പ്രാർത്ഥിക്കുവിൻ, ഉത്തരം ദൈവിക വാഗ്ദാനമാണ്

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 10/11/2023


പ്രാർത്ഥന (ദുആ) ആരാധനയുടെ മജ്ജയാണ്. സത്യവിശ്വാസിയുടെ പ്രാർത്ഥന ഒരിക്കലും നിഷ്ഫലമാവാനില്ല. പ്രാർത്ഥിച്ചവന് അല്ലാഹു ഉത്തരം ചെയ്തിരിക്കും, ചോദിച്ചവന് അവൻ നൽകിയിരിക്കും. അല്ലെങ്കിൽ തത്തുല്യമോ ശ്രേഷ്ഠമോ ആയ പ്രതിഫലം നൽകിയിരിക്കും. അല്ലാഹുവിന്റെ ശ്രേഷ്ഠ നാമങ്ങളായ 99 അസ്മാഉൽ ഹുസ്‌നായിൽ ഒന്നാണ് മുജീബ് എന്നുള്ളത്. ഉത്തരം നൽകുന്നവൻ എന്നാണ് അതിന്റെ ചുരുക്കാർത്ഥം. ആ നാമത്തിന്റെ വിവക്ഷ വിശാലമാണ്. വിളിച്ചവന്റെ വിളി കേൾക്കുകയും ഉത്തരം നൽകുകയും ചെയ്യും അല്ലാഹു. അടിമയുടെ അഭ്യർത്ഥന അല്ലാഹുവിന് കൂടുതൽ ഇഷ്ടമുള്ളതാണ്. കേഴുന്നവന്റെ വിഷമങ്ങൾ അകറ്റുകയും ചെയ്യും അവൻ. ഖുർആനിലൂടെ അല്ലാഹു പറയുന്നു: അല്ലെങ്കിൽ വിഷമത്തിലകപ്പെട്ടവൻ പ്രാർത്ഥിക്കുമ്പോൾ ഉത്തരം നൽകുകയും ആപത്ത് നീക്കുകയും നിങ്ങളെ ഭൂമിയിൽ പ്രതിനിധികളാക്കുകയും ചെയ്തവനോ ഉത്തമൻ (സൂറത്തുന്നംല് 62).


പ്രവാചകന്മാരൊക്കെയും പ്രാർത്ഥിക്കുകയും അല്ലാഹു അവരുടെ വിളിക്ക് ഉത്തരം നൽകുകയും ചെയ്തിട്ടുണ്ട്. അക്കാര്യം ഖുർആൻ അവരുടെ പേരു സഹിതം വിവരിക്കുന്നുണ്ട്. 

നൂഹ് നബി (അ)യുടെ പ്രാർത്ഥനയെപ്പറ്റി അല്ലാഹു പറയുന്നു: നൂഹ് നമ്മെ വിളിക്കുകയുണ്ടായി. അപ്പോൾ ഉത്തരം നൽകിയവൻ എത്ര നല്ലവൻ (സൂറത്തു സ്വാഫാത്ത് 75).


അയ്യൂബ് നബി (അ) തന്റെ രോഗശമനത്തിന് പ്രാർത്ഥിച്ച കാര്യവും വിവരിക്കുന്നുണ്ട്: അയ്യൂബ് നബിയെയും ഓർക്കുക. 'നിശ്ചയമായും എനിക്ക് കഷ്ടപ്പാട് ബാധിച്ചിരിക്കുന്നു, നീ കരുണ ചെയ്യുന്നവരിൽ ഏറ്റവും കരുണ ചെയ്യുന്നവനാണല്ലൊ' എന്നു അദ്ദേഹം തന്റെ രക്ഷിതാവിനോട് പ്രാർത്ഥിച്ച സന്ദർഭം. അപ്പോൾ അദ്ദേഹത്തിനു നാം ഉത്തരം നൽകുകയും തന്നെ ബാധിച്ച കഷ്ടപ്പാടുകളെല്ലാം അകറ്റിക്കളയുകയും ചെയ്തു (സൂറത്തുൽ അമ്പിയാഅ് 73, 74).


യൂനുസ് നബി (അ) മത്സ്യവയറ്റിൽ അകപ്പെട്ടപ്പോൾ പ്രാർത്ഥിച്ചതിനെപ്പറ്റിയും അല്ലാഹു പറയുന്നു: യൂനുസ് നബിയെയും ഓർക്കുക. അദ്ദേഹം കുപിതനായിക്കൊണ്ട് പോയ സന്ദർഭം. അപ്പോൾ തന്റെ മേൽ കുടുസ്സാക്കുകയേയില്ലെന്നു അദ്ദേഹം ധരിച്ചു. അങ്ങനെ ഇരുട്ടുകളിൽ വെച്ചു അദ്ദേഹം പ്രാർത്ഥിച്ചു: 'നീയല്ലാതെ ഒരു ആരാധ്യനുമില്ല. നിന്റെ പരിശുദ്ധിയെ ഞാൻ പ്രകീർത്തിക്കുന്നു. നിശ്ചയമായും ഞാൻ അക്രമികളിൽപ്പെട്ടവനായിരിക്കുന്നു' (സൂറത്തുൽ അമ്പിയാഅ് 87, 88).


സകരിയ്യ നബി (അ)ക്ക് സന്താനസൗഭാഗ്യം സാധ്യമാക്കിയ പ്രാർത്ഥനയെക്കുറിച്ച് ഖുർആൻ വിശദമാക്കുന്നു: സകരിയ്യ നബിയെയും ഓർക്കുക. 'എന്റെ രക്ഷിതാവേ, എന്നെ പിന്തുടർച്ചക്കാരില്ലാത്ത ഒറ്റയായി വിട്ടുകളയരുതേ. നീ അനന്തരമെടുക്കുന്നവരിൽ ഉത്തമനാണല്ലൊ' എന്നദ്ദേഹം തന്റെ രക്ഷിതാവിനോട് പ്രാർത്ഥിച്ച സന്ദർഭം. അപ്പോൾ അദ്ദേഹത്തിനു നാം ഉത്തരം നൽകുകയും യഹ്‌യയെ പ്രദാനം ചെയ്യുകയും അദ്ദേഹത്തിന്റെ ഭാര്യയെ നന്നാക്കിക്കൊടുക്കുകയും ചെയ്തു. അവരെല്ലാം നല്ല കാര്യങ്ങളിൽ അത്യുൽസാഹം കാണിച്ചു മുന്നോട്ടു വരുന്നവരും ആഗ്രഹിച്ചും ഭയപ്പെട്ടുംകൊണ്ട് നമ്മോട് പ്രാർത്ഥിക്കുന്നവരും തന്നെയായിരുന്നു. നമ്മോട് വിനയം കാട്ടുന്നവരുമായിരുന്നു അവർ (സൂറത്തുൽ അമ്പിയാഅ് 89, 90).


പ്രവാചകന്മാരെപ്പോലെ സത്യവിശ്വാസികളായ അടിമകളുടെ പ്രാർത്ഥനക്കും അല്ലാഹു ഉത്തരം നൽകും. പ്രാർത്ഥനക്ക് ഉത്തരം നൽകുമെന്നുള്ളത് അല്ലാഹുവിൽ നിന്നുള്ള വാഗ്ദാനമാണ്. പരിശുദ്ധ ഖുർആനിലെ സൂറത്തുൽ ഖാഫിർ 60ാം സൂക്തം ആ ദൈവിക വാഗ്ദാനം പ്രഖ്യാപിക്കുന്നുണ്ട്. മാത്രമല്ല മുഹമ്മദ് നബി (സ്വ) പറയുന്നു: അല്ലാഹു നിങ്ങളോട് പ്രാർത്ഥിക്കാൻ കൽപ്പിക്കുകയും നിങ്ങൾക്ക് ഉത്തരം നൽകുമെന്ന് വാഗ്ദത്തം ചെയ്യുകയും ചെയ്തിട്ടുണ്ട് (ഹദീസ് അബൂ ദാവൂദ് 1175, ഇബ്‌നു ഹബ്ബാൻ 991). മനുഷ്യ ജിന്നുവർഗത്തിലെ മുഴുവൻപേരും ചോദിച്ചാലും ഒരംശം പോലും കുറയാതെ നൽകുമെന്ന് അല്ലാഹു പറയുന്നതായി ഖുദ്‌സിയ്യായ ഹദീസുമുണ്ട് (ഹദീസ് മുസ്ലിം 2577).


നബി (സ്വ) സ്വഹാബികളെ പ്രാർത്ഥന അധികരിപ്പിക്കാൻ പ്രേരിപ്പിക്കുമായിരുന്നു. എന്നിട്ടു പറയും: ജനങ്ങളിൽ ഏറ്റവും അശക്തൻ പ്രാർത്ഥനക്ക് അശക്തനായവനാണ് (ത്വബ്‌റാനി 61). പ്രാർത്ഥനയാണല്ലൊ എല്ലാ സുകൃതങ്ങളുടെയും താക്കോൽ. അതുകൊണ്ട് തന്നെ നബി (സ്വ) അവരെ എല്ലാ നന്മകളെയും ഉൾക്കൊള്ളുന്ന പ്രാർത്ഥനകൾ പഠിപ്പിച്ചിരുന്നു. അനസ് (റ) റിപ്പോർട്ട് ചെയ്യുന്നു: ഒരിക്കൽ നബി (സ്വ) രോഗം മൂർച്ചിച്ച ഒരു വിശ്വാസിയെ സന്ദർശിക്കുകയുണ്ടായി. അദ്ദേഹത്തോട് നബി (സ്വ) ചോദിച്ചു: നീ അല്ലാഹുവിനോട് വല്ലതും പ്രാർത്ഥിക്കുകയോ ചോദിക്കുകയോ ചെയ്തിട്ടുണ്ടോ? അദ്ദേഹം പറഞ്ഞു: അതെ, 'അല്ലാഹുവേ നീ എനിക്ക് പരലോകത്ത് ശിക്ഷ വിധിച്ചിട്ടുണ്ടെങ്കിൽ അത് ഇഹലോകത്ത് വെച്ച് തന്നെ തരണേ' എന്ന് പ്രാർത്ഥിച്ചിട്ടുണ്ട്. അപ്പോൾ നബി (സ്വ) പറഞ്ഞു (അത്ഭുതത്തോടെ): അല്ലാഹു എത്ര പരിശുദ്ധൻ, നിനക്ക് സാധ്യമല്ല. 'അല്ലാഹുവേ ഇഹത്തിലും പരത്തിലും എനിക്ക് നീ നന്മ പ്രദാനം ചെയ്യണേ, നരകശിക്ഷയെ തൊട്ട് കാക്കണേ' എന്നല്ലേ പ്രാർത്ഥിക്കേണ്ടത്. ശേഷം അദ്ദേഹം അങ്ങനെ പ്രാർത്ഥിക്കുകയും അല്ലാഹു അദ്ദേഹത്തിന് രോഗശമനം നൽകുകയും ചെയ്തു (ഹദീസ് മുസ്ലിം 2688).


അല്ലാഹു നമ്മുടെ പ്രാർത്ഥനകൾ സ്വീകരിക്കാനുള്ള വഴികൾ നബി (സ്വ) പഠിപ്പിച്ചുതന്നിട്ടുണ്ട്. പൂർണ മനസാന്നിധ്യത്തോടെ അല്ലാഹുവിനോടുള്ള സംഭാഷണത്തിനായി അവനിലേക്ക് ഭക്തിയോടെയും വണക്കത്തോടെയും പ്രാർത്ഥിക്കണം. പ്രാർത്ഥന മൂന്ന് പ്രാവശ്യം ആവർത്തിക്കുകയും വേണം. അബ്ദുല്ലാ ബ്‌നു മസ്ഊദ് (റ) പറയുന്നു: നബി (സ്വ) പ്രാർത്ഥിച്ചാൽ മൂന്നു പ്രാവശ്യം പ്രാർത്ഥിക്കും, ചോദിച്ചാൽ മൂന്നുപ്രാവശ്യം ചോദിക്കും (ഹദീസ് മുസ്ലിം 1172). 


സൽചെയ്തികളും പ്രാർത്ഥനാ സ്വീകാര്യതക്കുള്ള നിദാനങ്ങളാണ്. സൽക്കർമ്മങ്ങൾ ചെയ്ത് അല്ലാഹുവിലേക്ക് അടുത്ത അടിമകളുടെ പ്രാർത്ഥനക്ക് ഉത്തരം നൽകുമെന്ന് അല്ലാഹു തന്നെ പറഞ്ഞതാണ:് അപ്പോൾ അവരുടെ നാഥൻ ഇങ്ങനെ ഉത്തരം നൽകി: പുരുഷനായിരുന്നാലും സ്ത്രീ ആയിരുന്നാലും നിങ്ങളിലുള്ള സൽക്കർമ്മിയുടെ ചെയ്തികൾ നാം പാഴാക്കുകയേയില്ല (ഖുർആൻ, സൂറത്തു ആലു ഇംറാൻ 195). 

പ്രാർത്ഥിച്ചാൽ അതിന് ഉത്തരം ലഭിക്കുന്നതിന് ധൃതി കാട്ടരുത്. ധൃതി കാട്ടാത്തവന് ഉത്തരം നൽകപ്പെടുമെന്ന് നബി (സ്വ) പറഞ്ഞിട്ടുണ്ട് (ഹദീസ് ബുഖാരി, മുസ്ലിം).



പ്രാർഥനക്ക് ഉത്തരം ലഭിക്കുന്ന സമയസന്ദർഭങ്ങൾ നബി (സ്വ) അറിയിച്ചിട്ടുണ്ട്. അതിലൊന്ന് രാത്രിയുടെ അവസാന പകുതിഭാഗമാണ്. നബി (സ്വ) പറയുന്നു: രാത്രിയുടെ പകുതിയോ മൂന്നിലൊന്ന് ഭാഗമോ കഴിഞ്ഞാൽ അല്ലാഹു താഴ്ഭാഗത്തെ ആകാശത്തിൽ വന്ന് നേരം പുലരുവോളം പറയും: 'ആരെങ്കിലും ചോദിച്ചാൽ നൽകിയിരിക്കും, ആരെങ്കിലും പ്രാർത്ഥിച്ചാൽ ഉത്തരം ചെയ്തിരിക്കും, ആരെങ്കിലും പാപമോചനം തേടിയാൽ പൊറുത്തുകൊടുത്തിരിക്കും (ഹദീസ് മുസ്ലിം 758). മറ്റൊരു ഹദീസിൽ കാണാം: രാത്രിയിലൊരു സമയമുണ്ട്. ആ സമയത്ത് സത്യവിശ്വാസിയായ അടിമ വല്ലതും ചോദിച്ചാൽ അല്ലാഹു അവനത് നൽകിയിരിക്കും. ആ സമയം എല്ലാ രാത്രിയിലുമുണ്ട് (ഹദീസ് മുസ്ലിം 757).


പ്രാർത്ഥിക്കുന്നവന്റെ മനസ്സ് അല്ലാഹുവിന് അറിയാം. അവനിക്ക് നന്മയാർന്നത് അല്ലാഹു തെരഞ്ഞെടുത്ത് നൽകുകയും ചെയ്യും. ദുഷ്‌കരമല്ലാത്ത പ്രാർത്ഥനക്ക് ഒന്നുങ്കിൽ പെട്ടെന്ന് ഉത്തരം നൽകും, അല്ലെങ്കിൽ അതിനെ പരലോകത്തേക്ക് മാറ്റിവെച്ച് പ്രതിഫലം നൽകും, അതുമല്ലെങ്കിൽ ആപത്തിനെ തൊട്ട് അവനെ കാത്തു സംരക്ഷിക്കുമെന്ന് നബി (സ്വ) അരുളിയിട്ടുണ്ട് (ഹദീസ് അഹ്‌മദ് 11133, തുർമുദി 3573). 

അല്ലാഹു അടിമയുടെ അടുത്ത് തന്നെയുണ്ട്. വിളി കേൾക്കുകയും ഉത്തരം നൽകുകയും ചെയ്യുന്നവനുമാകുന്നു മുജീബായ അല്ലാഹു. അക്കാര്യം അല്ലാഹു തന്നെ വ്യക്തമാക്കുന്നുണ്ട് (ഖുർആൻ, സൂറത്തുൽ ബഖറ 186). അല്ലാഹുവിനോട് പ്രാർത്ഥിക്കുമ്പോൾ അവന് ഉത്തരം നൽമെന്ന ഉറച്ച ആത്മവിശ്വാസത്തിൽ തന്നെ പ്രാർത്ഥിക്കണമെന്ന് നബി (സ്വ) പഠിപ്പിക്കുന്നു (ഹദീസ് തുർമുദി 3479, അഹ്‌മദ് 6655). നോമ്പുകാരൻ, അക്രമിക്കപ്പെട്ടവൻ, നീതിമാനായ ഭരണാധികാരി, മാതാപിതാക്കൾ എന്നിവരുടെ പ്രാർത്ഥനകൾ ഉത്തരമില്ലാതെ മടക്കപ്പെടുകയില്ലെന്നും പ്രവാചക വചനമുണ്ട്.


back to top