ദൈവൗദാര്യങ്ങൾ അനന്തം, പ്രവിശാലം

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 13/07/2018
വിഷയം: അല്ലാഹു വിശാലമാക്കുന്നവൻ

അല്ലാഹുവിന്റെ സവിശേഷ നാമങ്ങളായ അസ്മാഉൽ ഹുസ്‌നായിൽപ്പെട്ടതാണ് 'അൽ ബാസിത്വ്'. വിസ്തൃതമാക്കുന്നവൻ എന്നാണ് ബാസിത്വിന്റെ നിരുപാധിക വാക്കർത്ഥമെങ്കിലും, അനുഗ്രഹങ്ങളും സൗഭാഗ്യങ്ങളും വിശാലമാക്കുകയും സുദീർഘമാക്കുകയും ചെയ്യുന്നവനെന്നാണ് അല്ലാഹുവിലേക്ക് ചേർത്ത് വിവക്ഷിക്കപ്പെടുന്നത്. സ്രഷ്ടാവായ അല്ലാഹു അന്നദാതാവും ധാരാളമായി ഔദാര്യം ചെയ്യുന്നവനുമാണല്ലൊ. പ്രവഞ്ചത്തിലെ സകല വിഭവങ്ങളുടെയും ഖജനാവുകൾ അവന്റെ പക്കലാണ്. ഒരിക്കലും തീർന്നുപോവാത്ത അവന്റെ വിഭവസമാഹരത്തിൽ നിന്ന് അടിമകൾക്ക് യഥേഷ്ടം ദാനമായി നൽകുകയും ചെയ്യുന്നു. സൃഷ്ടിജാലങ്ങളെ പടക്കുകയും അവക്കുള്ള ഉപജീവനമാർഗങ്ങൾ ഒരുക്കുന്നതും അവൻ തന്നെ. അല്ലാഹു തന്നെ പരിശുദ്ധ ഖുർആനിലൂടെ വ്യക്തമാക്കുന്നു: ഭുവന വാനങ്ങളിലെ ഖജനാവുകൾ അല്ലാഹുവിന്റേതാണ് (സൂറത്തുൽ മുനാഫിഖൂൻ 07) അല്ലാഹുവിന്റെ ഇരു കരങ്ങളും നിവർത്തിവെക്കപ്പെട്ടതാകുന്നു, താൻ ഉദ്ദേശിക്കുന്ന വിധം അവൻ ചെലവഴിക്കും (സൂറത്തുൽ മാഇദ 64) ആകാശ ഭൂമികളുടെ താക്കോലുകൾ അവനുള്ളതാണ്, താനുദ്ദേശിക്കുന്നവർക്ക് അവൻ ഉപജീവനം വിശാലമാക്കുന്നു, മറ്റു ചിലർക്ക് സങ്കുചിതമാക്കും ഏതുകാര്യവും നന്നായറിയുന്നവനാണവൻ (സൂറത്തു ശ്ശൂറാ 12) താനുദ്ദേശിക്കുന്നവർക്ക് അല്ലാഹു ഉപജീവനം പ്രവിശാലമാക്കുകയും മറ്റു ചിലർക്ക് സങ്കുചിതമാക്കുകയും ചെയ്യുന്നത് അവൻ കാണുന്നില്ലെ (സൂറത്തു റൂം 37).

ആകാശത്ത് മേഘങ്ങൾ നിക്ഷേപിച്ച് മഴ വർഷിക്കുന്നതും അല്ലാഹുവിൽ നിന്നുള്ള അനുഗ്രഹ പ്രവാഹങ്ങൾ തന്നെയാണ് : കാറ്റടിപ്പിക്കുന്നവൻ അല്ലാഹുവാണ്. അവ മേഘങ്ങളെ ഇളക്കിവിടുകയും താനുദ്ദേശിക്കും വിധം അന്തരീക്ഷത്തിൽ വ്യാപിപ്പിക്കുകയും ഛിന്നഭിന്നമാക്കുകയും ചെയ്യുന്നു.  അങ്ങനെ അവക്കിടയിൽ നിന്ന് മഴത്തുള്ളികൾ ബഹിർഗമിക്കുന്നത് നിനക്കു കാണാം. തന്റെ ദാസരിൽ നിന്ന് താനുദ്ദേശിച്ചവർക്ക് അവൻ അതെത്തിച്ചുകൊടുക്കുമ്പോൾ അവരതാ ആഹ്‌ളാദഭരിതരാകുന്നു (ഖുർആൻ, സൂറത്തു റൂം 48).

ഭൂമിയും അതിലെ പർവ്വതങ്ങളും സമുദ്രങ്ങളും നദികളും സസ്യങ്ങളും മറ്റു ഭക്ഷ്യവിഭവങ്ങളുമെല്ലാം ദൈവാനുഗ്രഹങ്ങളുടെ ധാരാളിത്തം വ്യക്തമാക്കുന്ന ഉത്തമ ദൃഷ്ടാന്തങ്ങളാണ്. ഭൂമിയിൽ സഞ്ചരിക്കാൻ വഴികളും വസിക്കാൻ അഭയകേന്ദ്രങ്ങളും അല്ലാഹു സംവിധാനിച്ചിരിക്കുന്നു. അല്ലാഹു പറയുന്നു: പ്രവിശാല വഴികളിലൂടെ സഞ്ചരിക്കാനായി ഭൂമിയെ അവൻ നിങ്ങൾക്കൊരു വിരിപ്പാക്കി (ഖുർആൻ, സൂറത്തു നൂഹ് 19, 20). മാത്രമല്ല, അല്ലാഹു ശരീരങ്ങൾക്ക് ക്ഷമതയും ഊർജവും നൽകി ആരോഗ്യയോഗ്യമാക്കി അനുഗ്രഹിച്ചിരിക്കുന്നു. അറിയാനും വേർതിരിക്കാനും ബുദ്ധിയും ഏകി. ആ ബൗദ്ധിക ശക്തികൊണ്ട് മനുഷ്യർ ആത്മീയവും ഭൗതികവുമായ കാര്യങ്ങൾ ഗ്രഹിച്ച് ഉപകാരയുക്തമായ വിജ്ഞാനീയങ്ങൾ കൈവരിക്കുകയും ചെയ്യുന്നു. അല്ലാഹു ഥാലൂത്തിന് നൽകിയ ആരോഗ്യ വിജ്ഞാന വൈപുല്യത്തെപ്പറ്റി വിശുദ്ധ ഖുർആൻ വിവരിക്കുന്നത് ഇങ്ങനെ: അല്ലാഹു അദ്ദേഹത്തെ തെരഞ്ഞെടുക്കുകയുും വിജ്ഞാനവും ശരീരശേഷിയും കൂടുതൽ നൽകുകയും ചെയ്തിരിക്കുന്നു (സൂറത്തുൽ ബഖറ 247). ആദ് സമുദായത്തിന് ചൊരിഞ്ഞ അനുഗ്രഹങ്ങളുടെ ധാരാളിത്തത്തെക്കുറിച്ചും അല്ലാഹു ഖുർആനിൽ പ്രതിപാദിക്കുന്നുണ്ട് : നൂഹ് നബിയുടെ ആളുകൾക്ക് ശേഷം അവൻ നിങ്ങളെ പിൻഗാമികളാക്കി. നിങ്ങൾക്കവൻ കായികശേഷി വർദ്ധിപ്പിച്ചു. അതുകൊണ്ട് അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ അനുസ്മരിക്കുക, നിങ്ങൾ വിജയികളാവാൻ (സൂറത്തുൽ അഅ്‌റാഫ് 69).

അല്ലാഹുവിൽ നിന്നുള്ള അനുഗ്രഹവിശാലതക്ക് പ്രഥമമായി വേണ്ടത് ദൈവഭയം (തഖ്‌വ) തന്നെയാണ്. പ്രവാചകർ നബി (സ്വ) പറയുന്നു: ഒരാൾ തന്റെ ഭക്ഷണത്തിൽ വിശാലതയും ആയുസിൽ ദൈർഘ്യവും ആഗ്രഹിക്കുന്നുവെങ്കിൽ അവൻ അല്ലാഹുവിനെ ഭയപ്പെട്ടുകൊള്ളട്ടെ (സ്വഹീഹു ഇബ്‌നു ഹബ്ബാൻ 439). അല്ലാഹുവിലേക്ക് പാപമോചനം തേടിക്കൊണ്ടുള്ള കേണപേക്ഷയും പശ്ചാത്താപവും ദൈവഭയഭക്തിയുടെ ഭാഗങ്ങളാണ്. നബി (സ്വ) പറഞ്ഞിട്ടുണ്ട്: പകലിൽ തെറ്റ് ചെയ്തവൻ രാത്രിയിൽ ഖേദിച്ചുമടങ്ങാനും, രാത്രിയിൽ തെറ്റ് ചെയ്തവൻ പകലിൽ ഖേദിച്ചുമടങ്ങാനും അല്ലാഹു അവന്റെ കൈ നിവർത്തിയിരിക്കും (ഹദീസ് മുസ്ലിം 2759).

മാതാപിതാക്കൾക്ക് ഗുണം ചെയ്യലും ആയുർ ഭക്ഷ്യാനുഗ്രഹങ്ങൾക്ക് കാരണമാവും. നബി (സ്വ) പറയുന്നു: ഒരാൾ തന്റെ ഭക്ഷണത്തിൽ വർധനവുണ്ടാകാനും ആയുസിൽ ദൈർഘ്യമുണ്ടാകാനും ആഗ്രഹിക്കുന്നുവെങ്കിൽ അവൻ മാതാപിതാക്കൾക്ക് നന്മ ചെയ്തുകൊള്ളട്ടെ (ഹദീസ് അഹ്്മദ് 13401). കുടുംബബന്ധം ചേർക്കലും അത് കാലാകാലം നിലനിർത്തലും തഥൈവ. ഭക്ഷ്യവിശാലതക്കും ആയുർദൈർഘ്യത്തിനും ആശിക്കുന്നവൻ കുടുംബബന്ധം ചേർത്തുകൊള്ളട്ടെയെന്ന് നബി (സ്വ) അരുൾ ചെയ്തിട്ടുണ്ട് (ഹദീസ് ബുഖാരി, മുസ്ലിം).

അനുഗ്രഹങ്ങൾ വിശാലമാക്കുന്ന അല്ലാഹുവിൽ നിന്നുള്ള ഔദാര്യങ്ങൾക്കായി മനുഷ്യർ അന്യോനം കരുണയും നന്മയും കാട്ടേണ്ടിയിരിക്കുന്നു. ജനോപകാരപ്രദമായി ദാനപ്രവർത്തനങ്ങൾ നടത്തുന്നവന് ഇഹലോകത്തും പരലോകത്തും തത്തുല്യമായത് യാതൊരു കുറവുമില്ലാതെ പ്രതിഫലമായി നൽകുമെന്ന് അല്ലാഹു ഖുദ്‌സിയ്യായ ഹദീസിലൂടെ അറിയിക്കുന്നുണ്ട് (ഹദീസ് മുസ്ലിം 758). അല്ലാഹു പറഞ്ഞിട്ടുണ്ട് : നബിയേ, പ്രഖ്യാപിക്കുക എന്റെ നാഥൻ അടിമകളിൽ നിന്ന് താനുദ്ദേശിക്കുന്നവർക്ക് ഉപജീവനോപാധികൾ പ്രവിശാലമാക്കുന്നതും മറ്റു ചിലർക്ക് കുടുസ്സാക്കുന്നതുമാണ്. എന്തൊരു വസ്തു നിങ്ങൾ വ്യയം ചെയ്യുന്നുണ്ടെങ്കിലും അവനതിനു പകരം തരും. ഉപജീവനം നൽകുന്നവരിൽ അത്യുദാത്തനത്രെ അവൻ (ഖുർആൻ, സൂറത്തു സബഅ് 69).

അല്ലാഹുവിലേക്ക് കൈകളുയർത്തിയുള്ള പ്രാർത്ഥനയും അവനിൽ നിന്ന് ഔദാര്യകരങ്ങൾ നീളാൻ നിദാനമാവും. കൈകളുയർത്തി ചോദിച്ചവനെ അല്ലാഹു വെറുതെ മടക്കില്ലല്ലൊ. നബി (സ്വ) പറയുന്നു: ഇരു കരങ്ങളും മേൽപോട്ടുയർത്തി നന്മ ചോദിക്കുന്നവനെ നിരാശനാക്കി മടക്കുന്നതിൽ അല്ലാഹു ലജ്ജിക്കുന്നു (ഹദീസ് അബൂദാവൂദ്  1488, തുർമുദി 3556, ഇബ്‌നുമാജ 3865, അഹ്്മദ് 24435). രാത്രിയുടെ അവസാന മൂന്നിലൊരു ഭാഗമാണ് പ്രാർത്ഥനക്ക് ഉത്തരം കിട്ടാൻ കൂടുതലായും പ്രതീക്ഷിക്കാവുന്നത്. ആ സമയത്ത് അല്ലാഹു താഴെയുള്ള ആകാശത്തേക്കിറങ്ങി 'എന്നോട് ചോദിക്കുന്നവന് നൽകിയിരിക്കുമെന്ന്' പറയുമെന്ന് നബി (സ്വ) പഠിപ്പിക്കുന്നു (ഹദീസ് അഹ്മദ് 4356). പ്രവഞ്ച ഖജനാവുകളുടെ ഉടമസ്ഥനായ അല്ലാഹുവിനോട് അനുഗ്രഹവിശാലതക്കായി നബി (സ്വ) പ്രത്യേകം പ്രാർത്ഥിക്കുകയും ചെയ്തിരുന്നു.

back to top