ധാരാളമായി ദിക് ർ ചൊല്ലുന്നവർക്കുള്ളത്

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 15/12/2023

മനസ്സിന് ഓജസ്സും ആത്മാവിന് തേജസ്സും നൽകുന്നതാണ് ദൈവസ്മരണ. നിങ്ങൾ എന്നെ സ്മരിക്കുവിന്, ഞാൻ നിങ്ങളെ ഓർക്കുമെന്നാണ് അല്ലാഹു പറഞ്ഞിരിക്കുന്നത് (സൂറത്തുൽ ബഖറ 152).

ഒരിക്കൽ മുഹമ്മദ് നബി (സ്വ) പറയുകയുണ്ടായി: അല്ലാഹുവിന് അവനെ സ്മരിക്കുന്നവരെ വഴികളിൽ അന്വേഷിക്കാൻ വേണ്ടി ഒരു കൂട്ടം മാലാഖമാരുണ്ട്. അങ്ങനെ ദൈവസ്മരണ നടത്തുന്നവരെ കണ്ടെത്തിയാൽ അവർ വിളിച്ചുപറയും: നിങ്ങൾ നിങ്ങളുടെ ആവശ്യങ്ങളുമായി കടന്നുവരൂ. അങ്ങനെ മാലാഖമാർ അവർക്ക് ചിറകടിച്ച് താഴത്തെ ആകാശത്തിൽ വട്ടമിടും. അപ്പോൾ അല്ലാഹു അവരോട് ചോദിക്കും (അവനിക്ക് അവരേക്കാളും എല്ലാം അറിയുന്നതാണ്) : എന്റെ അടിമകൾ എന്തു പറയുന്നു? മാലാഖമാർ പറയും: അവർ തസ്ബീഹ് ചൊല്ലുന്നു, തക്ബീർ ചൊല്ലുന്നു, ഹംദ് ചൊല്ലുന്നു, നിന്നെ വാഴ്ത്തുന്നു. അല്ലാഹു ചോദിക്കും: അവർ എന്നെ കണ്ടിട്ടുണ്ടോ? അവർ പറയും: ഇല്ല, സത്യമായും അവർ നിന്നെ കണ്ടിട്ടില്ല. അല്ലാഹു വീണ്ടും ചോദിക്കും: എന്നാൽ എന്നെ കണ്ടാൽ എങ്ങനെയായിരിക്കും അവർ. മാലാഖമാർ: അവർ നിന്നെ കണ്ടാൽ കൂടുതൽ കൂടുതൽ നിന്നെ ആരാധിക്കുകയും തസ്ബീഹ് ഹംദ് ചൊല്ലുകയും വാഴ്ത്തുകയും ചെയ്യുന്നവരായിരിക്കും. അല്ലാഹു: അവർ എന്നോട് എന്ത് ചോദിക്കുമായിരിക്കും? മാലാഖമാർ: അവർ നിന്നോട് സ്വർഗം ചോദിക്കും അല്ലാഹു: അവർ സ്വർഗം കണ്ടിട്ടുണ്ടോ? മാലാഖമാർ: ഇല്ല, സത്യമായും അവരത് കണ്ടിട്ടില്ല. അല്ലാഹു: എന്നാൽ അവരത് കണ്ടാൽ എങ്ങനെയായിരിക്കും? മാലാഖമാർ: അവർ സ്വർഗം കാണുകയാണെങ്കിൽ അത് പ്രാപിക്കാൻ കൂടുതൽ ആഗ്രഹിക്കുകയും അതിയായ ആവശ്യത്തിലും ആർത്തിയിലുമായിരിക്കും. അല്ലാഹു: അവർ എന്തിനെ തൊട്ടായിരിക്കും കാവൽ ചോദിക്കുന്നത്? മാലാഖമാർ: അവർ നരകത്തിൽ നിന്ന് അഭയം തേടുന്നവരായിരിക്കും. അല്ലാഹു: അവരതിനെ കണ്ടിട്ടുണ്ടോ? മാലാഖമാർ: ഇല്ല, സത്യമായും അവരതിനെ കണ്ടിട്ടില്ല. അല്ലാഹു: എന്നാൽ അവരതിനെ കണ്ടാൽ എങ്ങനെയായിരിക്കും: മാലാഖമാർ: അവർ നരകത്തെ കണ്ടാൽ അതിനെ തൊട്ട് കൂടുതൽ ഭയചകിതരാവുകയും വിമുഖത കാട്ടുന്നവരുമായിരിക്കും. അപ്പോൾ അല്ലാഹു പറയും: നിശ്ചയം നിങ്ങളെ സാക്ഷികളാക്കി ഞാൻ പ്രഖ്യാപിക്കുകയാണ്, ഞാനവരുടെ ദോഷങ്ങൾ പൊറുത്തു കൊടുത്തിരിക്കുന്നു. മാലാഖമാർ പറയും: അവരുടെ കൂട്ടത്തിൽ അവരിൽ പെടാത്ത ആളും ഉണ്ടല്ലൊ, ആൾ എന്തൊ ഒരാവശ്യത്തിന് വന്നതാണ്. അല്ലാഹു അവരെല്ലാം കൂടെകൂടുന്നവരാണ്, അവർ കാരണത്താൽ അവരുടെ സഹചാരി പരാജയപ്പെടുകയില്ല (ഹദീസ് ബുഖാരി, മുസ്ലിം). 

ദിക്ർ അതായത് ദൈവസ്മരണ പ്രായശ്ചിത്തത്തിന് കാരണമാവുന്നതാണ്. അല്ലാഹു പറയുന്നു: അല്ലാഹുവിനെ ധാരാളം സ്മരിക്കുന്ന ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും പാപമോചനവും വമ്പിച്ച പ്രതിഫലവും അല്ലാഹു സജ്ജീകരിച്ചിരിക്കുന്നു (സൂറത്തുൽ അഹ്‌സാബ് 35). ദിക്‌റുകളുടെ ആധിക്യം കാരണത്താൽ നന്മയുടെ തുലാസ് ഭാരം തൂങ്ങുകയും അവർ സ്വർഗത്തിലേക്ക് മുൻകടക്കുകയും ചെയ്യും. 

ഒരിക്കൽ നബി (സ്വ) പറയുകയുണ്ടായി: മുഫരിദുകൾ മുൻകടക്കുക തന്നെ ചെയ്തിരിക്കുന്നു! അപ്പോൾ അനുചരന്മാർ ചോദിച്ചു: തിരുദൂതരേ, ആരാണ് മുഫരിദുകൾ? നബി (സ്വ) മറുപടി പറഞ്ഞു: അല്ലാഹു കൂടുതലായും സ്മരിക്കുന്ന ആണുങ്ങളും പെണ്ണുങ്ങളുമാണ് അവർ (ഹദീസ് മുസ്ലിം 2676). 

ദൈവസ്മരണ ആത്മാവിന് ജീവൻ നൽകുന്നതും മനസ്സിന് സമാധാനം പ്രദാനം ചെയ്യുന്നതുമാണ്. അറിയുക, ദൈവസ്മരണകൊണ്ടു മാത്രമേ ഹൃദയങ്ങൾക്കു പ്രശാന്തി കൈവരൂ (സൂറത്തുൽ റ്അ്ദ് 28). ദിക്ർ ചൊല്ലുന്നവർ അല്ലാഹുവിൽ നിന്നുള്ള പ്രത്യേക കാവൽവലയത്തിലായിരിക്കും. പിശാചിന് അവരെ അടുക്കാനാവില്ല. 

വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ പ്രത്യേക ദിക്ർ ചൊല്ലിയാൽ അത് മതിയെന്നും സുരക്ഷിതനായിരിക്കുമെന്നും പിശാച് വിദൂരത്തായി പോവുമെന്നും ഹദീസുണ്ട് (അബൂദാവൂദ് 5090, തുർമുദി 3348). എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും മറ്റൊരു പ്രത്യേക ദിക്ർ മുന്നു പ്രാവശ്യം ചൊല്ലിയാൽ അവനെ ഒന്നും ഉപദ്രവിക്കുകയില്ലത്രെ (തുർമുദി 3388, ഇബ്‌നു മാജ 3869). 

യാത്ര ചെയ്താലും കരയിലോ കടലിലോ ചെന്നാലും തിരിച്ചുവരും വരെ ഒരു പ്രതിബന്ധവും ഏൽക്കാതിരിക്കാനുള്ള ദിക്‌റും നബി (സ്വ) പഠിപ്പിച്ചിട്ടുണ്ട് (ഹദീസ് മുസ്ലിം 2708). 


വിജയപ്രാപ്തിക്കായി അവനെ ധാരാളം അനുസ്മരിക്കുക (സൂറത്തുൽ ജുമുഅ 10).


back to top