ആത്മാർപ്പണത്തിന്റെ ഇബ്രാഹീമീ വിശേഷങ്ങൾ

മൻസൂർ ഹുദവി കളനാട്

യുഎഇ ഈദുൽ അദ്ഹാ ഖുത്ബ പരിഭാഷ
(1440 ഹിജ്‌റ - 11.08.2019)


ഈദുൽ അദ്ഹാ സുദിനത്തിൽ ഇബ്രാഹിം നബി (അ)യുടെയും കുടുംബത്തിന്റെയും പരിത്യാഗ സ്മരണകളാണ് നിലാവിട്ടിറങ്ങുന്നത്. ആ സമർപ്പിത ജീവിതങ്ങളാണ് നമ്മുക്ക് ആഘോഷ സന്തോഷങ്ങളുടെ വകയായി ബലിപെരുന്നാളുകൾ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്.  സ്വന്തം മകൻ ഇസ്മാഈലിനെ ദൈവാജ്ഞ പ്രകാരം അറുക്കാൻ തയ്യാറായ ഇബ്രാഹിം നബി (അ) യോട് ഐക്യ ദാർഢ്യം പ്രഖ്യാപിക്കാനാണ് ബലിപെരുന്നാളിൽ ബലിയറവ് പുണ്യമാക്കപ്പെട്ടിട്ടുള്ളത്. നാഥന് നമസ്‌കരിക്കാനും ബലിയറുക്കാനുമാണല്ലൊ സൂറത്തുൽ കൗഥറിലൂടെ അല്ലാഹു കൽപ്പിക്കുന്നത്. സത്യമതത്തിലേക്കുള്ള പ്രബോധന വീഥിയിൽ സുസജ്ജനായി നിലയുറപ്പിച്ച ഇബ്രാഹിം നബി (അ) 'ഖലീലുല്ലാഹ്'(അല്ലാഹുവിന്റെ ആത്മ മിത്രം) എന്നാണറിയപ്പെടുന്നത്. സന്താന പരമ്പരയിൽ ധാരാളം പ്രവാചകന്മാരുള്ളത് കൊണ്ട് 'അബുൽ അമ്പിയാഅ്'(നബിമാരുടെ പിതാവ്) എന്നും വിളിക്കപ്പെടുന്നുണ്ട്. വേദഗ്രന്ഥങ്ങളും നൽകപ്പെട്ടവരാണ് ഇബ്രാഹീമി ശൃംഖലയിലെ നബിമാർ. അല്ലാഹു പറയുന്നു: തന്റെ സന്തതീ പരമ്പരയിൽ പ്രവാചകത്വവും ദിവ്യ ഗ്രന്ഥവും നൽകുകയുണ്ടായി (സൂറത്തുൽ അൻകബൂത്ത് 27). ഇബ്രാഹിം നബി (അ)ക്ക് ശേഷമായി ഖുർആനിൽ പറയപ്പെട്ട പ്രവാചകന്മാരൊക്കെയും ആ സന്തതീ തലമുറകളാണ്. ഇസ്മാഈൽ നബി (അ), ഇസ്ഹാഖ് നബി (അ), യഅ്ഖൂബ് നബി (അ), മൂസാ നബി (അ), ഈസാ നബി (അ) ഇവരൊക്കെ ഇബ്രാഹീമീ സന്താന പരമ്പരയിലുള്ളവരാണ്. അവസാനം നിയോഗിതരായ നമ്മുടെ പ്രവാചകർ മുഹമ്മദ് നബി (സ്വ)യും ഇബ്രാഹീമീ താവഴി ഭൂജാതരായവരാണ്. ചുരുക്കത്തിൽ ഇബ്രാഹീമീ കുടുംബം പ്രവാചക കുടുംബമാണ്. ഓരോ പ്രവാചകന്മാരും സ്‌നേഹാർദ്രതയുടെയും അർപ്പണ ബോധത്തിന്റെയും സഹിഷ്ണുതയുടെയും ഇബ്രാഹീമി മഹിമകൾ സിദ്ധിച്ചവരും അതിനായി തങ്ങളുടെ ജനതകളെ ഉൽബുദ്ധരാക്കിയവരുമാണ്.

അല്ലാഹുവിങ്കൽ മഹിത സ്ഥാനമുടയവരാണ് ഇബ്രാഹിം നബി (അ). പ്രത്യേകം തെരഞ്ഞെടുത്ത് നിയോഗിക്കപ്പെട്ടവരെന്ന് അല്ലാഹു തന്നെ അറിയിച്ചിട്ടുണ്ട്: 'ഭൗതിക ലോകത്ത് അദ്ദേഹത്തെ നാം വിശിഷ്ടനായി തെരഞ്ഞെടുത്തിരിക്കുന്നു. പരലോകത്താകട്ടെ സദ്‌വൃത്തരിൽ പെട്ടയാൾ തന്നെയാണ്' (സൂറത്തുൽ ബഖറ 130). ഇബ്രാഹിം നബി (അ) അല്ലാഹുവിന്റെ ആജ്ഞകൾ ശിരസ്സാവഹിച്ച് ദൈവാരാധനയിലും അനുസരണയിലുമായി ആത്മാർപ്പണം നടത്തുകയായിരുന്നു. 'താങ്കൾ എനിക്ക് കീഴ്‌പ്പെട്ടനാവുക എന്ന് തന്റെ നാഥൻ കൽപ്പിച്ചപ്പോൾ സർവലോക സംരക്ഷകനായ നാഥന്നു ഞാൻ വിധേയനായിരിക്കുന്നു എന്നദ്ദേഹം പ്രഖ്യാപിച്ചു' (സൂറത്തുൽ ബഖറ 131). ആത്മ മിത്രം എന്നർത്ഥമാക്കുന്ന 'ഖലീൽ' എന്നത് ശ്രേഷ്ഠ പദവിയാണ്. സ്‌നേഹത്തിൽ ചാലിച്ച ആ സ്ഥാനം അല്ലാഹുവിലേക്ക് ചേർത്ത് നൽകപ്പെട്ട പ്രത്യേകതയും ഇബ്രാഹിം നബി (അ) ക്കുണ്ട്. 'ഇബ്രാഹിം നബി (അ) യെ അല്ലാഹു ആത്മ മിത്രമായി സ്വീകരിച്ചിരിക്കുന്നു' (സൂറത്തു ന്നിസാഅ് 125). ദൃഢമായ ദീനീബോധവും അചഞ്ചമായ ദൈവ വിശ്വാസവുമാണ് ഇബ്രാഹീമീ പാതയെ വ്യത്യസ്തമാക്കുന്നത്. 'അങ്ങനെ ഭുവന വാനങ്ങളുടെ അധൃഷ്യാധിപത്യം ഇബ്രാഹിം നബിക്കു നാം കാണിച്ചു കൊടുത്തു, താൻ ദൃഢവിശ്വാസമുള്ളവരുടെ ഗണത്തിലുൾപ്പെടാൻ വേണ്ടി' (സൂറത്തുൽ അൻആം 75). തന്റേടവും ബുദ്ധികൂർമ്മതയും യുക്തിഭദ്രതയുമെല്ലാം ഇബ്രാഹീമീ വൈശിഷ്ട്യങ്ങളായിരുന്നു. വാക്കിലും നോക്കിലും ഏറെ സൂക്ഷ്മത പുലർത്തിയിരുന്നു.

ഇബ്രാഹിം നബി (അ)യുടെ സ്വഭാവ വിശേഷങ്ങൾ അനവധിയാണ്. നമ്മുടെ നബി (സ്വ) പറഞ്ഞ പ്രകാരം അല്ലാഹുവിന് ഇഷ്ടപ്പെട്ട രണ്ടു സ്വഭാവഗുണങ്ങളാണല്ലൊ സഹനവും ക്ഷമയും. ഇബ്രാഹിം നബി (അ) ക്ഷമാശീലനായിരുന്നു. അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങുന്നവനുമായിരുന്നു. 'നിശ്ചയം ഇബ്രാഹിം നബി മികച്ച ക്ഷമാശാലിയും ഏറെ വിനയാന്വിതനും പശ്ചാത്തപിയുമത്രെ' (സൂറത്തു ഹൂദ് 75). അല്ലാഹുവിങ്കൽ 'സിദ്ധീഖ്' എന്ന സ്ഥാനപ്പേര് വിളിക്കപ്പെടും വിധം ജീവിതത്തിലുടനീളം സത്യസന്ധത പുലർത്തിയിരുന്നു. സത്യനിഷ്ഠനായ പ്രവാചകനെന്നാണ് സൂറത്തു മർയം 41ാം സൂക്തത്തിലൂടെ അല്ലാഹു വിശേഷിപ്പിച്ചത്. വാക്കുകൾ പാലിക്കുകയും കരാറുകൾ പൂർത്തീകരിക്കുകയും ചെയ്തിരുന്നു. നാഥനോടുള്ള ബാധ്യതകൾ പൂർത്തീകരിച്ച ഇബ്രാഹിം നബിയെന്നാണ് സൂറത്തു ന്നജ്്മ് 37ാം സൂക്തം പ്രസ്താവിക്കുന്നത്.

ഉദാരമതിയും ധർമ്മിഷ്ടനുമായ ഇബ്രാഹിം നബി (അ)യുടെ സ്വഭാവ ഗുണത്തിന് ഖുർആൻ തന്നെ സാക്ഷ്യം വഹിക്കുന്നുണ്ട്: “ഇബ്രാഹിം നബിയുടെ വിശിഷ്ടാതിഥികളെക്കുറിച്ചുള്ള വൃത്താന്തം താങ്കൾക്ക് ലഭിച്ചുവോ? അവർ തന്റെ സന്നിധിയിലെത്തി സലാം പറഞ്ഞപ്പോൾ അദ്ദേഹം പ്രതികരിച്ചു: അല്ലാഹുവിന്റെ രക്ഷ നിങ്ങൾക്കുണ്ടാവട്ടെ. അപരിചിതരാണല്ലൊ?. അങ്ങനെയദ്ദേഹം വേഗം സഹധർമിണിയുടെയടുത്ത് ചെന്നു. എന്നിട്ട് തടിച്ച കാളക്കുട്ടിയെ പാകം ചെയ്ത് കൊണ്ടുവന്ന് അവരുടെയടുത്ത് വെച്ച് കഴിക്കുകയല്ലേ എന്ന് ചോദിച്ചു” (സൂറത്തു ദ്ദാരിയാത്ത് 24, 25, 26, 27). വിരുന്നുകാരെ പ്രസന്ന വദനത്തോടെ സ്വീകരിച്ചിരുത്തി ബഹുമാനിക്കുകയും ഏറ്റവും മുന്തിയ മാംസാഹാരമൊരുക്കി സേവിക്കുകയുമായിരുന്നു.

ത്യാഗോജ്ജലമായ നേട്ടങ്ങളുടെ കഥയാണ് ഇബ്രാഹിം നബി (അ) യുടെ ജീവിതത്തിന് പറയാനുള്ളത്. അതിൽ പ്രധാന സംഭവമാണ് പുണ്യ കഅ്ബാലയത്തിന്റെ പുനർ നിർമ്മാണം. മകന്റെ സഹായത്തോടെ പുതുക്ക പണികൾ തീർത്തു കഴിഞ്ഞപ്പോൾ ഇബ്രാഹിം നബി (അ) പ്രാർത്ഥിച്ചു: “ഞങ്ങളുടെ നാഥാ, ആ ജനതിക്കും നിന്റെ വചനങ്ങൾ ഓതിക്കൊടുക്കുകയും വേദഗ്രന്ഥവും തത്ത്വജ്ഞാനവും പഠിപ്പിക്കുകയും സംസ്‌കാരം ശീലിപ്പിക്കുകയും ചെയ്യുന്ന ഒരു ദൂതനെ അവരിൽ നിന്നു തന്നെ നിയോഗിക്കണമേ. നീ തന്നെയാണ് പ്രതാപശാലിയും യുക്തിമാനും” (സൂറത്തു ബഖറ 129). അല്ലാഹു ആ പ്രാർത്ഥനക്ക് ഉത്തരമായാണ് അന്ത്യ പ്രവാചകർ മുഹമ്മദ് നബി (സ്വ)യെ നമ്മളിലേക്കയക്കുന്നത്. ഇബ്രാഹിം നബി (അ)യോട് രൂപത്തിലും ഭാവത്തിലും സ്വഭാവഗുണത്തിലുമെല്ലാം സാദൃശ്യമുള്ളവരാണ് നബി (സ്വ). അക്കാര്യം നബി (സ്വ) തന്നെ അരുൾ ചെയ്തിട്ടുണ്ട്. ആരാധനകളിലും അനുഷ്ഠാനങ്ങളിലും ഈ സാമ്യത നിലനിന്നിരുന്നു. നേരെ ചൊവ്വേ ഇബ്രാഹീമീ പാത പിന്തുടരണമെന്നാണല്ലൊ നബി (സ്വ)ക്ക് അല്ലാഹു ദിവ്യ ബോധനത്തിലൂടെ നിർദേശം നൽകിയത്. ഇബ്രാഹിം നബി (അ)യുടെ ആരാധനാനുഷ്ഠാനങ്ങൾ, ദൈവ ഭയഭക്തി, സ്വഭാവ മഹിമകൾ, സത്യസന്ധത, വാഗ്ദത്ത പാലനം, ക്ഷമ, സഹനം, ഉദാരത, സന്താന ശിക്ഷണം തുടങ്ങിയ ഗുണങ്ങൾ ജീവിതത്തിൽ പകർത്തുന്നതോടൊപ്പം നമ്മുടെ പ്രവാചകർ മുഹമ്മദ് നബി (സ്വ)യുടെ ചര്യകൾ മുറുകെ പിടിച്ചാൽ മാത്രമേ നമ്മുടെ വിശ്വാസം പൂർണമാകുകയുള്ളൂ. അല്ലാഹു പറയുന്നു: ഇബ്രാഹിം നബിയുമായി ഏറ്റം ബന്ധപ്പെട്ടവർ തന്നെ അനുധാവനം ചെയ്തവരും ഈ മുഹമ്മദ് നബിയും സത്യവിശ്വാസികളുമാകുന്നു (സൂറത്തു ആലു ഇംറാൻ 68).

ഈദുൽ അദ്ഹാ യെന്നാൽ ബലിദിനമാണ്. അല്ലാഹുവിങ്കൽ മഹത്തായ ദിനമാണ്. ഈ സുദിനത്തിൽ ചെയ്യാവുന്ന ഏറ്റവും നല്ല കർമ്മം ദൈവമാർഗത്തിലുള്ള ബലിയറവ് തന്നെ. ബലിയറുത്ത മാംസത്തിൽ നിന്ന് ബന്ധുമിത്രാദികൾക്കും അയൽവാസികൾക്കും നൽകുകയും, പാവപ്പെട്ടവർക്ക് ദാനം ചെയ്യുകയും ചെയ്ത ശേഷം സ്വന്തം ഭക്ഷ്യമാക്കുകയും ചെയ്യണം. അങ്ങനെ പരസ്പരം സന്ദർശനങ്ങളിലൂടെയും സന്തുഷ്ടകരമായ സമ്പർക്കങ്ങളിലൂടെയും ബലിപെരുന്നാൾ ആഘോഷപൂർണമാക്കണം.

back to top