്പെടുമെന്നർത്ഥം. മാത്രമല്ല, ആശയത്തിലും ആദർശത്തിലും പ്രസ്തുത സൂറത്ത് ഖുർആനിന്റെ മൂന്നിലൊന്ന് തന്നെയാണ്. സ്രഷ്ടാവായ അല്ലാഹുവിന്റെ ഗുണവിശേഷങ്ങൾ മാത്രമാണല്ലൊ ഈ ചെറു സൂറത്തിൽ പ്രതിപാദ്യമായിട്ടുള്ളത്.

അല്ലാഹുവിന്റെ ഏകത്വത്തെ വിളംബരം ചെയ്യുന്ന സൂറത്ത് പതിവായി പാരായണം ചെയ്യുന്നവന് അല്ലാഹുവിന്റെ ഇഷ്ടം സമ്പാദിക്കാനാവുമെന്നതിൽ സന്ദേഹിക്കാനില്ല. പ്രവാചക പത്‌നി ആയിശ (റ) പറയുന്നു: സ്വഹാബികളിലെ ഒരാൾ നമസ്‌ക്കാരത്തിൽ ഇമാമായി നിന്നാൽ സൂറത്തുൽ ഇഖ്‌ലാസ് ഓതിക്കൊണ്ടാണ് നമസ്‌ക്കാരം അവസാനിപ്പിച്ചിരുന്നത്. ഇക്കാര്യം സ്വഹാബികൾ നബി (സ്വ)യെ അറിയിച്ചപ്പോൾ പറയുകയുണ്ടായി: എന്തിനാണ് അങ്ങനെ ചെയ്യുന്നതെന്ന് അദ്ദേഹത്തോട് നിങ്ങൾ ചോദിക്കുക. അവർ അദ്ദേഹത്തോട് ചോദിച്ചപ്പോൾ മറുപടി പറയുകയുണ്ടായി: ഈ ഖുർആനിക അധ്യായം പരമ കാരുണികനായ അല്ലാഹുവിന്റെ വിശേഷങ്ങളാണ്. അവ ഉരുവിടാനാണ് എനിക്കിഷ്ടം. നബി (സ്വ) പറഞ്ഞു: അല്ലാഹു അദ്ദേഹത്തെ ഇഷ്ടപ്പെടുന്നുവെന്ന് അറിയിക്കുക (ഹദീസ് ബുഖാരി, മുസ്ലിം).

സൂറത്തുൽ ഇഖ്‌ലാസിനെ ഇങ്ങനെ സംഗ്രഹിക്കാം: “നബിയേ, പ്രഖ്യാപിക്കുക അവൻ ഏകനായ അല്ലാഹുവാകുന്നു. സർവ്വ സൃഷ്ടികളുടെയും ആശ്രയം. അവൻ ആർക്കെങ്കിലും ജന്മം നൽകുകയോ ആരുടെയെങ്കിലും സന്തതിയായി ജനിക്കുകയോട ചെയ്തിട്ടില്ല. അവന് തുല്യമായി ഒരാളും ഇല്ല തന്നെ”.

അല്ലാഹു ഏകാരാധ്യനാണ്. അവന് പങ്കാളികളില്ല. അവൻ സ്രഷ്ടാവ്. ബാക്കിയെല്ലാം സൃഷ്ടികൾ. ഏകത്വം അവന്റെ പരമമായ വിശേഷഗുണവുമാണ്. അവനല്ലാതെ ഒരു ആരാധ്യനുമില്ലെന്ന ആശയാദർശത്തിലധിഷ്ഠിതമായ മനുഷ്യജീവിതം ചിട്ടപ്പെടുത്താനാണല്ലൊ അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചത്.

അല്ലാഹു സർവ്വതിന്റെയും ആശ്രയമാണ്. അവന് ഒന്നിനെയും ആശ്രയിക്കേണ്ടതില്ല. എല്ലാവരും അവനോട് തേടുന്നു, പ്രാർത്ഥിക്കുന്നു. അവൻ അവരുടെ വിളി കേൾക്കുകയും ഉത്തരം നൽകുകയും ചെയ്യുന്നു. അല്ലാഹു തന്നെ ഖുർആനിലൂടെ ചോദിക്കുന്നുണ്ട്: അതോ പ്രതിസന്ധിയിലകപ്പെട്ടവൻ പ്രാർത്ഥിച്ചാൽ അവനു ഉത്തരമേകുകയും കഷ്ടപ്പാട് ദൂരീകരിക്കുകയും ഭൂമിയിൽ നിങ്ങളെ പ്രതിനിധികളാക്കുകയും ചെയ്യുന്നവനോ ഉദാത്തൻ? അല്ലാഹുവൊന്നിച്ച് ഏതെങ്കിലും ആരാധ്യൻ ഉണ്ടോ? (സൂറത്തു ന്നംല് 62). ഇല്ല, അവൻ മാത്രമാകുന്നു ആരാധനക്ക് അർഹനും വിളിക്കുത്തരം നൽകുന്നവനും. പ്രവഞ്ചത്തിലെ സകലതും അവനിലേക്ക് മാത്രമാണ് അഭയം പ്രാപിക്കുന്നത്. 'ആകാശ ഭൂമിയിലുള്ളവർ അവനോട് അപേക്ഷിച്ചുകൊണ്ടിരിക്കുന്നു' (ഖുർആൻ, സൂറത്തു റഹ്മാൻ 29). ചോദിക്കുകയാണെങ്കിൽ അല്ലാഹുവിനോട് ചോദിക്കണമെന്നാണല്ലൊ പ്രവാചകാധ്യാപനം (ഹദീസ് തുർമുദി 2516). മനുഷ്യന്റെ പ്രാർത്ഥനകളിൽ ശ്രേഷ്ഠമായത് ദൈവത്തിന്റെ ശ്രേഷ്ഠ നാമങ്ങളായ 'ഇസ്മുൽ അഅ്‌സം' വിളിച്ചുകൊണ്ടുള്ള പ്രാർത്ഥനയാണ്. സൂറത്തുൽ ഇഖ്‌ലാസ് അല്ലാഹു എന്നതും അസ്മാഉൽ ഹുസ്‌നായിലെ അഹദ് (ഏകൻ), സ്വമദ് (എല്ലാവരും ആശ്രയിക്കുന്നവൻ) എന്നീ രണ്ട് സവിശേഷ നാമങ്ങളും ഉൾക്കൊള്ളുന്നതാണ്. ഒരാൾ പ്രസ്തുത സൂറത്തിലെ അല്ലാഹുവിന്റെ നാമങ്ങളും വിശേഷങ്ങളും ചൊല്ലി പ്രാർത്ഥിക്കുന്നത് കേൾക്കാനിടയായ പ്രവാചകർ നബി (സ്വ) പറഞ്ഞു: അല്ലാഹുവാണേ സത്യം, നിശ്ചയം ഇയാൾ അല്ലാഹുവോട് അവന്റെ അതിമഹത്തായ നാമം ഉച്ചരിച്ചാണ് ചോദിച്ചിരിക്കുന്നത്. ആ നാമം കൊണ്ട് ഒരുത്തൻ അല്ലാഹുവോട് പ്രാർത്ഥിച്ചാൽ അവൻ ഉത്തരം നൽകിയിരിക്കും, ചോദിച്ചാൽ നൽകിയിരിക്കും (ഹദീസ് തുർമുദി 392/5).

അല്ലാഹുവിന് ഇണയില്ല, മക്കളില്ല, മാതാപിതാക്കളില്ല. അവൻ ഒറ്റയാണ്. അവനെ ആരും പ്രസവിച്ചതല്ല. അവൻ ആരെയും പ്രസവിച്ചിട്ടുമില്ല. അല്ലാഹു തന്നെ പ്രഖ്യാപിക്കുന്നുണ്ട്: നമ്മുടെ നാഥന്റെ മഹത്വം അത്യുന്നതമാകുന്നു, അവൻ സഹധർമിണിയെയോ സന്താനത്തെയോ വരിച്ചിട്ടില്ല (ഖുർആൻ, സൂറത്തുൽ ജിന്ന് 03).

അവന് തുല്യമായി സൃഷ്ടികളിൽ ഒന്നുമേയില്ല. 'അവനെപ്പോലെ വേറെയൊന്നും തന്നെയില്ല' (ഖുർആൻ, സൂറത്തു ശ്ശൂറാ 11). അവനല്ലാതെ വേറെയൊരാളും ഈ സൃഷ്ടി സംവിധാനങ്ങളിൽ പങ്കാളിയല്ല. ആരും തന്നോട് അവനോട് ഒരുതരത്തിലും സദൃശ്യമാവുന്നുമില്ല. വിശുദ്ധ ഖുർആനിലൂടെ അല്ലാഹു ആധികാരികമായി ചോദിക്കുന്നുണ്ട് : അതോ കരയിലെയും കടലിലെയും ഇരുട്ടുകളിൽ നിങ്ങൾക്ക് വഴികാട്ടുകയും തന്റെ കാരുണ്യം അയക്കും മുമ്പേ സന്തോഷസൂചകമായി കാറ്റടിപ്പിക്കുകയും ചെയ്യുന്നവനോ ഉത്തമൻ? അതോ ബഹുദൈവങ്ങളോ? അല്ലാഹുവൊന്നിച്ച് വേറെയേതെങ്കിലും ആരാധ്യനുണ്ടോ? അവർ പങ്കാളികളാക്കുന്നതിൽ നിന്നൊക്കെ അല്ലാഹു മഹോന്നതനത്രേ. അതോ സൃഷ്ടികർമ്മം തുടങ്ങിവെച്ച് പിന്നീട് ആവർത്തിക്കുകയും അന്തരീക്ഷത്തിലും ഭൂമിയിലും നിന്ന് നിങ്ങൾക്ക് ആഹാരം തരികയയയും ചെയ്യുന്നവനോ ഉദാത്തൻ? അതോ ബഹുദൈവങ്ങളോ? അല്ലാഹുവൊന്നിച്ച് വേറെ ഏതെങ്കിലും ആരാധ്യനുണ്ടോ? (സൂറത്തു ന്നംല് 63, 64). അല്ലാഹുവിന് പങ്കാളിയും മാതാപിതാക്കളും മക്കളുമുണ്ടെന്ന് വാദിക്കുന്നവർക്കുള്ള ദൈവിക മറുപടി തന്നെയാണ് ഈ ശ്രേഷ്ഠ സൂറത്ത്.

സൂറത്തുൽ ഇഖ്‌ലാസ് ഉറങ്ങുന്ന നേരവും ഉണർന്നാലും, പ്രഭാതത്തിലും പ്രദോഷത്തിലും പാരായണം ചെയ്താൽ സകല വിപത്തുകളിൽ നിന്നും ദുഷ്ടത്തരങ്ങളിൽ നിന്നുമുള്ള ദൈവിക സുരക്ഷയുണ്ടാവുമെന്ന് നബി (സ്വ) പഠിപ്പിക്കുന്നു. അബ്ദുല്ലാ ബ്‌നു ഖുബൈബ് (റ) റിപ്പോർട്ട് ചെയ്യുന്നു: ഒരിക്കൽ നബി (സ്വ) എന്നോടു പറഞ്ഞു: നീ പറയുക. ഞാൻ ചോദിച്ചു: ഞാൻ എന്താണ് പറയേണ്ടത്? അപ്പോൾ പറഞ്ഞു: രാവിലെയും വൈകുന്നേരവും സൂറത്തുൽ ഇഖ്‌ലാസും സൂറത്തുൽ ഫലഖും സൂറത്തുന്നാസും മൂന്നുപ്രാവശ്യം ഓതുക. എന്നാൽ നിനക്കു അതു തന്നെ മതി (ഹദീസ് അബൂ ദാവൂദ് 5072, തുർമുദി 3575, നസാഈ 5428). നബി (സ്വ) തങ്ങളുടെ ഒരു ദിവസം അവസാനിക്കുന്നത് ഈ മൂന്നു സൂറത്തുകൾ പാരായണം ചെയ്ത് കൊണ്ടായിരുന്നു. നബി (സ്വ) എല്ലാ രാത്രിയും ഉറങ്ങുന്ന നേരത്ത് രണ്ടു കൈകളും കൂട്ടിപ്പിടിച്ച് ഈ മൂന്നു സൂറത്തുകൾ ഓതി കൈകളിൽ ഊതി തല മുതൽ ശരീരമാസകലം തടവുമായിരുന്നെന്നും ഇപ്രകാരം മൂന്നുപ്രാവശ്യം ചെയ്തിരുന്നുവെന്നും ആയിശ (റ) സാക്ഷ്യപ്പെടുത്തുന്നു (ഹദീസ് ബുഖാരി 5017). നബി (സ്വ) വിത്വ് ർ നമസ്‌ക്കാരത്തിലെ മൂന്നാം റക്അത്തിലും സുബ്ഹിന് മുമ്പുള്ള സുന്നത്ത് നമസ്‌ക്കാരത്തിലെ രണ്ടാം റക്അത്തിലും സൂറത്തുൽ ഇഖ്‌ലാസ് പതിവായി ഓതാറുണ്ടായിരുന്നു.

സൂറത്തുൽ ഇഖ്‌ലാസ് ഓതുന്നവനുള്ള സമ്മാനം സ്വർഗം തന്നെയാണ്. അബൂ ഹുറൈറ (റ) പറയുന്നു: ഒരിക്കൽ ഒരാൾ സൂറത്തുൽ ഇഖ്‌ലാസ് ഓതുന്നത് നബി (സ്വ) കേട്ടപ്പോൾ പറയുകയുണ്ടായി: 'നിർബന്ധമായി'. അയാൾ ചോദിച്ചു: എന്ത് നിർബന്ധമായി? നബി (സ്വ): സ്വർഗം (ഹദീസ് തുർമുദി 2897, നസാഈ 994). ഈ സൂറത്തിനെ ഇഷ്ടപ്പെടുന്നുവെന്ന് പറഞ്ഞ സ്വഹാബിയോട് നബി (സ്വ) പറഞ്ഞത്: നിന്റെ ഇഷ്ടം നിന്നെ സ്വർഗത്തിലെത്തിക്കുമെന്നാണ് (ഹദീസ് തുർമുദി 2901).

back to top