സന്മനസ്സുള്ളവർ

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട് 

തീയ്യതി: 26/04/2024

ഉദാത്തം/ ശുദ്ധം/ സുകൃതപൂർണം/ സംതൃപ്തികരം/ പ്രശാന്തം എന്നിങ്ങനെ അർത്ഥമാക്കുന്ന ത്വയ്യിബ് എന്ന പദം പരിശുദ്ധ ഖുർആനിൽ നാൽപതിലധികം സ്ഥലങ്ങളിൽ പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്. ഒരു കാര്യത്തിൽ ത്വയ്യിബ് ഉണ്ടായാൽ അക്കാര്യം അതിമനോഹരമായിരിക്കും, ത്വയ്യിബല്ലെങ്കിൽ അത് വളരെ മോശവുമായിരിക്കും. ത്വയ്യിബായതാണ് അല്ലാഹു സ്വീകരിക്കുന്നതും അവനിലേക്ക് ഉയർത്തപ്പെടുന്നതും. 

നബി (സ്വ) പറയുന്നു: അല്ലാഹു ത്വയ്യിബാണ്, അവൻ ത്വയ്യിബായത് മാത്രമേ സ്വീകരിക്കുകയുള്ളു (ഹദീസ് മുസ്ലിം 1015).  അതായത് ശുദ്ധമായ മനസ്സുകളിൽ നിന്നുള്ള ശുദ്ധമായ കർമ്മങ്ങളാണ് അല്ലാഹുവിങ്കൽ സ്വീകാര്യമായത്. അസൂയയോ വിദ്വേഷമോ ഇല്ലാത്ത, മറ്റുള്ളവരുടെ സന്തോഷത്തിൽ സന്തോഷിക്കുന്ന, അവരുടെ ദുഖത്തിൽ പങ്കുചേരുന്ന, അവരുടെ  പ്രതിസന്ധിയിലോ പരാജയത്തിലോ സുഖം കണ്ടെത്താത്ത,  അടിച്ചധിക്ഷേപിക്കാത്ത, ശപിക്കാത്ത, നികൃഷ്ടമല്ലാത്ത, മ്ലേചത്തരങ്ങളില്ലാത്ത മനസ്സിനുടമകൾ സന്മനസ്സുള്ളവരാണ്. അവർ ത്വയ്യിബുകളാണ്. അവർ ശാന്തി സമാധാനത്തോടെ ജീവിക്കുന്നവരാണ്. സന്മനസ്സ് എന്നത് വലിയ അനുഗ്രഹമാണെന്നാണ് നബി (സ്വ) പഠിപ്പിച്ചിരിക്കുന്നത് (ഹദീസ് ഇബ്‌നു മാജ 2141).


സന്മനസ്സ് തന്നെ ഓജസ്സും തേജസ്സുമാണ്. സന്മനസ്സുള്ളവരുടെ സുകൃതങ്ങൾ ക്ഷേമകാലത്തും ക്ഷാമകാലത്തും ഏവർക്കും പ്രാപ്യമായിരിക്കും. അവർ സഹായഹസ്തരായിരിക്കും. ചുറുചുറുക്കും ധീരതയും മാനുഷികതയും അവരിൽ സമ്മേളിച്ചിരിക്കും. അവർ തേനീച്ചയെ പോലെ,  തിന്നുന്നതും പുറത്തുവിടുന്നതും നല്ലത് മാത്രമായിരിക്കും. സ്വന്തം ശരീരത്തെ സന്നദ്ധസേവനത്തിനായി കഠിനമായി ഉപയോഗപ്പെടുത്തും, ധനം അവശർക്കും ആവശ്യക്കാർക്കും നൽകി സഹായിക്കും. അങ്ങനെ ജാതി മത വർഗ വർണ ഭാഷ വേഷമന്യെ പ്രയാസമനുഭവിക്കുന്നവർക്ക് താങ്ങും തണലുമായിരിക്കും. നാടിനും നാട്ടാർക്കും ഗുണം ചെയ്യുന്നവരായിരിക്കും. ഭിന്നതയുടെയും  വിദ്വേഷത്തിന്റെയും വഴിയിൽ അവർ പ്രവേശിക്കുകയുമില്ല. കരാറുകൾ പാലിക്കുന്നവരായിരിക്കും. വാക്കു നൽകിയാൽ അത് നടപ്പിലാക്കിയിരിക്കും. ജനങ്ങളിൽ ഉത്തമർ കരാർ പാലിക്കുന്ന സുകൃതസ്വരൂപരെന്ന് നബി (സ്വ) തന്നെ സാക്ഷ്യപത്രം നൽകിയിട്ടുണ്ട് (മുസ്‌നദു അബ്ദു ബ്‌നു ഹമീദ് 1499). 


ആളുകളെ കണ്ടുമുട്ടുമ്പോൾ പുഞ്ചിരിയോടെ സമീപിക്കണം. നല്ല അഭിവാദ്യം നടത്തണം. വീടുകളിലേക്കും കടക്കുമ്പോൾ അല്ലാഹുവിങ്കൽ നിന്നുള്ള അനുഗൃഹീതവും ഉദാത്തവുമായ നിലക്ക് സലാം പറയാനാണ് അല്ലാഹു കൽപ്പിക്കുന്നത് (സൂറത്തുന്നൂർ 61).

നല്ല വാക്കുകളാൽ സംസാരിക്കണം (മുഅ്ജമുൽ അൗസത്വ് ത്വബ്‌റാനി 1524). 

ഉദാത്തമായ വാക്കുകൾ അല്ലാഹുവിലേക്ക് ഉയർത്തപ്പെടുമെന്ന് സൂറത്തുൽ ഫാത്വിർ 10ാം സൂക്തത്തിൽ കാണാം. 

ഏറ്റവും ശുദ്ധമായത് അധ്വാനിച്ചു നേടുക. അത് ഉപജീവനത്തിനും അതിജീവനത്തിനും ഉപയോഗിക്കുക. അതിൽ നിന്നുതന്നെ ചെലവഴിക്കുകയും ചെയ്യുക. അല്ലാഹു പറയുന്നുണ്ട്: ഹേ ജനങ്ങളേ, ഭൂമിയിലുള്ളതിൽ അനുവദനീയവും ഉദാത്തവുമായവ നിങ്ങൾ ഭക്ഷിച്ചുകൊള്ളുക (സൂറത്തുൽ ബഖറ 168). സത്യവിശ്വാസികളേ, നിങ്ങൾ സമ്പാദിച്ച ഉദാത്ത വസ്തുക്കളിലും ഭൂമിയിൽ നാം ഉൽപ്പാദിപ്പിച്ചു തന്നവയിൽ നിന്നും വ്യയം ചെയ്യുക (സൂറത്തുൽ ബഖറ 267). കുടുംബത്തിന് ഉത്തമമായത് നൽകുക. അങ്ങനെ സന്താനങ്ങളെ ഉദാത്തമായ രീതിയിൽ വാർത്തെടുക്കണം. ഉദാത്തരായ വനിതകൾ ഉദാത്തന്മാരായ ആണുങ്ങൾക്കും ഉദാത്തന്മാരായ ആണുങ്ങൾ ഉദാത്ത വനിതകൾക്കുമാണെന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട് (സൂറത്തുന്നൂർ 26). 

ഒരാൾ മറ്റൊരു സഹോദരനെ സന്ദർശിക്കാൻ ചെന്നാൽ അല്ലാഹു പറയുമത്രെ: നീ സുകൃതം ചെയ്തിരിക്കുന്നു, നിന്റെ നടത്തം സാർത്ഥകമായിരിക്കുന്നു. നീ സ്വർഗത്തിലൊരു സ്ഥാനം ഉറപ്പിച്ചിരിക്കുന്നു (ഹദീസ്, അദബുൽ മുഫ്‌റദ്   345).

നല്ല നാടും നല്ല അന്തരീക്ഷവും സ്വസ്ഥ സുന്ദരമായ ജീവിതമാണ് സമ്മാനിക്കുന്നത്.

ആണായാലും പെണായാലും സത്യവിശ്വാസിയായി നന്മ വർത്തിച്ചാൽ സുകൃതപൂർണമായ ജീവിതം നൽകുമെന്നാണ് അല്ലാഹു പറഞ്ഞിരിക്കുന്നത്  (സൂറത്തുന്നഹ്‌ല്് 97). മാത്രമല്ല അങ്ങനെയുള്ളവർ പരലോകത്ത് ഉത്തമവസതികളുള്ള സ്വർഗീയ ആരാമങ്ങളിൽ വസിക്കുന്നവരായിരിക്കും.


back to top