സൂറത്തുൽ ഫജ്‌റിലെ അല്ലാഹുവിന്റെ ശപഥങ്ങൾ

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്

തീയ്യതി: 02.08.2019
വിഷയം: ദുൽഹിജ്ജയിലെ പത്തു ശ്രേഷ്ഠ ദിനങ്ങൾ

വിശുദ്ധ ഖുർആനിൽ അല്ലാഹു സൂറത്തുൽ ഫജ്ർ തുടങ്ങുന്നത് സത്യം ചെയ്തുകൊണ്ടാണ്. “പ്രഭാതം, പത്തു രാത്രികൾ, ഇരട്ടയും ഒറ്റയും, സഞ്ചരിച്ചുക്കൊണ്ടിരിക്കുന്ന രാത്രി എന്നിവ തന്നെ ശപഥം ഇവയിൽ ബുദ്ധിമാന്മാർക്ക് പര്യാപ്തമായ ശപഥമുണ്ടോ!?”. പ്രസ്തുത സൂക്തത്തിൽ സത്യം ചെയ്ത നാലു കാര്യങ്ങൾ: 1) പ്രഭാത സമയം 2) ദുൽഹിജ്ജ മാസത്തിലെ ആദ്യ പത്തു ദിവസങ്ങൾ 3) ഒറ്റയും ഇരട്ടകളിലുമായി റക്അത്തുകളുള്ള നിർബന്ധ നമസ്‌ക്കാരങ്ങൾ 4) രാത്രി സമയം എന്നിവയാണെന്ന് ഖുർആൻ വ്യാഖ്യാതാക്കൾ വിശദീകരിക്കുന്നുണ്ട്. ഇപ്രകാരം അല്ലാഹു ശപഥം ചെയ്തു പറയുന്ന ധാരാളം സമയങ്ങളും വസ്തുക്കളുമുണ്ട്. ഏറെ ശ്രേഷ്ഠമായത് കൊണ്ടാണ് അല്ലാഹു അവയെക്കൊണ്ട് സത്യം ചെയ്യുന്നത്. അവയിൽ ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തങ്ങളുണ്ടായിരിക്കും. അതിന്റെ ഗുണഫലങ്ങൾ ഐഹിക പാരത്രിക ലോകങ്ങളിൽ ആസ്വദിക്കാനുമാകും. ചില സമയങ്ങളും കാലങ്ങളും മുഹൂർത്തങ്ങളുമെല്ലാം അല്ലാഹു പ്രത്യേകമാക്കിയത് അവ നാം ഉപയോഗപ്പെടുത്താനാണ്. ആ സമയങ്ങളിൽ അല്ലാഹുവിന്റെ കാരുണ്യപ്രവാഹങ്ങളുണ്ടായിരിക്കും. ജീവിക്കുന്ന കാലമത്രയും നന്മകൾ ചെയ്ത് ആ കാരുണ്യസ്പർശങ്ങൾക്ക് വിധേയരാവണമെന്നും അതുവഴി പ്രതിഫലാർഹരാവണമെന്നുമാണ് നബി (സ്വ) കൽപ്പിച്ചിരിക്കുന്നത് (ഹദീസ് ത്വബ്‌റാനി 1/350).

സൂറത്തുൽ ഫജ്‌റിൽ ആദ്യം പ്രഭാത സമയത്തെയാണ് സത്യം ചെയ്യുന്നത്. അല്ലാഹുവിന്റെ സൃഷ്ടിവൈഭവങ്ങളും വൈജാത്യങ്ങളും വിളിച്ചറിയിക്കുന്ന സമയമാണത്. ഫജ് ർ കഴിഞ്ഞുള്ള പ്രഭാതം പുലരുന്ന നേരത്തെ അല്ലാഹു സത്യം ചെയ്തതായി സൂറത്തുൽ മുദ്ദസ്സിർ 34, സൂറത്തുത്തക്‌വീർ 18 സൂക്തങ്ങളിൽ കാണാം. സൂറത്തുല്ലൈൽ 2ാം സൂക്തത്തിൽ അല്ലാഹു വെളുപ്പെട്ടുവരുന്ന പകലിനെയും സത്യം ചെയ്തിട്ടുണ്ട്. ഈ പുലർക്കാല സമയങ്ങളെക്കൊണ്ടുള്ള ശപഥങ്ങൾ ദൈവിക യുക്തിയാണ്. ദിവ്യ സോത്രസ്സുകളുടെ നിദർശനങ്ങളാണ് ഈ സമയങ്ങൾ. അല്ലാഹു സ്വന്തത്തെ 'പ്രഭാതം പിളർത്തുന്നവൻ' എന്ന വിശേഷണം സൂറത്തുൽ അൻആം 96ാം സൂക്തത്തിൽ നടത്തുന്നുണ്ട്. ഉറക്കിൽ നിന്ന് ഉണരുന്ന, നിർജീവതയിൽ നിന്ന് സജീവതയിലേക്ക് കടക്കുന്ന, മരണത്തിൽ നിന്ന് ജീവിതത്തിലേക്ക് വരുന്ന പ്രത്യേകമായ നേരമാണല്ലൊ സുപ്രഭാതം. മരണത്തിന്റെ മറ്റൊരു പതിപ്പായ ഉറക്കിൽ നിന്ന് ഉണർന്നാൽ നബി (സ്വ) 'മരിപ്പിച്ച ശേഷം ജീവിപ്പിച്ച അല്ലാഹുവിന് സർവ്വ സ്തുതികളും അവനിലേക്കാണ് മടക്കം' എന്ന പ്രത്യേക ദിക്ർ ചൊല്ലുമായിരുന്നു (ഹദീസ് മുസ്ലിം 2711). പ്രഭാത നേരത്തെ ദിക്‌റുകൾ, നമസ്‌ക്കാരം, ഖുർആൻ പാരായണം എന്നിവ കൊണ്ട് ധന്യമാക്കി നമ്മുടെ ഒരു ദിവസം തുടങ്ങണം. ശേഷം ജ്ഞാന സമ്പാദനം, ഉപജീവന തേട്ടം, ആരാധനാ നിർവ്വഹണം തുടങ്ങിയവയാൽ വ്യാപൃനാവണം. അവയെ ദിനചര്യകളാക്കി രാപകലുകളെ സുകൃതപൂർണമാക്കണം. നബി (സ്വ) സുബ്ഹ് നമസ്‌ക്കരിച്ച ശേഷം ഉപകാരപ്രദമായ അറിവ് നേടാനും ശുദ്ധമായ ജീവോപാധികൾ സാധ്യമാവാനും സത്ക്കർമ്മങ്ങൾ സ്വീകരിക്കാനും അല്ലാഹുവിനോട് പ്രാർത്ഥിക്കുമായിരുന്നു (ഹദീസ് ഇബ്‌നു മാജ 925).

ദുൽഹിജ്ജ മാസത്തിലെ ആദ്യ പത്തു ദിനങ്ങൾ ഒരു വർഷത്തെ ദിവസങ്ങളിൽ വെച്ച് മഹത്തരമായവയാണ്. ദുനിയാവിലെ ദിവസങ്ങളിൽ വെച്ച് ഏറ്റവു ശ്രഷ്ഠമായത് ഈ പത്തു പത്തുദിനങ്ങളെന്നാണ് നബി (സ്വ) പറഞ്ഞത്. ഈ ദിനങ്ങൾ ഇസ്ലാമിലെ പ്രധാന ആരാധനകളായ ഹജ്ജ്, വ്രതം, നമസ്‌ക്കാരം, ദാനധർമ്മം, ഖുർആൻ പാരായണം, ദിക്ർ തുടങ്ങിയവയെല്ലാം സംഗമിക്കുന്ന അസുലഭ മുഹൂർത്തമാണ്. മറ്റേതു ദിവങ്ങൾക്കുമില്ലാത്ത ഈ പ്രത്യേകതയാണ് ദുൽഹിജ്ജയിലെ ആദ്യ പത്തുദിനങ്ങളെ വ്യതിരിക്തമാക്കുന്നത്. ഈ പത്തുദിനങ്ങളിലെ ആരാധനകളാണ് അല്ലാഹുവിന് ഏറ്റവും ഇഷ്ടവും അവങ്കൽ ഏറ്റവും പ്രതിഫലാർഹമെന്നും നബി (സ്വ) അറിയിച്ചിട്ടുണ്ട് (ഹദീസ് ബുഖാരി 969, അബൂദാവൂദ് 2438, സ്വഹീഹു ഇബ്‌നു ഖുസൈമ 4/273, ദാരിമി 1828).

ശപഥം ചെയ്യപ്പെട്ട ഒറ്റയും ഇരട്ടയും കൊണ്ടുദ്ദേശിക്കപ്പെടുന്നത് അഞ്ചേ നേരങ്ങളായുള്ള നിർബന്ധ നമസ്‌ക്കാരങ്ങളാണ്. ഇരട്ടയെന്നാൽ ഇരട്ട റക്അത്തുകളുള്ള സുബ്ഹ്, ളുഹ്ർ, അസ്വ്ർ, ഇശാഅ് എന്നീ നമസ്‌ക്കാരങ്ങളാണ്. ഒറ്റ മൂന്നു റക്അത്തുകളുള്ള മഗ്‌രിബാണ്. ഒറ്റ, ഇരട്ട റക്അത്തുകളിലായി നിർവ്വഹിക്കപ്പെടുന്ന സുന്നത്ത് നമസ്‌ക്കാരമായ വിത്‌റും ഇതിൽ പെടുന്നതാണെന്ന് ഇമാം ഇബ്‌നു കസീർ തന്റെ തഫ്‌സീറിൽ രേഖപ്പെടുത്തിയിട്ടുണ്ട് 8/392, 393). ഫർള്, സുന്നത്ത് നമസ്‌ക്കാരങ്ങൾ നിർവ്വഹിച്ച് മഹത്തായ പ്രതിഫലങ്ങളുടെ ഭാഗവാകാനുള്ള നിർദേശമാണ് ഈ ശപഥം പ്രദാനം ചെയ്യുന്നത്.

സഞ്ചരിക്കുന്ന രാത്രിയെകൊണ്ടുള്ള സത്യം ചെയ്യൽ രാത്രി സമയം പെട്ടെന്നു കഴിഞ്ഞുതീരുന്നതാണെന്ന സൂചനയാണ് നൽകുന്നത്. ആത്മാവിനും ശരീരത്തിനും വിശ്രമമേകി ദൈവസ്മരണക്കും ദൈവസംവിധാനങ്ങളെക്കുറിച്ചുള്ള വിചിന്തനങ്ങൾക്കും രാത്രി സമയത്തെ വിനിയോഗിച്ചവനത്രെ ബുദ്ധിമാൻ. 'നിങ്ങൾക്കായി രാത്രിയെ ഒരു വസ്ത്രവും നിന്ദ്രയെ വിശ്രമവുമാക്കിത്തന്നവൻ അല്ലാഹുവാണ്'(സൂറത്തുൽ ഫുർഖാൻ 47). അല്ലാഹു സത്യം ചെയ്തു പറഞ്ഞ ഈ വിശിഷ്ട സമയങ്ങൾ ശരിയാംവണ്ണം ഉപയോഗപ്പെടുത്തുന്നവനാണ് യഥാർത്ഥ സത്യവിശ്വാസി. കാരണം സമയങ്ങൾ അല്ലാഹു നമ്മെ വിശ്വസിച്ചേൽപ്പിച്ച സ്വത്തുക്കളാണ്. ആരാധനകളിലും മറ്റു നന്മകളിലും ചെലവഴിച്ച് നാമവ പരിരക്ഷിക്കുകയും അവയുടെ മൂല്യങ്ങൾ തലമുറകൾക്ക് കൈമാറുകയും വേണം. ഈ ധന്യ മുഹൂർത്തങ്ങളുടെ വിശിഷ്യാ പ്രഭാത നേരത്തെയും ദുൽഹിജ്ജ മാസത്തിലെ ആദ്യ പത്തിലെയും പുണ്യം നേടാൻ നാം ഏറെ ഉത്സാഹം കാട്ടേണ്ടിയിരിക്കുന്നു. സത്യവിശ്വാസത്തിലധിഷ്ഠിതമായി സൽക്കർമ്മങ്ങളനുഷ്ഠിക്കുകയും സത്യത്തിനും സഹനത്തിനും പരസ്പരം ഉപദേശിക്കുകയും ചെയ്യുന്നവരൊഴികെ മനുഷ്യരാശി മുഴുവനും നാശത്തിലെന്നാണ് കാലത്തെ സത്യം ചെയ്ത് കൊണ്ട് അല്ലാഹു സൂറത്തുൽ അസ്വ്‌റിൽ പ്രഖ്യാപിക്കുന്നത്.

back to top