ഐകമത്യം മഹാ അനുഗ്രഹം

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി 01/12/2023

ഐക്യ അറബ് എമിറേറ്റുകളെന്ന യുഎഇ രാഷ്ട്രത്തിന്റെ രൂപീകരണം നടന്നിട്ട് 52 വർഷങ്ങളായിരിക്കുകയാണ്. ഐക്യമാണ് ഈ നാടിന്റെ ആത്മാവ്. ഐക്യം തന്നെയാണ് ഇവിടത്തെ ഐശ്വര്യവും. പ്രവാചകർ മുഹമ്മദ് നബി (സ്വ) സാരോപദേശം നടത്തിയ പ്രകാരം കെട്ടിടത്തിന്റെ ഓരോ ഭാഗവും മറ്റെ ഭാഗത്തെ ശക്തിപ്പെടുത്തും കണക്കെ ഐക്യബോധം പാരസ്പര്യത്തിന് കരുത്ത് പകരുന്ന ഇടമാണ് ഇവിടം.

അല്ലാഹു വിശുദ്ധ ഖുർആനിലൂടെ കൽപ്പിക്കുന്നുണ്ട്: നിങ്ങൾ അല്ലാഹുവിന്റെ പാശം മുറുകെ പിടിക്കുക, ഭിന്നിക്കരുത് (സൂറത്തു ആലു ഇംറാൻ 103). കാര്യങ്ങളിലെ ഏകതാബോധം ശേഷിയും ശേമുഷിയും നൽകുമെന്നാണ് സാരം.

ഒത്തൊരുമ അല്ലാഹു ഇഷ്ടപ്പെടുന്ന കാര്യമാണ്. അല്ലാഹു തൃപ്തിപ്പെടുന്ന മൂന്നു കാര്യങ്ങളിൽ ഒന്ന് ഐക്യപ്പെടലെന്നാണ് നബി (സ്വ) പഠിപ്പിച്ചിരിക്കുന്നത് (ഹദീസ് മുസ്ലിം 1715, മാലിക് 1830). 

മദീനയിലെത്തിയ നബി (സ്വ) സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും പാഠങ്ങളോതി ആൾക്കാരുടെ മനസ്സുകളെ ഇണക്കുകയായിരുന്നു ചെയ്തത്. മാത്രമല്ല, അൻസ്വാറുകളായ അവർക്കിടയിലും മക്കയിൽ നിന്ന് ഹിജ്‌റ ചെയ്ത് മദീനയിലെത്തിയ മുഹാജിറുകൾക്കിടയിലും അഖണ്ഡതാ വികാരം ഊട്ടിയുറപ്പിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ അവരുടെ ചിന്തകളിൽ സ്വന്തം സഹോദരന്മാരെന്ന കണക്കെ സമഭാവനാ ബോധം രൂഢമൂലമായിരുന്നു.

സൂറത്തുൽ അൻഫാൽ 63ാം സൂക്തത്തിൽ കാണാം: 'അവരുടെ ഹൃദയങ്ങൾ തമ്മിൽ അവൻ കൂട്ടിയിണക്കുകയുമുണ്ടായി. ഭൂമിയിലുള്ള മുഴുവൻ വിഭവങ്ങളും ചെലവഴിച്ചാലും അവരുടെ മനസ്സുകൾ ഇണക്കിച്ചേർക്കാൻ താങ്കൾക്കാകുമായിരുന്നില്ല. പക്ഷേ അല്ലാഹു അവരുടെ ഹൃദയങ്ങൾ കൂട്ടിയിണക്കി'.

ഈ നാടിന്റെ വികാസത്തിന്റെയും വികസനത്തിന്റെ പ്രധാന നിദാനം ഐക്യം തന്നെയാണ്. ഐകമത്യമെന്ന മഹാബലത്തിൽ ഭാഗമായാൽ നാമും അനുഗൃഹീതരാവും. ഇവിടങ്ങളിൽ ഐക്യം നിലനിർത്തേണ്ടത്തണ്ട് ഈ തുരുത്തിൽ വസിക്കുന്ന ഓരോർത്തരുടെയും ബാധ്യതയാണ്.


back to top