അബ്ദുല്ലാ ബ്‌നു മസ്ഊദ് (റ): ചരിത്രത്തിൽ നിന്നൊരു മാതൃകാ അധ്യാപകൻ

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്

തീയ്യതി: 07/09/2018
വിഷയം: അബ്ദുല്ലാ ബ്‌നു മസ്ഊദ് (റ)


അറബ് ഐക്യ നാടുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പുതിയൊരു അധ്യായന വർഷം ആരംഭിച്ചിരിക്കുകയാണല്ലൊ. ശാസ്ത്രവും നൂതന വിദ്യകളും അതിശ്രീഘം വളർന്നുക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ വിദ്യാർത്ഥികൾ തന്നെയാണ് നാടിന്റെയും സമൂഹത്തിന്റെയും വർത്തമാന ഭാവി വാഗ്ദാനങ്ങൾ. ഈ അധ്യായന വർഷം വിജയത്തിന്റെയും മികവിന്റെയും വർഷമായി ഭവിക്കട്ടെയെന്ന് ആശംസിക്കാം, പ്രാർത്ഥിക്കാം.

വിദ്യ സർവ്വധനാൽ പ്രധാനമാണ്. വരുമാനങ്ങളിൽ വെച്ച് ഏറ്റവും ഉപകാരപ്രദമായതും വിദ്യ തന്നെ. മനുഷ്യശരീരത്തിന്റെ ദാഹം തീർക്കുന്നത് വെള്ളമാണെങ്കിൽ ആത്മാവിന്റെ ദാഹം തീർക്കുന്നത് വിജ്ഞാനമാണ്. ആ വിജ്ഞാനമാണ് വിജയനിദാനമായി സന്മാർഗദർശനം സാധ്യമാക്കുന്നതും. നബി (സ്വ) വിജ്ഞാനത്തെ വെള്ളത്തോട് ഉപമിച്ചതായി ബുഖാരി, മുസ്ലിം ഹദീസുകളിൽ കാണാം. വിജ്ഞാനം ഐഹികവും പാരത്രികവുമായ സൗഭാഗ്യങ്ങൾ വരുത്തുകയും ചെയ്യും. അല്ലാഹു പറയുന്നു: നിങ്ങളിൽ നിന്ന് സത്യവിശ്വാസം വരിച്ചവരെയും അറിവ് നൽകപ്പെട്ടവരെയും അല്ലാഹു ഏറെ പദവികൾ ഉയർത്തുന്നതാണ്. നിങ്ങൾ അനുവർത്തിക്കുന്നവയെക്കുറിച്ച് സൂക്ഷ്മജ്ഞാനിയാണ് അല്ലാഹു (ഖുർആൻ, സൂറത്തുൽ മുജാദില 11). വിദ്യാസമ്പാദനത്തിനായി ജീവിതം മാറ്റിവെച്ചവരായിരുന്നു പ്രവാചകനാനുചരന്മാർ. അവരിൽ പലരും പണ്ഡിതകുലപതികളായിരുന്നു. സ്വഹാബി പണ്ഡിതന്മാരിൽ പ്രഗത്ഭനാണ് അബ്ദുല്ലാ ബ്‌നു മസ്ഊദ് (റ). ഈ അധ്യായന വർഷാരംഭ വേളയിൽ ജ്ഞാനാർജ്ജനം ജീവിതസപര്യയാക്കിയ മഹാനവർകളെ സ്മരിക്കാം.

അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരു പോലെ മാതൃകയാക്കാവുന്ന മഹത് വ്യക്തിത്വത്തിനുടമയായിരുന്നു അബ്ദുല്ലാ ബ്‌നു മസ്ഊദ് (റ). ഇസ്ലാമിന്റെ പ്രാരംഭ പ്രചരണ ഘട്ടത്തിൽ സത്യമതത്തിലേക്ക് കടന്നുവന്ന അദ്ദേഹം തന്നെ സാക്ഷ്യപ്പെടുത്തുന്നു: ഞാൻ ഇസ്ലാം മതം സ്വീകരിക്കുമ്പോൾ വെറും ആറുപേർ മാത്രമേ മുസ്ലിമായിട്ടുണ്ടായിരുന്നുള്ളൂ (ഇബ്‌നു ഹബ്ബാൻ 7062). വിത്യസ്ത വിജ്ഞാനശാഖകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മഹാൻ ബഹുമുഖ പ്രതിഭ കൂടിയായിരുന്നു. ധാരാളം ഹദീസുകളും വിവരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഖുർആൻ വ്യാഖ്യാന രംഗത്തും ഇസ്ലാമിക കർമ്മശാസ്ത്ര രംഗത്തും പ്രാഗത്ഭ്യം തെളിയിച്ചിട്ടുമുണ്ട്. മക്കയിൽ ആദ്യമായി ഖുർആൻ ഉറക്കെ പാരായണം ചെയ്തത് ഈ സ്വഹാബിവര്യൻ തന്നെയായിരുന്നു.

മുഴുസമയ വിജ്ഞാനദാഹിയായിരുന്ന അബ്ദുല്ലാ ബ്‌നു മസ്ഊദി (റ)ന്റെ പ്രധാനാധ്യാപകൻ പ്രവാചകർ മുഹമ്മദ് നബി (സ്വ)യായിരുന്നു. അദ്ദേഹം തന്നെ പറയുന്നുണ്ട്: ഒരു ദിവസം നബി (സ്വ)യും അബൂബക്കർ സിദ്ധീഖും (റ) വരികയുണ്ടായി. അപ്പോൾ ഞാൻ പറഞ്ഞു: തിരുദൂതരേ, എനിക്ക് വല്ലതും പഠിപ്പിച്ചുത്തരണം. നബി (സ്വ) എന്റെ തലയിൽ തടവിക്കൊണ്ട് പറഞ്ഞു അല്ലാഹു നിനക്ക് കാരുണ്യം വർഷിക്കട്ടെ, തീർച്ചയായും നീ വിജ്ഞാനം കനിഞ്ഞേകപ്പെടുന്ന വിദ്യാർത്ഥിയാണ് (കിതാബുൽ ത്വബഖാത്തുൽ കുബ്‌റാ 3/112, സിയറു അഅലാമുൽ നുബലാഅ് 3/284). നബി (സ്വ)യുടെ ആ പ്രാർത്ഥനയുടെ പുണ്യമാണ് അബ്ദുല്ലാ ബ്‌നു മസ്ഊദ് (റ) അനുഭവിച്ചത്. വൈജ്ഞാനിക മേഖലയിൽ പടുവൃക്ഷമായി വളരുകയായിരുന്നു പിന്നീടങ്ങോട്ട്.

നബി (സ്വ)യിൽ നിന്ന് തിരുചര്യകൾ ഉൾക്കൊള്ളാനും വിജ്ഞാനീയങ്ങൾ കരഗതമാക്കാനും കൂടെ തന്നെ നടന്നിരുന്നു. ഈ വിജ്ഞാന താൽപര്യം മനസ്സിലാക്കിയ തിരുമേനി (സ്വ) അദ്ദേഹത്തെ അടുപ്പിക്കുകയും കൂടെക്കൂട്ടുകയും ചെയ്തിരുന്നു. അബൂമൂസൽ അശ്ഹരി (റ) പറയുന്നു: ഞാനും സഹോദരനും മദീനയിലേക്ക് വന്നപ്പോൾ വിചാരിച്ചിരുന്നത് അബ്ദുല്ലാ ബ്‌നു മസ്ഊദും (റ) അദ്ദേഹത്തിന്റെ ഉമ്മയും നബി (സ്വ) യുടെ അടുത്ത കുടുംബക്കാരെന്നായിരുന്നു. കാരണം അവർ അധിക സമയവും നബി (സ്വ)യോടൊപ്പമായിരുന്നു (ഹദീസ് ബുഖാരി, മുസ്ലിം). യഥാർത്ഥ ഉറവിടങ്ങളിൽ നിന്ന് തന്നെ വിജ്ഞാനീയങ്ങൾ ശേഖരിക്കാൻ ബദ്ധശ്രദ്ധാലുവായിരുന്നു അദ്ദേഹം. നബി (സ്വ)യിൽ നിന്ന് നേരിട്ട് എഴുപത് ഖുർആനിക അധ്യായങ്ങ്ൾ പഠിച്ചിട്ടുണ്ടെന്നും അക്കാര്യത്തിൽ ഒരാൾക്കും തന്നോട് മത്സരിക്കാനാവില്ലെന്നും അദ്ദേഹം തന്നെ മൊഴിഞ്ഞിട്ടുണ്ട് (ഹദീസ് അഹ്്മദ് 3598, 3599).

വിജ്ഞാനം സമ്പാദിക്കുക മാത്രമല്ല, സമ്പാദിച്ച വിജ്ഞാനങ്ങൾ കൂടുതൽ കൂടുതൽ ഫലവത്താക്കാനും കിടഞ്ഞുശ്രമിച്ചിരുന്നു ഈ പണ്ഡിതവര്യൻ. അബ്ദുല്ലാ ബ്‌നു മസ്ഊദ് (റ) തന്നെ പറയുന്നു: ദൈവിക ഗ്രന്ഥമായ ഖുർആനിലെ ഏതൊരു അധ്യായം അവതീർണമായാലും എനിക്കറിയാം അതെവിടെ അവതരിച്ചു, എന്തിന് അവതരിച്ചു എന്നെല്ലാം. ഖുർആനിന്റെ കാര്യത്തിൽ എന്നെക്കാൾ മറ്റൊരാൾക്ക് ജ്ഞാനമുണ്ടെന്നറിഞ്ഞാൽ അത് പഠിക്കാൻ ഒട്ടകം കയറിയെങ്കിലും അയാൾക്കടുത്ത് എത്തുമായിരുന്നു (ഹദീസ് ബുഖാരി, മുസ്ലിം).

പഠിക്കുക മാത്രമല്ല, പഠിച്ചത് അനുസരിച്ച് പ്രവർത്തിക്കാനും നബിചര്യ അനുധാവനം ചെയ്യാനും അതീവശ്രദ്ധ പുലർത്തിയിരുന്നു അബ്ദുല്ലാ ബ്‌നു മസ്ഊദ് (റ). ഇബ്‌നു ഉമ്മി അബ്ദിനേക്കാൾ നബിചര്യയിൽ കണിഷത പാലിക്കുന്ന ഒരാളെയും അറിയില്ലെന്ന് ഹുദൈഫത്തുൽ യമാനി (റ) സാക്ഷ്യപ്പെടുത്തുന്നുണ്ട് (ഹദീസ് ബുഖാരി 3762). ഇബ്‌നു ഉമ്മി അബ്ദ് എന്നത് അബ്ദുല്ലാ ബ്‌നു മസ്ഊദി (റ)ന്റെ അപര നാമമാണ്. ഭാഷണത്തിലും വിധിന്യായത്തിലും നടപ്പിലും നബി (സ്വ)യോട് ഏറ്റവും കൂടുതൽ സാദൃശ്യമുള്ളതും മഹാനവർകൾക്കാണെന്നും ഹുദൈഫ (റ) അഭിപ്രായപ്പെട്ടിട്ടുണ്ട്.

ദൃഢജ്ഞാനമുണ്ടായിരുന്ന അബ്ദുല്ലാ ബ്‌നു മസ്ഊദി (റ)നെ നബി (സ്വ) ഏറെ ഇഷ്ടപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ഖുർആൻ പാരായണം ശ്രദ്ധിക്കാൻ താൽപര്യവും പ്രകടിപ്പിച്ചിരുന്നു. ഒരിക്കൽ നബി (സ്വ) അദ്ദേഹത്തോട് ഖുർആൻ ഓതിക്കൊടുക്കാൻ പറയുകയുണ്ടായി. അദ്ദേഹം പറഞ്ഞു: ഞാൻ അങ്ങക്ക് ഓതിത്തരികയോ?  അങ്ങയ്ക്കാണല്ലൊ പരിശുദ്ധ ഖുർആൻ ഇറങ്ങിയത്! അപ്പോൾ നബി (സ്വ) പറഞ്ഞു: മറ്റൊരാളിൽ നിന്ന് ഖുർആൻ കേൾക്കാനാണ് എനിക്കിഷ്ടം. അങ്ങനെ അദ്ദേഹം സൂറത്തുന്നിസാഇലെ ആദ്യഭാഗം മുതൽ കേൾപ്പിക്കാൻ തുടങ്ങി. 'നബിയേ, എല്ലാ സമുദായത്തിൽ നിന്നും ഓരോ സാക്ഷിയെയും അവർക്കു സാക്ഷിയായി താങ്കളെയും നാം ഹാജറാക്കുമ്പോൾ എന്തായിരിക്കും സ്ഥിതി' എന്ന് പ്രതിപാദിക്കുന്ന 41ാം സൂക്തം പാരായണം ചെയ്തപ്പോൾ നബി (സ്വ) നിർത്താൻ പറഞ്ഞു. നബി (സ്വ)യുടെ ഇരു കണ്ണുകളിൽ നിന്നും കണ്ണുനീർ ഒലിക്കുന്നുണ്ടായിരുന്നു (ഹദീസ് ബുഖാരി, മുസ്ലിം). അബ്ദുല്ലാ ബ്‌നു മസ്ഊദി (റ)ൽ നിന്ന് ഖുർആൻ പഠിക്കാനാണ് നബി (സ്വ) സ്വഹാബികളോട് നിർദേശിച്ചിരുന്നത്. നബി (സ്വ) പറയുന്നു: നിങ്ങളിലാരെങ്കിലും ഖുർആൻ അവതീർണമായത് പ്രകാരം പച്ചയായി ഓതാൻ ആഗ്രഹിക്കുന്നുവെങ്കിൽ അബ്ദുല്ലാ ബ്‌നു മസ്ഊദ് പാരായണം ചെയ്ത പ്രകാരം പാരായണം ചെയ്യുക (ഹദീസ് ഇബ്‌നുമാജ 138, അഹ്മദ് 35).

വിജ്ഞാനം തന്നെയാണ് ഈ പണ്ഡിതശ്രേഷ്ഠനെ ഉത്തുംഗതിയിലേക്കെത്തിച്ചത്. ജ്ഞാനപാത്രമെന്നാണ് മഹാനവർകളെ ഉമർ (റ) വിശേഷിപ്പിച്ചത്. ഉമർ (റ) ഖലീഫയായിരുന്ന കാലത്ത് ഇബ്‌നു മസ്ഊദി (റ)നെ കൂഫയിലേക്ക് നിയോഗിച്ചുക്കൊണ്ട് അവിടത്തെ ജനങ്ങളിലേക്ക് എഴുതുകയുണ്ടായി: 'അല്ലാഹുവാണേ സത്യം, ഞാൻ നിങ്ങൾക്ക് വേണ്ടി അദ്ദേഹത്തെ തെരഞ്ഞെടുത്തിരിക്കുകയാണ്, നിങ്ങൾ അദ്ദേഹത്തിൽ നിന്ന് സ്വീകരിക്കുക'.

പഠിതാക്കളോട് മൃദുവായി പെറുമാറിയിരുന്ന ആ മാതൃകാ അധ്യാപകൻ സൽഗുണ സമ്പന്നനുമായിരുന്നു. ഒരിക്കൽ കുറച്ചാളുകൾ അലിയ്യ് ബ്‌നു അബൂത്വാലിബി (റ)ന്റെ അടുക്കൽ ഒരുമിച്ചു കൂടുകയുണ്ടായി. അവർ അഭിപ്രായപ്പെട്ടു: ഞങ്ങൾ അബ്ദുല്ലാ ബ്‌നു മസ്ഊദിനെ പോലെ സൽസ്വഭാവത്തോടെ പെരുമാറുന്ന, ലാളിത്യത്തോടെ പഠിപ്പിക്കുന്ന, സൂക്ഷ്മത പാലിക്കുന്ന, നന്നായി കൂട്ടുകൂടുന്ന ഒരാളെയും കണ്ടിട്ടില്ല. അപ്പോൾ അലി (റ) പറഞ്ഞു: അല്ലാഹുവിനെ ഞാൻ സാക്ഷിയാക്കുന്നു, ഇവർ പറഞ്ഞതോ അതല്ലെങ്കിൽ അതിലും കൂടുതലോ മാത്രമേ എനിക്കും അദ്ദേഹത്തെക്കുറിച്ച് പറയാനുള്ളൂ (മുസ്വന്നഫു അബൂശൈബ 32241).

ഉള്ളും പുറവും ഒരുപോലെ പരിശുദ്ധവും പരിമളവുമായിരുന്നു ഇബ്‌നു മസ്ഊദി (റ)ന്റേത്. നല്ല വസ്ത്രം ധരിക്കുകയും മുന്തിയ സുഗന്ധം പൂശുകയും ചെയ്തിരുന്നു. ആ സുഗന്ധത്താൽ ഇരുട്ടത്ത് പോലും അദ്ദേഹത്തെ തിരിച്ചറിയാമായിരുന്നു. ഈ അമര പാണ്ഡിത്യം, സ്വഭാവ വൈശിഷ്ടം, വൈജ്ഞാനിക സൗരഭ്യം, പ്രത്യക്ഷ്യ ഗാംഭീര്യം മുതലായവ കാരണത്താൽ എല്ലാവരും അദ്ദേഹത്തിൽ നിന്ന് അറിവ് നുകരാനെത്തുമായിരുന്നു. ആ വാക്കുകൾ എത്ര കേട്ടാലും ആർക്കും മടുപ്പ് വരികയില്ല. വീണ്ടും വീണ്ടും കേൾക്കണമെന്ന് തോന്നുന്ന മതിപ്പ് തീരാത്ത പഠനക്ലാസ്സുകളാണ് അദ്ദേഹത്തിന്റെ പ്രത്യേകത. അദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന അബ്ദുല്ലാ ബ്‌നു മിർദാസ് (റ) പറയുന്നു: 'അബ്ദുല്ലാ ബ്‌നു മസ്ഊദ് (റ) ഞങ്ങൾക്ക് എല്ലാ വ്യാഴാഴ്ചകളിലും ക്ലാസ്സെടുത്തിരുന്നു. വിജ്ഞാനമുത്തുകൾ ഞങ്ങളിലേക്ക് ഇട്ടുതരും. നിർത്തുന്ന സമയമായാൽ ശാന്തനാവും. എന്നാൽ ഞങ്ങൾ ഇനിയും കൂടുതൽ കാര്യങ്ങൾ പഠിപ്പിച്ചുതരണമെന്ന ആഗ്രഹത്താൽ ഇരിക്കുമായിരുന്നു'. ചുരുക്കത്തിൽ ചരിത്രം കണ്ട മാതൃകാ അധ്യാപനായിരുന്നു അബ്ദുല്ലാ ബ്‌നു മസ്ഊദ് (റ).

back to top