ജൈവസുസ്ഥിരത ഖുർആനിൽ

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 07/12/2023


ഭൂമിയിൽ ജീവൻ നിലനിൽക്കാനാവശ്യമായ വൈവിധ്യവും സമൃദ്ധവുമായ ജൈവ വ്യവസ്ഥകൾ സുസ്ഥിരപ്പെടുന്നതിനെയാണ് ഇസ്തിദാമ  (استدامة) സസ്്‌സ്റ്റൈനബിലിറ്റി (Sustainability) എന്നു പറയുന്നത്. 


അല്ലാഹു ഈ പ്രപഞ്ചത്തെ വളരെ നിർമാണാത്മവും ദൃഢഭദ്രവുമായാണ് സൃഷ്ടിച്ചിരിക്കുന്നത്. അവൻ ആകാശ ഭൂമികളെ പടച്ചതിലും രാപ്പകലുകൾ മാറ്റിമാറ്റി സംവിധാനിച്ചതിലും ധാരാളം ദൃഷ്ടാന്തങ്ങളുണ്ട് (സൂറത്തു യൂനുസ് 06) 

അല്ലാഹു ഭൂമിയിലെ ജീവജാലങ്ങളുടെ ജീവന്റെ നിലനിൽപ്പിനാവശ്യമായ ഭക്ഷണപാനീയങ്ങളും മറ്റു വിഭവങ്ങളും നിക്ഷേപിച്ച് ഉപജീവനത്തിനും അതിജീവനത്തിനും  ആവശ്യമായതൊക്കെയും തയ്യാർ ചെയ്തിട്ടുണ്ട്. എല്ലാം അവന്റെ യുക്തിഭദ്രങ്ങളായ തീരുമാനങ്ങളാണ്. ഭൂമിയിൽ അവൻ അനുഗ്രഹം ചൊരിയുകയും അന്നപാനാദികൾ വ്യവസ്ഥപ്പെടുത്തുകയുമുണ്ടായി (സൂറത്തു ഫുസ്വിലത്ത്  10). 

അല്ലാഹു ഭൂമിയിലെ ജൈവ സുസ്ഥിരതക്കുള്ള എല്ലാവിധ നടപടിക്രമങ്ങളും വ്യവസ്ഥ ചെയ്തിട്ടുണ്ട്. ആദമി (അ)നെയും ഇണ ഹവ്വാ ബീവിയെയും ഭൂമിയിലേക്ക് ഇറക്കുമ്പോൾ തന്നെ അവരോടായി അല്ലാഹു പറഞ്ഞത് അന്ത്യനാൾ വരെ നിങ്ങൾക്കു ഭൂമിയിൽ അധിവാസവും ജീവിത വിഭവങ്ങളുമുണ്ടായിരിക്കും എന്നാണ് (സൂറത്തു ബഖറ 36). 


നൂഹ് നബി (അ) കപ്പൽ നിർമ്മാണം പൂർത്തിയാക്കിയപ്പോൾ സമസ്ത ജന്തുവർഗങ്ങളിൽ നിന്നും രണ്ടു ഇണകളെ അതിൽ കയറ്റിക്കൊള്ളാനാണ് അല്ലാഹു കൽപ്പിച്ചത് (സൂറത്തു ഹൂദ് 40). അങ്ങനെ നൂഹ് നബി (അ) ഭൂലോകത്തെ സകല ജീവവർഗങ്ങളിൽ നിന്നും ആണിനെയും പെണ്ണിനെയും കപ്പലിൽ ഉൾക്കൊള്ളിക്കുകയുണ്ടായി. ഭൂമിയിലെ എല്ലാതരം ജൈവവ്യവസ്ഥകളും പരിസ്ഥിതി വിഭവങ്ങളും നിലനിർത്താനായിരുന്നു അങ്ങനെ ചെയ്തത്. 


ഭൂപ്രകൃതിയെ മലിനമാക്കാതെ സംരക്ഷിക്കേണ്ടത് നാമോരോർത്തരുടെയും ബാധ്യതയാണ്. അല്ലാഹു പറയുന്നുണ്ട്: നാട്ടിൽ അല്ലാഹു നന്മ വരുത്തിയശേഷം നിങ്ങളിവിടെ നാശമുണ്ടാക്കരുത് (സൂറത്തുൽ അഅ്‌റാഫ് 85). 

ഭൂവിഭവങ്ങളെ വികസിപ്പിക്കാനും നാഗരികത സമ്പന്നമാക്കാനും നല്ല സംസ്‌കാരങ്ങൾ പടുത്തുയർത്താനും അല്ലാഹുവിന്റെ ആജ്ഞയുണ്ട്. സൂറത്തുൽ ഹൂദ് 61ാം സൂക്തത്തിൽ അല്ലാഹു മനുഷ്യരെ ഭൂമിയിൽ നിന്നു സൃഷ്ടിക്കുകയും അതിൽ അധിവസിപ്പിക്കുകയും ചെയ്തുവെന്ന പരാമർശമുണ്ട്. അതായത് നമ്മെ അധിവസിപ്പിച്ചത് ഭൂമിലെ നന്മകളെ നിർമാണാത്മകമാക്കാനാണ്. വരും തലമുറകൾക്ക് വാസം സുതാര്യമാവും വിധം വാസസ്ഥലങ്ങളും കെട്ടിടങ്ങളും നിർമ്മിക്കൽ, ജലസേചനം സാധ്യക്കൽ, റോഡുകൾ പണിയൽ തുടങ്ങിയവ ഭൂസ്വത്തുകളുടെ ഉപകാര പ്രയോഗങ്ങളാണ്. 


നൂഹ് നബി (അ)യോടും കൂടെ കപ്പലിൽ കയറിയ സമൂഹങ്ങളോടും അല്ലാഹുവിൽ നിന്നുള്ള സമാധാനത്തോടും ക്ഷേമൈശ്വര്യങ്ങളോടുമൊപ്പം കപ്പലിറങ്ങാനാണ് കൽപനയുണ്ടായത് (സൂറത്തു ഹൂദ് 48).

ഭൂമിയിലെ ജൈവ സുസ്ഥിരത നിലനിർത്തിയാലേ സമൂഹത്തിൽ ശാന്തിയും സമാധാനവും സമൃദ്ധിയും ഉണ്ടാവുകയുള്ളു.


നാമും ഈ ഭൂമിയുടെ അധിവാസ പങ്കാളികളാണ്. അതിന്റെ എല്ലാ നന്മകളും അനുഭവിക്കാനും അവ പരിപാലിക്കാനും നമ്മുക്കും പങ്കുണ്ട്. അതിന്റെ ഉപമ നബി (സ്വ) വിവരിച്ചിട്ടുണ്ട്, ഒരു കപ്പലിൽ കയറിയ സമൂഹത്തെ പോലെയാണ്. ചിലർ മുകളിലത്തെ തട്ടിലായിരിക്കും. ചിലർ താഴെതട്ടിലും. താഴെയുള്ളവർ വെള്ളമെടുക്കാനായി മുകളിലുള്ളവരുടെയടുത്ത് പോവും. എന്നിട്ട് അവരോട് പറയും: താഴെ തട്ടിൽ തന്നെ ഓട്ടയുണ്ടാക്കി വെള്ളമെടുത്താൽ മുകളിലുള്ളവരെ ബുദ്ധിമുട്ടിക്കേണ്ടി വരില്ലായിരുന്നു. അവരുടെ ഉദ്ദേശപ്രകാരം അവരെ വിട്ടേക്കുവാണെങ്കിൽ എല്ലാവരും മുങ്ങിമരിക്കും. നേരെമറിച്ച് താഴെയുള്ളവർക്ക് കൈ കൊടുത്ത് താങ്ങായാൽ എല്ലാവരും ഒന്നടങ്കം രക്ഷപ്പെടും (ഹദീസ് ബുഖാരി 2493, 2686). 

ഭൂസംരക്ഷണം എല്ലാവരുടെയും ബാധ്യതയാണ്. അന്ത്യനാൾ എത്തി നിൽക്കെ നിങ്ങളുടെ കൈയിൽ ഒരു തൈകമ്പ് ഉണ്ടെങ്കിൽ പോലും അത് നടീൽ നടത്തണമെന്നാണ് നബി (സ്വ) നിർദേശിക്കുന്നത്  (ഹദീസ് ബുഖാരി അദബുൽ മുഫ്‌റദ് 479, മുസ്‌നദു അഹ്‌മദ് 13322). 

ഭൂമിയിലെ മണ്ണും വിണ്ണും നാം പരിപാലിക്കണം. വായു മണ്ഡലം ശുദ്ധമായി നിലനിർത്താനായി പുനരുപയോഗ ഊർജങ്ങൾ ഉപയോഗിക്കേണ്ടിയിരിക്കുന്നു. എന്നാൽ കലാവസ്ഥാ വ്യതിയാനം ഒരു പരിധി വരെ പ്രതിരോധിക്കാനും സുസ്ഥിരത ഉറപ്പിക്കാനുമാവും.


back to top