ഭക്ഷണം മഹാ അനുഗ്രഹം പാഴാക്കരുത്, ധൂർത്തടിക്കരുത്



യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
---മൻസൂർ ഹുദവി കളനാട്---
തീയ്യതി: 19/01/2018
വിഷയം: ഭക്ഷണം അനുഗ്രഹം

ആന്തരികമായും ബാഹികമായും അല്ലാഹു സൃഷ്ടികൾക്കൊരുക്കിയ അനുഗ്രഹങ്ങൾ അനവധിയാണ്. കാഴ്ചയിൽപ്പെടുന്നതും അനുഭവഭേദ്യമായതും അല്ലാത്തതുമായ ജീവൽ ജൈവ ഘടനകൾ സംവിധാനിച്ചിരിക്കുന്ന സൃഷ്ടാവെത്ര മഹോന്നതൻ !!! അവന്റെ അനുഗ്രഹങ്ങൾ എണ്ണിത്തിട്ടപ്പെടുത്താനോ സെൻസസ് ചെയ്യാനോ ആർക്കുമാവില്ലെന്ന് അല്ലാഹു തന്നെ ഖുർആനിൽ വ്യക്തമാക്കിയിട്ടുണ്ട് (സൂറത്തു ന്നഹ്‌ല് :18).

സ്രഷ്ടാവ് സൃഷ്ടികൾക്കേകിയ അനുഗ്രഹങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഭക്ഷണം. ഭക്ഷണത്തിലൂടെയാണ് ജീവികൾ ഊർജം സംഭരിക്കുന്നത്. ഭക്ഷണത്തിലൂടെയാണ് അല്ലാഹു ശരീരഘടനയിലെ മാംസമജ്ജകൾക്കും സിരധമനികൾക്കും കോശങ്ങൾക്കും ആവശ്യമായ വകകൾ എത്തിക്കുന്നത്. സസ്യങ്ങൾക്ക് മണ്ണിലൂടെയും വെള്ളത്തിലൂടെയും അല്ലാഹു ധാതുലവണങ്ങൾ എത്തിച്ച് വളർത്തുകയും ചെയ്യുന്നു. അത്ഭുതകരമായ ഈ ഭക്ഷ്യസൗകര്യങ്ങൾ സംവിധാനിച്ചനുഗ്രഹിച്ച അല്ലാഹു മാത്രമാണ് അഭയവും നിർഭയവും നൽകുന്നത്. അല്ലാഹു പറയുന്നു: വിശപ്പിന് ഭക്ഷണം നൽകുകയും ഭയത്തിന് അഭയമേകുകയും ചെയ്തവനായ ഈ മന്ദിരത്തിന്റെ നാഥനെ അവർ ആരാധിച്ചുക്കൊള്ളട്ടെ (ഖുർആൻ, സൂറത്തു ഖുറൈശ് : 3,4).

എല്ലാ ജീവജാലങ്ങൾക്കും സമയാസമയം യോജ്യമായ അന്നപാനീയങ്ങളെത്തിക്കുന്ന പ്രവഞ്ചപരിപാലകനായ അല്ലാഹുവിന്റെ കഴിവിൽ മനുഷ്യൻ ചിന്തിക്കുകയും മഹത്വമംഗീകരിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു: എന്നാൽ മനുഷ്യൻ തന്റെ ഭക്ഷണത്തെപ്പറ്റി ചിന്തിച്ചുക്കൊള്ളട്ടെ, നാം ശക്തമായ മഴവെള്ളം  ചൊരിഞ്ഞുകൊടുത്തു.  പിന്നീട് നാം ഭൂമിയെ ഒരുതരത്തിൽ പിളർത്തി. എന്നിട്ട് അതിൽ നാം ധാന്യം മുളപ്പിച്ചു, മുന്തിരിയും പച്ചക്കറികളും ഒലീവും ഈത്തപ്പനയും. ഇടതൂർന്ന് നിൽക്കുന്ന തോട്ടങ്ങളും, പഴവർഗവും പുല്ലും. നിങ്ങൾക്കും നിങ്ങളുടെ കന്നുകാലികൾക്കും ഉപയോഗത്തിന് വേണ്ടി (ഖുർആൻ, സൂറത്തു അബസ 24:32).

വിത്യസ്ത ആകൃതികളിൽ, വിവിധങ്ങളായ നിറങ്ങളിൽ അല്ലാഹു ഭക്ഷണങ്ങളൊരുക്കിയിരിക്കുന്നു. ഗോതമ്പും ഈത്തപ്പഴവും ഒലീവും ഉറുമാൻപ്പഴവുമെല്ലാം...അങ്ങനെ പല രുചികളിൽ പലവിധ ധാന്യവിളകളും പഴവർഗങ്ങളും പച്ചക്കറികളും അല്ലാഹു പ്രകൃതിയിൽ മുളപ്പിച്ചതാണ്. കരയിൽ മാത്രമല്ല കടലിലും അല്ലാഹു ഭക്ഷ്യ വസ്തുക്കൾ സംവിധാനിച്ചിട്ടുണ്ട് : സമുദ്രത്തെ നിങ്ങൾക്ക് അധീനപ്പെടുത്തിത്തന്നിരിക്കുന്നതും അവനാണ്. നിങ്ങൾ അതിൽ നിന്ന് പുതിയ മാംസം ഭക്ഷിക്കുവാനും ധരിക്കാനുള്ള ആഭരണങ്ങൾ പുറത്തെടുക്കുവാനുമായി (ഖുർആൻ, സൂറത്തുന്നഹ്‌ല്  :14).

ഭക്ഷ്യയോഗ്യമായ മൃഗങ്ങളെയും അല്ലാഹു വളർത്തിത്തരികയും ചെയ്തു: നാൽകാലികളെ അവൻ നിങ്ങൾക്കുവേണ്ടി സൃഷ്ടിച്ചു. അവയിൽ ചൂടാക്കുന്ന സാധനങ്ങളും  മറ്റു പല പ്രയോജനങ്ങളുമുണ്ട്. ചിലതിന്റെ മാംസം നിങ്ങൾ തിന്നുകയും ചെയ്യുന്നു (ഖുർആൻ, സൂറത്തു ന്നഹ്‌ല് :05).

ശുദ്ധമായ സമ്പാദ്യത്തിലൂടെ നേടിയ അനുവദനീയമായ ഭക്ഷ്യപാനീയ പദാർത്ഥങ്ങളാണ് ഉപയോഗിക്കേണ്ടതെന്ന് അല്ലാഹു താക്കീത് ചെയ്യുന്നുമുണ്ട് : അല്ലാഹു തന്നതിൽ അനുവദനീയവും ഉത്തമവുമായത് നിങ്ങൾ ഭക്ഷിച്ചുകൊള്ളുക, നിങ്ങൾ വിശ്വാസമർപ്പിച്ചിരിക്കുന്ന അല്ലാഹുവിനെ സൂക്ഷിക്കുക (ഖുർആൻ, സൂറത്തുൽ മാഇദ: 88).

ഈ ഭക്ഷ്യാനുഗ്രഹങ്ങളൊക്കെയും കനിഞ്ഞേകിയ നാഥനോട് മനുഷ്യൻ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. അവൻ ഏകിയ ഉപജീവനഭക്ഷ്യങ്ങളിൽ നിന്ന് ഭക്ഷിക്കുകയും അവനോട് നന്ദി ചെയ്യുകയും ചെയ്യണമെന്ന് അല്ലാഹു തന്നെ കൽപ്പിക്കുന്നുണ്ട് (ഖുർആൻ, സൂറത്തു സബഅ് 15). ഈ അനുഗ്രഹങ്ങളെ നേരാംവണ്ണം ഉപഭോഗം ചെയ്യുകയും ഇവ ഏകിയ അല്ലാഹുവിന്റെ മഹത്വമംഗീകരിച്ച് നന്നായി നന്ദി ചെയ്യുകയും ചെയ്തവരാണ് അവന്റെ നബിമാർ. ഇബ്രാഹിം നബി (അ) അല്ലാഹുവിനെപ്പറ്റി പറഞ്ഞത് ഇങ്ങനെയാണ് : എനിക്ക് ആഹാരം തരികയും കുടിനീർ കുടിപ്പിക്കുകയും ചെയ്യുന്നവനാണ് അവൻ (ഖുർആൻ, സൂറത്തു ശുഅറാ: 79).

അന്ത്യപ്രവാചകർ മുഹമ്മദ് നബി (സ്വ) ഉറങ്ങാനൊരുങ്ങിയാൽ വിരിപ്പിൽ ഇരുന്ന് സർവ്വ സോത്രങ്ങളും സ്തുതികളും അല്ലാഹുവിന് അർപ്പിക്കും. സകല അനുഗ്രഹങ്ങൾക്കും നന്ദി പ്രകാശിപ്പിക്കുകയും ചെയ്യും. അതിൽ ആദ്യമായി എടുത്തുപ്പറയുന്ന അനുഗ്രഹം ഭക്ഷണമാണ്. സ്വഹാബി പ്രമുഖൻ അനസ് (റ) റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട് (ഹദീസ് മുസ്ലിം 2715).

ആഹരിക്കാനും വിസർജിക്കാനും ക്രമീകരണങ്ങൾ നടത്തിയ അല്ലാഹുവിന്റെ മഹത്വമറിഞ്ഞ് നന്ദി ചെയ്യുന്നതോടൊപ്പം ഭക്ഷ്യപദാർത്ഥങ്ങൾ എങ്ങനെ ചെലവഴിച്ചുവെന്ന് അല്ലാഹുവിങ്കൽ ചോദ്യം ചെയ്യപ്പെടുമെന്ന ബോധ്യവും വേണം. ഒരിക്കൽ നബി (സ്വ)യും സ്വഹാബികളുമുള്ള സദസ്സിൽ ഈത്തപ്പഴവും കാരക്കയും മാംസങ്ങളുമടങ്ങിയ ഭക്ഷണപ്പാത്രം കൊണ്ടുവരപ്പെട്ടു. എല്ലാവരും വയറുനിറയെ കഴിച്ചുകഴിഞ്ഞപ്പോൾ നബി (സ്വ) പറഞ്ഞു: അല്ലാഹുവാണേ സത്യം... ഈ അനുഗ്രഹങ്ങളിൽ നിങ്ങൾ  അന്ത്യനാളിൽ ചോദ്യം ചെയ്യപ്പെടും (ഹദീസ് തുർമുദി: 2369).

ഭക്ഷണത്തിന്റെ കാര്യത്തിൽ നാം മിതത്വം പാലിക്കേണ്ടിയിരിക്കുന്നു. അമിതവ്യയവും ധൂർത്തും തീരേ പാടില്ല. അല്ലാഹു പറയുന്നു: നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്യുക. അമിതമാക്കരുത്. അമിതമാക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നതേയല്ല (ഖുർആൻ, സൂറത്തുൽ അഅ്‌റാഫ് :31). ഈ ഖുർആനിക സൂക്തത്തിൽ എല്ലാ വൈദ്യവും അടങ്ങിയിട്ടുണ്ടെന്ന് മഹാന്മാർ വ്യക്തമാക്കുന്നു.

ഇബ്‌നു അബ്ബാസ് (റ) പറയുന്നു: നിങ്ങൾ ഇഷ്ടമുള്ളത് ഭക്ഷിക്കുക, നിങ്ങൾ ഇഷ്ടമുള്ളത് ധരിക്കുക. പക്ഷേ രണ്ടു കാര്യങ്ങളാണ് പിഴപ്പിക്കുന്നത് ഒന്ന് അമിതവ്യയം, മറ്റൊന്ന് ഭ്രമം (ബുഖാരി, വസ്ത്രധാരണയുടെ അധ്യായം).

നബി (സ്വ) ഭക്ഷണത്തിൽ നിന്ന് ഒന്നും ബാക്കിയാക്കുമായിരുന്നില്ല. അനസ് (റ) അരുളുന്നു: നബി (സ്വ) പറയുമായിരുന്നു: നിന്റെ ഭക്ഷണത്തിന്റെ ഏത് ഭാഗത്താണ് ബർക്കത്തുള്ളതെന്ന് നിനക്കറിയില്ല (ഹദീസ് അഹ്മദ് : 4514).

സാധിക്കുന്നവൻ ഭക്ഷണത്തിൽ നിന്ന് കുടുംബക്കാർക്കും ബന്ധുക്കൾക്കും നൽകുന്നത് വളരെ പുണ്യകരമാണ്. ഭക്ഷണകാര്യത്തിൽ അയൽവാസികളെ സഹായിക്കുകയും വേണം. ഒരിക്കൽ നബി (സ്വ) അബൂദറി (റ) നോട് പറയുകയുണ്ടായി: അബൂദറേ... നീ കറി പാചകം ചെയ്യുകയാണെങ്കിൽ അതിൽ കൂടുതൽ വെള്ളമൊഴിച്ച് നിന്റെ അയൽവാസികൾക്കുമെത്തിക്കണം (ഹദീസ് മുസ്ലിം : 2625).

അതുപോലെ സുഹൃത്തുക്കൾക്കും ഭക്ഷണം നൽകണം. പ്രവാചകരുടെ (സ്വ) പ്രിയ പത്‌നി ആഇശ (റ) പറയുന്നു: നബി (സ്വ) ആട് അറുത്താൽ അതിന്റെ മാംസം ഖദീജ ബീബിയുടെ സുഹൃത്തുകൾക്ക് വേണ്ടുവോളം നൽകുമായിരുന്നു (ഹദീസ് ബുഖാരി, മുസ്ലിം).

ഭക്ഷിച്ച് അധികം വരുന്ന ഭക്ഷണം കളയാതെ ആവശ്യമുള്ളവർക്ക് എത്തിച്ചുകൊടുക്കണം. നബി (സ്വ) പറയുന്നു: ഒരുത്തന്റെ പാഥേയത്തിൽ മിച്ചം വന്നാൽ പാഥേയമില്ലാത്തവന് അതൊരുക്കിക്കൊടുക്കണം (ഹദീസ് മുസ്ലിം : 1365). അത് വിശപ്പിന് ശമനവും ഭക്ഷണമെന്ന മഹാ അനുഗ്രഹത്തിനുള്ള നന്ദിയുമാണ്. ഭക്ഷണം ഭുജിച്ചുകഴിഞ്ഞാൽ അല്ലാഹുവിനെ സ്തുതിക്കണം. ആഹാരം കഴിച്ചാലും പാനീയം കുടിച്ചാലും സ്തുതികളർപ്പിക്കുന്നവനെ അല്ലാഹു തൃപ്തിപ്പെടുമെന്ന് നബി (സ്വ) പറഞ്ഞിട്ടുണ്ട് (ഹദീസ് മുസ്ലിം 2734).

ബാക്കിവരുന്ന ഭക്ഷണം കുപ്പത്തൊട്ടിയിൽ വലിച്ചെറിയരുത്. അത് ധൂർത്താണ്. ധൂർത്ത് അല്ലാഹു നിശിതമായി വിലക്കിയിരിക്കുന്നു. അധികഭക്ഷണം ഒരുമിച്ചുകൂട്ടി മൃഗങ്ങൾക്കും പക്ഷികൾക്കും ഭക്ഷിക്കാൻ സൗകര്യമൊരുക്കണം. അതും ഭക്ഷണം കൊണ്ട് ചെയ്യുന്ന പുണ്യമാണ്.

ഭക്ഷ്യസമ്പത്ത് നാടിന്റെ ഐശ്വര്യപ്രതീകമാണ്. രക്ഷിതാക്കളും അധ്യാപകരും ആ സമ്പത്ത് സംരക്ഷിക്കാനും അർഹരിലേക്ക് എത്തിക്കാനുള്ള സന്ദേശം വളർന്നു വരുന്ന തലമുറക്ക് കൈമാണം. നമ്മുക്കെല്ലാവർക്കും ആ യജ്ഞത്തിന്റെ ഭാഗമാവാം. നാഥൻ തുണക്കട്ടെ.. ആമീൻ
back to top