ഉമ്മുൽ മുഅ്മിനീൻ സൈനബ് (റ):

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ 

മൻസൂർ ഹുദവി കളനാട്

തീയ്യതി 17.11.2023


പ്രവാചകർ മുഹമ്മദ് നബി (സ്വ)യുടെ പത്‌നിമാർ അത്യുൽകൃഷ്ഠ മഹിമകളുള്ള മഹതികളാണ്. മഹത്വത്തിലും സ്വത്വത്തിലും അത്യുന്നതർ. അവരോടുള്ള അഭിസംബോധനത്തിലൂടെ പരിശുദ്ധ ഖുർആൻ അവരുടെ സ്ഥാന ഗരിമ വരച്ചുകാട്ടുന്നുണ്ട് : നബി പത്‌നിമാരേ, മറ്റൊരു വനിതയെയും പോലെയല്ല നിങ്ങൾ (സൂറത്തുൽ അഹ്‌സാബ് 32).

ദൈവാനുസരണയും ഭയഭക്തിയുമുള്ള നിഷ്‌കളങ്ക വിശ്വാസിനികളായിരുന്നു. അവർ സാധാരണ സ്ത്രീകളെപ്പോലെയല്ല. സവിശേഷരാണ്. വിശ്വാസികൾക്ക് സുകൃത കാര്യങ്ങളിൽ മാതൃ തുല്യരാണവർ. അല്ലാഹു പറയുന്നു: സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം സ്വന്തത്തെക്കാൾ സമീപസ്ഥരാണ് നബി തിരുമേനി, പ്രവാചക പത്‌നിമാൻ അവരുടെ ഉമ്മമാരുമത്രേ (സൂറത്തുൽ അഹ്‌സാബ് 6). അവരെയും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യണമെന്നർത്ഥം.


നബി (സ്വ) യുടെ ഓരോ പത്‌നിമാർക്കും ഓരോ പ്രത്യേകതകളുണ്ട്. അവരിൽപ്പെട്ടവരാണ് സൈനബ് (റ). മഹതിയുടെ ഉമ്മ നബി (സ്വ) ഇളയമ്മയായ ഉമൈമ ബിൻത് അബ്ദുൽ മുത്തലിബാണ്. മഹതിയുടെ നബി (സ്വ)യുമായുള്ള വിവാഹത്തെപ്പറ്റി വ്യക്തമായ പരാമർശം വിശുദ്ധ ഖുർആൻ സൂറത്തുൽ അഹ്‌സാബ് 37ാം സൂക്തത്തിലുണ്ട്. 

ആ വിവാഹത്തെപ്പറ്റി മഹതി തന്നെ മറ്റു പ്രവാചക പത്‌നിമാരോട് പറയുമായിരുന്നു: നിങ്ങളെ നിങ്ങളുടെ കുടുംബക്കാരാണ് വിവാഹം ചെയ്തു കൊടുത്തത്, എന്നാൽ എന്നെ ഏഴാകാശങ്ങൾക്ക് മുകളിൽ നിന്നായി അല്ലാഹു വിവാഹം ചെയ്തു നൽകിയതാണ് (ഹദീസ് ബുഖാരി 7420). 

സൈനബ് (റ) നബി (സ്വ)ക്ക് ഏറെ പ്രിയമുള്ള പത്‌നിയായിരുന്നു. 

അതേപ്പറ്റി നബി (സ്വ) യുടെ മറ്റൊരു പ്രിയതമ ആയിശ (റ) തന്നെ സാക്ഷ്യപ്പെടുത്തുന്നത് കാണുക: ഞാനും സൈനബും നബിയുടെ അടുക്കൽ സ്ഥാനത്തിൽ തുല്യരായിരുന്നു (ഹദീസ് ബുഖാരി, മുസ്ലിം), എന്നാൽ മതവിഷയത്തിൽ സൈനബനെക്കാൾ ഉത്തമയായ സ്ത്രീയെ ഞാനിതു വരെ കണ്ടിട്ടില്ല. ഏറെ ഭയഭക്തിയുള്ളവരായിരുന്നു. സത്യസന്ധതയുള്ളവരായിരുന്നു. നന്നായി കുടുംബബന്ധം പുലർത്തുന്നവരായിരുന്നു (സിയറു അഅ്‌ലാമി ന്നുബലാഅ്). കുടുംബക്കാരെ സഹായിക്കുന്ന കാര്യത്തിലും അനാഥകൾക്ക് ദാനം ചെയ്യുന്ന കാര്യത്തിലും മഹതി അതിജാഗരൂകയായിരുന്നു. 

ഒരിക്കൽ ഉമർ (റ) സൈനബി (റ)ന്റെ അടുക്കലേക്ക് കുറച്ച് ധനം അയച്ചുനൽകുകയുണ്ടായി. മഹതി അതെല്ലാം കുടുംബക്കാർക്കും അനാഥകൾക്കും വിഹിതിച്ചു നൽകുകയാണുണ്ടായത്.


അചലഞ്ചമായ ദൈവഭയം രൂഢമാക്കുന്നതോടൊപ്പം മാനവികമായ മഹനീയ സ്വഭാവ ഗുണങ്ങളെല്ലാം മഹതിയിൽ സമ്മേളിച്ചിരുന്നു. 

മറ്റൊരു പ്രവാചക പത്‌നി ഉമ്മു സലമ (റ) പറയുന്നുണ്ട്: സൈനബ് ഏറെ നമസ്‌കരിക്കുകയും വ്രതമനുഷ്ഠിക്കുകയും ചെയ്യുന്നവരാണ്, മാത്രമല്ല നന്നായി ജോലി ചെയ്ത് അധ്വാനിച്ചതെല്ലാം കുടുംബക്കാർക്കായി ദാനം ചെയ്യുമായിരുന്നു (അത്വബഖാത്തുൽ കബീർ 100/10). 

പ്രവാചക പത്‌നിമാരുടെ മഹിതമായ ജീവിത മാതൃകകൾ നമ്മൾ പഠിക്കുകയും പകർത്തുകയും വേണം, തലമുറകൾക്ക് കൈമാറുകയും വേണം.

പ്രവാചക പത്‌നിമാരോടും പ്രവാചക കുടുംബക്കാരോടും നല്ലത് മാത്രമേ ചെയ്യാവുമെന്നാണ് പ്രവാചക സാരോപദേശം.  അഹ് ലു ബൈത്തിന്റെ കാര്യത്തിൽ ഏവരെയും അല്ലാഹുവിനെ ഓർമ്മിപ്പിക്കുന്നുവെന്നാണ് തിരുവചനം. പ്രവാചക പത്‌നിമാരെല്ലാം അഹ് ലുബൈത്തായ പ്രവാചക കുടുംബക്കാരെന്ന് സൈദ് ബ്‌നു സാബിത്ത് (റ) പാഠം നൽകിട്ടുണ്ട് (ഹദീസ് മുസ്ലിം 2408)



back to top