ഖുർആനും സുന്നത്തും പിന്നെ ഉമ്മത്തും

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്

തീയ്യതി: 15/03/2019
വിഷയം: ഹദീസുകൾ ഖുർആനിന്റെ വിശദീകരണം

അല്ലാഹു പ്രവാചകർ മുഹമ്മദ് നബി (സ്വ)യിലൂടെ പൂർത്തീകരിച്ച പരിപാവന ഇസ്ലാംമതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളാണല്ലൊ വിശുദ്ധ ഖുർആനും തിരുസുന്നത്തും. ഖുർആനിനെയും സുന്നത്തിനെയും ആധാരപ്പെടുത്തിക്കൊണ്ടാണ് ഇജ്മാഅ്, ഖിയാസ് എന്നീ പ്രമാണങ്ങളും ഇസ്ലാമിക നിയമ വ്യവസ്ഥയിൽ അംഗീകരിക്കപ്പെടുന്നത്. അല്ലാഹു ലോകർക്ക് അനുഗ്രഹമായി നിയോഗിച്ച മുഹമ്മദ് നബി (സ്വ)യിലൂടെയാണ് വിശുദ്ധ ഖുർആൻ അവതീർണമാവുന്നത്. ആ പ്രവാചകരുടെ (സ്വ) ജീവിത ചര്യയാണ് സുന്നത്തായി ഗണിക്കപ്പെടുന്നത്. അല്ലാഹു പറയുന്നു: സ്വന്തത്തിൽ നിന്നു തന്നെ ഒരു റസൂലിനെ വിശ്വാസികൾക്ക് നിയോഗിക്കുക വഴി വലിയ അനുഗ്രഹമാണവർക്ക് അല്ലാഹു ചെയ്തത്. അവർക്ക് അവടന്ന് അവന്റെ ആയത്തുകൾ ഓതിക്കൊടുക്കുകയും സംസ്‌ക്കാരമുണ്ടാക്കുകയും, ഗ്രന്ഥവും വിജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്നു (ഖുർആൻ, ആലു ഇംറാൻ 1645).

പ്രസ്തുത സൂക്തത്തിൽ പറയപ്പെടുന്ന ഗ്രന്ഥം ഖുർആനാണെന്നും, വിജ്ഞാനം ഹദീസുകളടക്കമുള്ള പ്രവാചക ചര്യയുമാണെന്ന് പ്രമുഖ ഖുർആൻ വ്യാഖ്യാന പണ്ഡിതർ അഭിപ്രായപ്പെടുന്നുണ്ട്. ഖുർആനെന്ന ഒന്നാം പ്രമാണത്തിന് വിശദീകരണമായാണ് രണ്ടാം പ്രമാണമായ സുന്നത്ത് വ്യവസ്ഥ ചെയ്യപ്പെടുന്നത്. മനുഷ്യകത്തിന് നിയമാക്കപ്പെട്ടിട്ടുള്ള ഇസ്ലാമിക സംഹിതകൾ പ്രതിപാദിക്കാനാണ് വിശുദ്ധ ഗ്രന്ഥം അവതരിപ്പിക്കപ്പെട്ടതെന്ന് ഖുർആൻ തന്നെ വ്യക്തമാക്കുന്നുണ്ട് (സൂറത്തു ന്നഹ് ല് 44). ഖുർആൻ പൂർണമായും ദൈവ വചനങ്ങൾ മാത്രമാണ്. എന്നാൽ ഹദീസുകൾ പ്രവാചകരിലൂടെ (സ്വ) അവതരിപ്പിക്കപ്പെട്ട ദിവ്യബോധനങ്ങളാണ്.  വാക് പ്രയോഗത്തിലും ഭാഷാസൗന്ദര്യത്തിലും തികവും മികവുമുള്ളവയാണവ. സമഗ്രാശയങ്ങളുൾക്കൊള്ളുന്ന വാക്യങ്ങളാണ് (ജവാമിഉൽ കലിം) തങ്ങളുടേതെന്ന് നബി (സ്വ) തന്നെ പറഞ്ഞിട്ടുണ്ട് (ഹദീസ് ബുഖാരി, മുസ്ലിം). അവ കേവല വാക്കുകളല്ല, ഇസ്ലാമിക നിയമനിർമാണത്തിൽ പ്രാമാണികമായി കണക്കാക്കപ്പെടുന്ന തിരു വചനങ്ങളാണ്. ദിവ്യ സന്ദേശമായി കിട്ടുന്ന വഹ് യല്ലാതെ അവിടന്ന് തന്നിഷ്ടപ്രകാരം യാതൊന്നും ഉരിയാടുകയില്ലയെന്ന് അല്ലാഹു ഉറപ്പുനൽകിയതാണ് (സൂറത്തു ന്നജ്മ് 3, 4). ഖുർആനൊപ്പം അതിന്റെ വ്യാഖ്യാനമായി ഹദീസും നൽകപ്പെട്ടതാണെന്ന് നബി (സ്വ)യും അറിയിച്ചതാണ് (ഹദീസ് അബൂ ദാവൂദ് 4604, അഹ്മദ് 17174).

സുന്നത്തെന്നാൽ പ്രവാചകരുടെ (സ്വ) വാക്ക്, പ്രവ്യത്തി, വിശേഷണം, മൗനാനുവാദം എന്നിങ്ങനെയെല്ലാം ഉൾക്കൊള്ളുന്ന തിരുചര്യയാണ്. ഖുർആനിൽ ഗണ്ഡിതമായി പരാമർശിക്കുന്ന വിധിവിലക്കുകളും ഹദീസിൽ കാണാം. ഖുർആൻ പ്രതിപാദിക്കാത്ത ഇസ്ലാമിക ചിട്ടകളും ഹദീസിലുണ്ട്. ഖുർആനിൽ സംക്ഷിപ്തമായി പറയപ്പെടുന്ന ആരാധനാ മുറകൾ, ഇടപാടുകൾ, സ്വഭാവ ഗുണങ്ങൾ എന്നിവയുടെ വിശദീകരണം ഹദീസുകൾ നിർവ്വഹിക്കുന്നുണ്ട്. ഉദാഹരണത്തിന്, നമസ്‌ക്കരിക്കമെന്നും സക്കാത്ത് നൽകണമെന്നുമുള്ള കൽപനകൾ ഖുർആനിൽ വിവരണങ്ങളില്ലാതെയാണ് വന്നിട്ടുള്ളത്. നിങ്ങൾ നമസ്‌ക്കാരം യഥാവിധി നിർവ്വഹിക്കുകയും സക്കാത്ത് കൊടുക്കുകയും തിരുദൂതരെ അനുസരിക്കുകയും ചെയ്യുക. നിങ്ങൾക്കു കരുണ ചെയ്യപ്പെടാൻ വേണ്ടി (സൂറത്തു ന്നൂർ 56). എന്നാൽ നബി (സ്വ) സവിസ്തരം വിവരിച്ചിട്ടുണ്ട്, എത്ര നിർബന്ധ നമസ്‌ക്കാരങ്ങളുണ്ടെന്നും എത്ര റക്അത്തുകളുണ്ടൊന്നൊക്കെ. നമസ്‌ക്കരിക്കേണ്ടതിന്റെ രൂപവും വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല നബി (സ്വ) അനുചരന്മാരോട് പറയുകയുമുണ്ടായി: നിങ്ങളെന്നെ എങ്ങനെയാണോ നമസ്‌ക്കരിക്കുന്നതായി കണ്ടത് അങ്ങനെ തന്നെ നിങ്ങളും നമസ്‌ക്കരിക്കണം (ഹദീസ് ബുഖാരി 631). സക്കാത്തിന്റെ നിബന്ധനകളും വിശദ കണക്കുകളും ഖുർആനിൽ കാണാനാവില്ല. ഹദീകളാണ് അതു സംബന്ധമായി കൂടുതൽ സ്പഷ്ടമാക്കുന്നത്. അപ്രകാരം തന്നെ ഹജ്ജ് കർമ്മവും. 'ഹജ്ജനുഷ്ഠാനങ്ങൾ എന്നിൽ നിന്ന് പഠിച്ച് പകർത്തണ'മെന്നാണ് നബി വചനം (ഹദീസ് മുസ്ലിം 1297, ബൈഹഖി 9524). ഇടപാടുകളിലും വ്യവഹാരങ്ങളിലും പാലിക്കേണ്ടതും സൂക്ഷിക്കേണ്ടതുമായ സൂക്ഷ്മ കർത്തവ്യങ്ങളും ഹദീസുകൾ വിശദമാക്കുന്നുണ്ട്. മനുഷ്യന് ഉണ്ടാവേണ്ട ഉയർന്ന മൂല്യങ്ങളും സ്വഭാവവിശേഷങ്ങളും നബി (സ്വ)യാണ് സമ്പൂർണവും സമഗ്രവുമായി അവതരിപ്പിച്ചത്. ഖുർആൻ അതിന്റേയൊക്കെ ആകത്തുക നിഷ്‌കർശിച്ചതായി കാണാം. രോഗിയെ സന്ദർശിക്കൽ, അശരണരെ സഹായിക്കൽ, ചെറിയവരോട് വാത്സല്യം കാട്ടൽ, വലിയവരെ ബഹുമാനിക്കൽ തുടങ്ങിയ നന്മകളൊക്കെ പുൽകേണ്ടതിന്റെ വിവരണങ്ങൾ തിരുമൊഴികളിലൂടെ വ്യക്തമാണ്. ഖുർആനിൽ നന്മകളനുവർത്തിക്കേണ്ടതിന്റെ ആജ്ഞകളും അതിന്റെ പ്രതിഫലങ്ങളും മാത്രം ചുരുക്കത്തിൽ ഗ്രഹിക്കാം.

സ്വഹാബത്ത് നബി (സ്വ)യിൽ നിന് പഠിച്ച് മനപ്പാഠമാക്കിയ ഹദീസുകൾ താബിഉകൾ, തബഉ താബിഉകൾ, അവർക്ക് ശേഷമുള്ള സജ്ജനങ്ങൾ മുഖേനയാണ് നമ്മളിലേക്കെത്തിയത്. അവരൊക്കെ ഏറെ വിശ്വസ്തരും സൂക്ഷ്മാലുക്കളുമായിരുന്നു. സത്യസന്ധതയും സൂക്ഷ്മതയുമില്ലാത്തവരിൽ നിന്ന് റിപ്പോർട്ടുകൾ സ്വീകരിക്കപ്പെട്ടിരുന്നില്ല. ഹദീസുകൾ ഉദ്ധരണികളിലും പഠനങ്ങളിലും നിപുരണരായ അനവധി പണ്ഡിത മഹത്തുക്കൾ ലോകത്തിന്റെ നാനാ ദിക്കുകളിലേക്ക് ജ്ഞാനതീർത്ഥാടനം നടത്തിയാണ് ആ ദൗത്യം പൂർത്തീകരിച്ചത്. ഹദീസ് വ്യാഖ്യാനങ്ങളിലും ആ സ്വാതികർ ശ്രദ്ധ പതിപ്പിച്ചിരുന്നു.

അഗ്രഗണ്യരായ ഹദീസ് പണ്ഡിതരുടെ ജാഗ്രതയാണ് നമ്മളിലേക്ക് തിരുമൊഴികൾ എത്തിച്ചിരിക്കുന്നത്. ആ ഹദീസുകളെ ബഹുമാനിക്കലും പുൽകലുമാണ് മുഹമ്മദ് നബി (സ്വ)യുടെ ഉമ്മത്തായ നമ്മളിൽ അർപ്പിതമായിരിക്കുന്നത്. അല്ലാഹു നബി (സ്വ)യോട് പറഞ്ഞതായി കാണാം: നബിയേ, അല്ലാഹുവിലും ദൂതരിലും നിങ്ങൾ വിശ്വസിക്കുവാനും അവനെ സഹായിക്കാനും ബഹുമാനിക്കാനും പ്രഭാത പ്രദോഷങ്ങളിൽ അവന്റെ മഹത്വം വാഴ്ത്താനുമായി അങ്ങയെ സത്യസാക്ഷിയും ശുഭവാർത്താ വാഹകനും മുന്നറിയിപ്പുകാരനുമായി നിശ്ചയം നാം നിയോഗിച്ചിരിക്കുന്നു (സൂറത്തുൽ ഫത്ഹ് 8,9). തിരുചര്യ പിൻപറ്റലാണ് സുന്നത്തോടുള്ള ആദരവും ബഹുമാനവും. നബി (സ്വ) കൽപ്പിച്ചത് നടപ്പിലാക്കാനും നിരോധിച്ചത് വെടിയാനുമാണ് ദൈവ കൽപന (സൂറത്തുൽ ഹശ്ർ 7). വാക്കിലും പ്രവൃത്തിയിലും എന്നല്ല ഏതവസ്ഥയിലും പ്രവാചക ചര്യയാണ് അനുഗുണം. പ്രവാചകരിൽ (സ്വ) ഉത്തമ മാതൃകയുണ്ടെന്നും (സൂറത്തുൽ അഅ്‌സാബ് 21) ആ മാതൃകാ പാത പിൻതുടർന്ന് ചലിച്ചവർ സാക്ഷാൽ വിജയികളെന്നും (സൂറത്തുൽ അഅ്‌റാഫ് 157) ഖുർആൻ പ്രഖ്യാപിക്കുന്നുണ്ട്.

നബി (സ്വ) തിരുചര്യയെയും തിരു പാരമ്പര്യ പഠനങ്ങളെയും ഉപമിച്ചിരിക്കുന്നത് ജീവന്റെ അടിസ്ഥാന ഘടകമായ ജലത്തോടാണ്. തിരു ചര്യയിൽ തുടരുന്നവർക്കാണ് ആ തിരു പാന്ഥാവിന്റെ മേന്മകൾ സിദ്ധിക്കാനാവുക. ഭൂമിയിലെ വെള്ളം വലിച്ചെടുത്ത് ഫലഭൂയിഷ്ടമായ ഭൂമി ഏവർക്കും  ഉപകാരപ്രദമാണല്ലൊ. അതുപോലെയായിരിക്കും ഇസ്ലാം മതകാര്യത്തിൽ പണ്ഡിതനാവുകയും അതു ജനം പഠിക്കും വിധം പഠിപ്പിക്കുകയും ഉപകാരപ്രദമാക്കുകയും ചെയ്തവനെന്നും നബി (സ്വ) അരുളിയിട്ടുണ്ട് (ഹദീസ് ബുഖാരി, മുസ്ലിം). തിരു സുന്നത്തോടുള്ള അനുധാവനം ദൈവത്തിൽ നിന്നുള്ള സ്‌നേഹത്തിനും പാപമുക്തിക്കും കാരണമാക്കുന്നതാണ്.

back to top