ജ്ഞാനാർജ്ജനം ഒരു ആജീവനാന്ത സപര്യ

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 02/09/2022

വിഷയം: വിജ്ഞാനം

പ്രസവതൊട്ടിൽ മുതൽ മരണകട്ടിൽ വരെ പ്രായം ഭേദമന്യെ നുകരാവുന്ന മധുവാണ് വിജ്ഞാനം.  നിലക്കാത്ത പ്രവാഹമാണത്. അറ്റമില്ലാത്ത പ്രയാണമാണ് വിജ്ഞാനസമ്പാദനത്തിന്റേത്. വിദ്യ അർത്ഥിക്കാൻ പ്രായ സമയ പരിധിയോ പരിമിധിയോ ഇല്ല. വിദ്യാഭ്യാസത്തിന് അനവധി മാധ്യമങ്ങളുണ്ട്. അവയിൽ പ്രഥമമാണ് വായനയും എഴുത്തും. പരിശുദ്ധ ഖുർആനിന്റെ അവതരണം തുടങ്ങിയത് തന്നെ വായിക്കാനുള്ള ആഹ്വാനമായാണ് (സൂറത്തുൽ അലഖ്്). പേന എന്നർത്ഥമാക്കുന്ന സൂറത്തുൽ ഖലം അല്ലാഹു തുടങ്ങുന്നത് തൂലികയും രേഖപ്പെടുത്തുന്ന കാര്യങ്ങളും സത്യം ചെയ്തുകൊണ്ടാണ്.

അല്ലാഹു പറയുന്നു: നബിയേ പ്രഖ്യാപിക്കുക നിങ്ങൾ കർമ്മങ്ങൾ അനുഷ്ഠിച്ചുകൊള്ളുക. അല്ലാഹുവും തിരുദൂതരും സത്യവിശ്വാസികളും നിങ്ങളുടെ പ്രവൃത്തികൾ കാണുന്നതാണ് (സൂറത്തുത്തൗബ 105). ആശകളും ആഗ്രഹങ്ങളും സഫലീകരിക്കാൻ പ്രവർത്തനപഥത്തിലിറങ്ങണമെന്നാണ് അല്ലാഹു പറഞ്ഞുവെക്കുന്നത്. ഉപകാരപ്രദമായ അറിവുകളാണ് ബുദ്ധിയെ ഉത്തേജിപ്പിച്ചും നൈപുണ്യങ്ങളെ പോഷിപ്പിച്ചും പ്രവർത്തനപഥത്തെ ധന്യമാക്കുന്നത്. ഉപകാരാറിവ് ലൗകിക ജീവതത്തെ മാത്രമല്ല പാരത്രിക ജീവിതത്തെയും ഫലവത്താക്കും. അതുകൊണ്ടാണ് അല്ലാഹു നബി (സ്വ) യോട് 'നാഥാ എനിക്ക് നീ വിജ്ഞാന വർധന നൽകണമേ' എന്നു പ്രാർത്ഥിക്കാൻ കൽപ്പിച്ചത് (സൂറത്തു ത്വാഹാ 114). 

നബി (സ്വ) പറയുന്നു വിജ്ഞാന സമ്പാദനം ഓരോ സത്യവിശ്വാസിയുടെയും നിർബന്ധ ബാധ്യതയാണ് (ഹദീസ് ഇബ്‌നുമാജ 224). ഭൗതിക ലോക വിജയത്തിനും പരലോക വിജയത്തിനും വിജ്ഞാനം അത്യാവശ്യമാണെന്നാണ് ഇമാം ശാഫി (റ) അഭിപ്രായപ്പെട്ടത്. വറ്റാത്ത നീരുറവയായ വിജ്ഞാനം കൂടുതൽ കൂടുതൽ മോന്തി ജ്ഞാന ദാഹം തീർക്കാനിറങ്ങിയവരായിരുന്നു ഇസ്ലാമിക ചരിത്രത്തിലെ പണ്ഡിത മഹത്തുക്കൾ. ഉന്നത വിജ്ഞാനീയങ്ങൾ സ്വായത്തമാക്കിയ മൂസാ നബി (സ്വ) അതിലും കൂടുതൽ ജ്ഞാനങ്ങളുള്ളയാളുണ്ടെന്ന് കേട്ടപ്പോൾ അവ നുകരാൻ കച്ചകെട്ടിയിറങ്ങുകയായിരുന്നു. അക്കാര്യം പരിശുദ്ധ ഖുർആൻ വിവരിക്കുന്നുണ്ട്: മൂസാ നബി അദ്ദേഹത്തോട് ചോദിച്ചു: താങ്കൾക്ക് കിട്ടിയ സന്മാർഗജ്ഞാനം എനിക്കൽപം പഠിപ്പിച്ചുതരുന്നതിനായി ഞാൻ കൂടെ വരട്ടയോ (സൂറത്തു കഹ്ഫ് 66). 

മനുഷ്യന്റെ ജീവിത സമയങ്ങളിൽ വിജ്ഞാന സമ്പാദനത്തിനായി മാറ്റിവെച്ചതാണ് ഏറ്റവും ലാഭകരമായ നിക്ഷേപം. കാരണം നല്ല വിജ്ഞാനങ്ങളാണ് വ്യക്തികൾക്കും സമൂഹത്തിനും എന്നല്ല മനുഷ്യ സംസ്‌കാരത്തിന് തന്നെ ഗതി നിർണയിക്കുന്നത്. ഉപകാരമുള്ളത് ആഗ്രഹിക്കാനും അതിനായി ദുർബലനാവാതെ അല്ലാഹുവിനോട് സഹായം തേടാനുമാണ് നബി (സ്വ) ഉപദേശിച്ചിരിക്കുന്നത് (ഹദീസ് മുസ്ലിം 2664). ഉപകാരപ്രദമായ അറിവുകളോടൊപ്പം അതനുസരിച്ചുള്ള പ്രവർത്തനം കൂടിയാവുമ്പോഴാണ് അർത്ഥപൂർണമാവുന്നത്. പഠിക്കാനിറങ്ങിയാൽ അറിവ് നേടാനാവും, അറിവ് നേടിയാൽ അതനുസരിച്ച് പ്രാവർത്തികമാക്കണം എന്നാണ് സ്വഹാബി പ്രമുഖനായ അബ്ദുല്ലാ ബ്‌നു മസ്ഊദ് (റ) പറഞ്ഞത് (ദാരിമി 378).


back to top