അമാനത്ത് തിരിച്ചേൽപ്പിക്കാനുള്ളതാണ്

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി 12.01.2024

വിശുദ്ധ ഖുർആൻ സൂറത്തുന്നിസാഅ് 58ാം സൂക്തത്തിലൂടെ വിശ്വസിച്ചേൽപ്പിക്കപ്പെട്ട അമാനത്തുകൾ അവയുടെയാളുകൾക്കു തിരിച്ചുകൊടുക്കാനും ജനമധ്യേ വിധികൽപിക്കുമ്പോൾ അതു നീതിപൂർവകമാക്കാനുമുള്ള അല്ലാഹുവിന്റെ അനുശാസനയെ പ്രതിപാദിക്കുന്നുണ്ട്. അമാനത്തെന്നാൽ നിർവ്വഹണവും സംരക്ഷണവും ബാധകമായുള്ള നീതിപൂർണമായ അവകാശ നടത്തിപ്പാണ്. 

അമാനത്ത് അവകാശികൾക്ക് നൽകാൻ ഇസ്ലാം കാർക്കശ്യം പുലർത്തുന്നുണ്ട്. അതിൽ ചതി നടത്തുന്നതിനെ കർശനമായും വിലക്കിയിട്ടുണ്ട്. അല്ലാഹു പറയുന്നു: സത്യവിശ്വാസികളേ, അറിഞ്ഞുകൊണ്ട് നിങ്ങൾ അല്ലാഹുവിനെയും റസൂലിനെയും വഞ്ചിക്കുകയോ വിശ്വസിച്ചേൽപിക്കപ്പെട്ടവയിൽ ചതിക്കുകയോ ചെയ്യരുത് (സൂറത്തുൽ അൻഫാൽ 27). വിശ്വസ്ത ദൗത്യ നിർവ്വഹണ ചുമതലകൾ യഥാതഥാ അർഹർക്ക് പൂർത്തീകരിച്ചുകൊടുക്കുന്നവരാണ് വിജയികൾ. അവരെ അല്ലാഹു പുകഴ്ത്തിപ്പറഞ്ഞിട്ടുണ്ട്: അല്ലാഹുവുമായി ചെയ്ത ഉടമ്പടി ഒരാൾ പൂർത്തീകരിക്കുന്നുവെങ്കിൽ മഹത്തായ പ്രതിഫലം അയാൾക്കവൻ നൽകുന്നതാകുന്നു (സൂറത്തുൽ ഫത്ഹ് 10).

അങ്ങനെ പൂർത്തീകരിച്ചുനൽകാത്തവർ പരാജിതരുമാണ്. പിന്നിടവർക്ക് അവ നിർവ്വഹിക്കാനാവില്ല. കാര്യങ്ങൾ കൈവിട്ടുപോവും.

അബ്ദുല്ലാഹ് ബ്‌നു മസ്ഊദ് (റ) പറയുന്നു: 'അന്ത്യനാളിൽ ഓരോർത്തരെയും ഹാജരാക്കി പറയുമത്രെ: നീ നിന്റെ അമാനത്ത് നിർവ്വഹിക്കുക, അപ്പോൾ അയാൾ പറയും നാഥാ, അതെങ്ങനെയാണ്! ലൗകികലോകം കഴിഞ്ഞിരിക്കുകയാണല്ലൊ? അയാൾക്ക് അമാനത്തിനെ അതേപടി ചിത്രീകരിച്ച് കാണിക്കും. അങ്ങനെ അവൻ അതിന്റെ പിന്നാലെകൂടി അതെടുക്കാൻ ശ്രമിക്കും. ചുമലിലെടുത്ത് പുറത്തേക്കെത്താൻ തുനിയുമ്പോൾ അമാനത്ത് വഴുതിവീഴും'.

 

അമാനത്തിൽ വഞ്ചന കാട്ടുന്നത് ഭയാനകമായ പ്രത്യാഘാതമുണ്ടാക്കുന്നതാണ്. നബി (സ്വ) അത്തരം വഞ്ചനയിൽ നിന്ന് അല്ലാഹുവോട് കാവൽ തേടുമായിരുന്നു. മനസ്സിൽ മറച്ചുവെക്കുന്ന കാര്യങ്ങളിൽ വെച്ച് ഏറെ മോശമത്രെ വഞ്ചന (ഹദീസ് അബൂദാവൂദ് 1547, നസാഈ 5468, ഇബ്‌നുമാജ 3354).

നബി (സ്വ) ഈമാനിനെയും അമാനത്തിനെയും പരസ്പരം ബന്ധപ്പെടുത്തിയതായി കാണാം. വിശ്വസ്ത ദൗത്യചുമതലകൾ നിർവ്വഹിക്കാത്തവർക്ക് സത്യവിശ്വാസമില്ലെന്നും ഉടമ്പടി നിർവ്വഹിക്കാത്തവന് മതബോധമില്ലെന്നും നബി (സ്വ) അനുചരന്മാരോടുള്ള പ്രസംഗങ്ങളിൽ പറയുമായിരുന്നു (ഹദീസ് അഹ്‌മദ് 12718).

വാഗ്ദത്തലംഘനവും കരാറിലെ ചതിപ്രയോഗവും സത്യവിശ്വാസിയുടെ പ്രകൃതമല്ല. അമാനത്ത് മനുഷ്യരുടെ ഹൃദയാന്തരങ്ങളിൽ ഇറങ്ങിയ പ്രകൃതമെന്നാണ് ഹദീസ് (ബുഖാരി, മുസ്ലിം). അതായത് മനുഷ്യത്വം പൂർണത വരിക്കണമെങ്കിൽ വിശ്വസ്തതാ നിർവ്വഹണങ്ങൾ പാലിക്കണമെന്നാണ്.

ഒരിക്കൽ ഉമർ ബ്‌നു ഖത്താബ് (റ) പ്രസംഗിക്കുകയുണ്ടായി: അമാനത്ത് നിർവ്വഹിക്കുകയും ജനങ്ങളുടെ അഭിമാനം സംരക്ഷിക്കുകയും ചെയ്തവനാണ് പൗരുഷമുള്ളോൻ. 


അമാനത്തിന്റെ അർത്ഥവ്യാപ്തി വിശാലമാണ്. അല്ലാഹു മനുഷ്യന് വിശ്വാസപൂർവ്വം ഏൽപ്പിച്ച ആത്മീയവും ഭൗതികവുമായ വാക്കും പ്രവർത്തിയുമെല്ലാം അമാനത്തിൽപെടുന്നതാണ്. ആരാധനകൾ അമാനത്താണ്. അവ യഥാവിധി നിലനിർത്തേണ്ടതും ദൈവഭയഭക്തിയോടെ നിർവ്വഹിക്കേണ്ടതും ഓരോ സത്യവിശ്വാസിയുടെയും ബാധ്യതയാണ്. 

അബ്ദുല്ലാ ബ്‌നു മസ്ഊദ് (റ) പറയുന്നു: നമസ്‌കാരം അമാനത്താണ്, വുദൂഉം അമാനത്താണ്. അളവും തൂക്കവുമെല്ലാം അമാനത്താണ്. ഏറ്റവും ബൃഹത്തായ അമാനത്ത് സൂക്ഷിപ്പുസ്വത്തുക്കളാണ്.

കുടുംബവും അമാനത്താണ്. കുടുംബത്തെ പരിപാലിക്കലും അവരോട് കടപ്പാടുകൾ നിർവ്വഹിക്കലുമെല്ലാം നിർബന്ധമാണ്. പുരുഷൻ കുടുംബനാഥനെന്നും അവൻ കുടുംബകാര്യങ്ങളിൽ ചോദ്യം ചെയ്യപ്പെടുമെന്നുമാണ് നബി (സ്വ) അരുൾ ചെയ്തിട്ടുള്ളത് (സ്വഹീഹു ഇബ്‌നുഹിബ്ബാൻ 4493).

സദസ്സുകൾ അമാനത്താണ് (ഹദീസ് അബൂദാവൂദ് 4869). ആ സദസ്സിലെ ചിട്ടകളോടും മര്യാദകളോടും നീതി പുലർത്തേണ്ടത് ഓരോർത്തരുടെയും ബാധ്യതയാണ്. തന്റെയും മറ്റു സദസ്സ്യരുടെയും നന്മ ഉറപ്പുവരുത്താൻ കടപ്പെട്ടിരിക്കുന്നു. അന്യന് വെറുപ്പുളവാക്കുന്നതൊന്നും പറഞ്ഞുപരത്തൽ ഭൂഷണമല്ല. 

നബി (സ്വ) പറയുന്നു: ഒരാൾ ഒരു കാര്യം സംസാരിച്ചുകൊണ്ടിരിക്കെ രഹസ്യരൂപേണ അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞാൽ ആ സംസാരവും അമാനത്താണ് (ഹദീസ് അബൂദാവൂദ് 4868, തുർമുദി 1959). 

തൊഴിലും അമാനത്താണ്, തൊഴിലാളി അവന്റെ കർത്തവ്യം മുറപോലെ നിറവേറ്റതുണ്ട്. 

പൊതുസ്വത്തും അമാനത്താണ്, അവ അർഹരിലേക്ക് എത്തിക്കലും അതിന്റെ പവിത്രത കാക്കലുമെല്ലാം ഉത്തരവാദിത്വങ്ങളാണ്. അമാനത്തുകളെ വിശ്വസിച്ചേൽപ്പിച്ചവരിലേക്ക് തിരിച്ചേൽപ്പിക്കാനാണ് നബി (സ്വ) കൽപ്പിച്ചിരിക്കുന്നത് (ഹദീസ് അബൂദാവൂദ് 3534, തുർമുദി 1246). 

നാട് അമാനത്താണ്. നാട്ടിലെ പൗരന്മാരും അതിൽ നിവസിക്കുന്നവരുമെല്ലാം ആ അമാനത്ത് പരിരക്ഷിക്കേണ്ടവരാണ്. 

അല്ലാഹു പറയുന്നു: പരസ്പരവിശ്വാസത്തിലാണ് ഇടപാട് നടത്തിയതെങ്കിൽ വിശ്വസിക്കപ്പെട്ടയാൾ തന്റെ വിശ്വാസ്യത നിറവേറ്റുകയും നാഥനെ സൂക്ഷിക്കുകയും ചെയ്യട്ടെ (സൂറത്തുൽ ബഖറ 283). 

നാട് പിതാക്കളും പ്രപിതാക്കളും നമ്മുക്കേൽപ്പിച്ചു സംസ്‌കാരമണ്ഡലമാണ്. അതിലെ ശാന്തിയും സമാധാനവുമെല്ലാം ഏവരുടെയും ബാധ്യതയാണ്. വാക്കിലും പ്രവർത്തിയിലും നാടിന്റെ നന്മക്കായി നിലക്കൊള്ളണം. സ്‌നേഹവും കൂറും സ്വയം കാണിക്കുകയും തലമുറകളിൽ ഉണ്ടാക്കിയെടുക്കുകയും വേണം. 

ഒരു നിലക്കും വഞ്ചനയരുത്. വഞ്ചിച്ചവനെ അല്ലാഹു ഇഹലോകത്തും പരലോകത്തും വശളാക്കും.

അന്ത്യനാളിൽ ഏവരെയും ഒരുമിച്ചുകൂട്ടിയ നേരത്ത് ഓരോ വഞ്ചകനും ഒരോ പതാക ഉയർത്തപ്പെടുമത്രെ, എന്നിട്ട് പറയപ്പെടുമത്രെ: ഇത് ഇന്നയാളുടെ ചതിയുടെ കഥയാണ് (ഹദീസ് മുസ്ലിം 1735).


back to top