നന്ദിയുള്ളവരാകണം

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 19/04/2024

നന്ദിയുണ്ടാവുക എന്നത് സത്യവിശ്വാസപരവും മാനുഷികവുമായ ഉന്നത ഗുണവിശേഷണമാണ്. സത്യവിശ്വാസി സ്രഷ്ടാവിനോട് എന്നും നന്ദി പ്രകാശിപ്പിച്ചുകൊണ്ടിരിക്കും. ശുദ്ധമായ മനസ്സിന്റെയും സജീവമായ ഹൃദയത്തിന്റെയും ദൈാവാനുഗ്രഹങ്ങളിലുള്ള തൃപ്തിപ്പെടലിന്റെയും അവ സത്യസന്ധമായി അംഗീകരിക്കുന്നതിന്റെയും അടയാളമാണ് നന്ദി. ആരോഗ്യം, രഹസ്യങ്ങൾ, സമ്പത്ത്, ബുദ്ധി, സ്വഭാവങ്ങൾ, കുടുംബം എന്നല്ല സകല കാര്യങ്ങളിലും സ്രഷ്ാടാവിനോട് നന്ദി പ്രകാശിപ്പിക്കേണ്ടിയിരിക്കുന്നു.

അല്ലാഹുവിനോട് നന്ദി പ്രകാശിപ്പിക്കുക, അവനെയാണ് നിങ്ങൾ ആരാധിക്കുന്നതെങ്കിൽ (സൂറത്തുൽ ബഖറ 172). 

നിങ്ങൾ കൃതജ്ഞത പ്രകാശിപ്പിക്കുന്നുവെങ്കിൽ അവൻ സംതൃപ്തനാകും (സൂറത്തുസ്സുമർ 07). 


നബിമാരെല്ലാവരും സ്രഷ്ടാവായ അല്ലാഹുവിനോട് ഏറെ നന്ദി കാട്ടുന്നവരായിരുന്നു.

നൂഹ് നബി (അ)യെക്കുറിച്ച് അദ്ദേഹം അതീവ കൃതജ്ഞതയുള്ളവരായിരുന്നെന്ന് ഖുർആനിലുണ്ട് (സൂറത്തുൽ ഇസ്‌റാഅ് 03). 

ഇബ്രാഹിം നബി (അ) അല്ലാഹുവിൽ നിന്നുള്ള അനുഗ്രഹങ്ങൾക്ക് നന്ദി ചെയ്യുന്നവരായിരുന്നെന്ന് സൂറത്തുന്നഹ്ൽ 121ാം സൂക്തത്തിലുണ്ട്. 

നമ്മുടെ പ്രവാചകർ മുഹമ്മദ് നബി (സ്വ) എനിക്ക് നന്ദിയുള്ള ദൈവദാസൻ ആകണ്ടയോ എന്ന് പറയുമായിരുന്നു (ഹദീസ് ബുഖാരി, മുസ്ലിം).


സത്യവിശ്വാസിക്ക് നന്ദിയെന്ന സ്വഭാവം രക്തത്തിൽ അലിഞ്ഞുചേർന്നതായിരിക്കും. സന്തോഷഘട്ടത്തിലും സന്താപഘട്ടത്തിലും, പ്രഭാത പ്രദോഷങ്ങളിലും, അനക്കത്തിലും ഒതുക്കത്തിലും സ്രഷ്ടാവിനെ നന്ദിയോടെ വാഴ്ത്തുന്നവരായിരിക്കും. അല്ലാഹു പറയുന്നുണ്ട്: യാതൊന്നും അറിഞ്ഞുകൂടാത്തവരായി നിങ്ങളെ ഉമ്മമാരുടെ വയറ്റിൽ നിന്നു അല്ലാഹു ബഹിർഗമിപ്പിക്കുകയും കൃതജ്ഞരാകാനായി നിങ്ങൾക്കവൻ കേൾവിയും കാഴ്ചയും ഹൃദയവും നൽകുകയുമുണ്ടായി (സൂറത്തുന്നഹ് ല് 78). 

നബി (സ്വ) ഒരു ദിവസം തുടങ്ങുന്നത് തന്നെ അല്ലാഹു നന്ദി അർപ്പിച്ചുകൊണ്ടാണ്. നാഥനുള്ള നന്ദി ചൊല്ലികൊണ്ടുള്ള പ്രത്യേക പ്രാർത്ഥന നടത്തിയാൽ ആ ദിവസത്തെ നന്ദിപ്രകാശനം നിർവ്വഹിച്ചിരിക്കുന്നുവെന്നാണ് നബി (സ്വ) പറഞ്ഞത് (ഹദീസ് അബൂദാവൂദ് 5073, സ്വഹീഹു ഇബ്‌നു ഹിബ്ബാൻ 861). 

സത്യവിശ്വാസി ദിവസം മുഴുക്കെ നാഥനോട് നന്ദി പ്രകടിപ്പിക്കുന്നവനാണ്. അല്ലാഹു ചെയ്ത അനുഗ്രഹങ്ങൾ ക്ലിപ്തപ്പെടുത്താൻ പറ്റാത്തതത്രയാണ് (സൂറത്തുന്നഹ്‌ല് 18). എല്ലാ അനുഗ്രഹങ്ങളും അല്ലാഹുവിൽ നിന്ന് മാത്രമാണ്. ഏതൊരു അനുഗ്രഹവും അല്ലാഹുവിൽ നിന്നാണതെല്ലാം (സൂറത്തു ന്നഹ്‌ല് 53). 

അല്ലാഹുവിൽ നിന്നൊരു വലിയൊരു അനുഗ്രഹമാണ് മഴ. അല്ലാഹു യുഎഇ രാഷ്ട്രത്തിന് മഴ നൽകി അനുഗ്രഹിച്ചിരിക്കുകയാണ്. മഴ നാടിനെ ജീവസുറ്റതാക്കും. ജലസേചനം സാധ്യമാക്കും. അന്തരീക്ഷത്തെ ശുദ്ധമാക്കും. ജീവജാലങ്ങളും സന്തോഷിക്കും. സസ്യവൃക്ഷലധാദികൾ മുളയ്ക്കും. ഈ അനുഗ്രഹങ്ങൾക്കെല്ലാം നാം അല്ലാഹുവിനോട് നന്ദിയുള്ളവരാകണം. 

'താങ്കൾ കാണുന്നില്ലേ, അല്ലാഹു മേഘത്തെ തെളിച്ചുകൊണ്ടുവരികയും എന്നിട്ടവ കൂട്ടിച്ചേർക്കുകയും കൂമ്പാരമാക്കുകയും ചെയ്യുന്നു. അപ്പോൾ അതിനിടയിലൂടെ മഴ ബഹിർഗമിക്കുന്നതു കാണാം, ആകാശത്തെ മേഘപർവതങ്ങളിൽ നിന്നു അവൻ ആലിപ്പഴും വർഷിക്കുകയും താനുദ്ദേശിക്കുന്ന ചിലർക്ക് വീഴ്ത്തുകയും മറ്റു ചിലരിൽ നിന്നത് തിരിച്ചുവിടുകയും ചെയ്യുന്നു. അതിന്റെ മിന്നൽപ്രഭ കണ്ണുകളെ റാഞ്ചിയെടുക്കുമാറാകുന്നതാണ്' (സൂറത്തുന്നൂർ 43). 

സൃഷ്ടികളോടും നന്ദിയുള്ളവരാകണം. സഹായിച്ച ഭരണകൂടത്തോട്, താങ്ങും തണലുമായ സന്നദ്ധ സേവകരോട്.. അങ്ങനെ പല മേഖലകളിലായി സഹായിച്ചവരോടും സഹകരിച്ചവരോടെല്ലാം കടപ്പെട്ടിരിക്കുന്നു.


back to top