ജ്ഞാനിയുടെ സുവിശേഷങ്ങൾ

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 19/01/2024

വാക്കിലും പ്രവർത്തിയിലും തത്ത്വജ്ഞാനം കൊണ്ടുനടക്കേണ്ടവരാണ് സത്യവിശ്വാസികൾ. അല്ലാഹു പറയുന്നു: അല്ലാഹു വർഷിച്ചു തന്ന അനുഗ്രഹങ്ങളും സദുപദേശമായവതരിപ്പിച്ച വേദഗ്രന്ഥവും തത്ത്വജ്ഞാനവും നിങ്ങളനുസ്മരിക്കുക (സൂറത്തുൽ ബഖറ 231).

തത്ത്വജ്ഞാനമെന്നത് ശ്രേഷ്ഠവിശേഷണമാണ്. ഉന്നതിയെ അടയാളപ്പെടുത്തുന്ന പ്രശംസയുമാണത്. പരിശുദ്ധ ഖുർആനിൽ അല്ലാഹു 119 ഇടങ്ങളിൽ തത്ത്വജ്ഞാനത്തെ പരാമർശിച്ചിട്ടുണ്ട്. 

മാത്രമല്ല, അല്ലാഹു സ്വന്തത്തിലേക്കും തത്ത്വജ്ഞാനത്തെ ചേർത്തിപ്പറഞ്ഞതായി കാണാം.

പ്രതാപശാലിയും യുക്തിജ്ഞാനമുള്ളവനുമായ അല്ലാഹുവാണ് ഞാൻ (സൂറത്തുന്നംല് 09).

ഖുർആനിനും ഈ വിശേഷണം നൽകിയിട്ടുണ്ട്: യാസീൻ, തത്ത്വജ്ഞാനസമ്പൂർണമായ ഖുർആൻ തന്നെ സത്യം (സൂറത്തു യാസീൻ 1,2).

പ്രവാചകന്മാരെല്ലാം തത്ത്വജ്ഞാനം സിദ്ധിച്ചവരായിരുന്നു

ഇബ്രാഹിം നബി (അ)ക്കും കുടുംബത്തിനും അല്ലാഹു തത്ത്വജ്ഞാനം നൽകി അനുഗ്രഹിച്ചിരുന്നു: ഇബ്രാഹീം കുടുംബത്തിന് വേദവും തത്ത്വജ്ഞാനവും പ്രൗഢാധിപത്യവും നാം നൽകിട്ടുണ്ട് (സൂറത്തുന്നിസാഅ് 54). 

ദാവൂദ് നബി (അ)ക്കും തത്ത്വജ്ഞാനം നൽകിയതായി പറഞ്ഞിട്ടുണ്ട് (സൂറത്തുസ്വാദ് 20).

ഈസാ നബി (അ)യുടെ തത്ത്വജ്ഞാനത്തെക്കുറിച്ചും ഖുർആനിലുണ്ട്: സ്പഷ്ടമായ പ്രമാണങ്ങളുമായി വന്ന് ഈസാ നബി പ്രസ്താവിച്ചു 'തത്ത്വജ്ഞാനസമേതവും നിങ്ങൾ ഭിന്നപക്ഷരായിരുന്ന ചിലത് പ്രതിപാദിച്ചു തരാനുമാണ് ഞാൻ വന്നിരിക്കുന്നത്' (സൂറത്തുസ്സുഖ്‌റുഫ് 63).

ഇസ്ലാം മതം തത്ത്വജ്ഞാനത്തിന് വലിയ മൂല്യം നൽകുന്നുണ്ട്. ദീൻ തന്നെ ഹിക്മത്ത് (തത്ത്വജ്ഞാനം) ആണത്രെ. യുക്തിമാനും (ഹകീം) സ്തുത്യർഹനുമായവന്റെ (ഹമീദ്) പക്കൽ നിന്ന് അവതീർണമായതുമായ ഒരു അജയ്യ വേദമാണ് ഖുർആനെന്ന് സൂറത്തു ഫുസ്സ്വിലത്ത് 42ാം സൂക്തത്തിലുണ്ട്. 

തത്ത്വജ്ഞാനം സർവ്വ ശ്രേഷ്ഠാവസ്ഥകളുടെയും മാതാവാണ്. സൽസ്വഭാവമഹികളുടെ രാജ്ഞിയുമത്രെ. അതുള്ളവൻ സുകൃത്തിലേക്കേ നയിക്കപ്പെടുകയുള്ളു. സർവ്വവിധ വശളത്തരങ്ങളിൽ നിന്നും ആക്ഷേപങ്ങളിൽ നിന്നും മുക്തനായിരിക്കും. ക്രമമില്ലാതെ ഒന്നും ചെയ്യുകയില്ല. ആവശ്യമുള്ളത് മാത്രം അനുയോജ്യ രീതിയിൽ അനുയോജ്യ സമയത്ത് പ്രവർത്തിക്കുകയും പറയുകയും ചെയ്യും. 

ഹിക്മത്ത് നൽകപ്പെട്ടവൻ കൂർമ്മബുദ്ധിയും ഉൾക്കാഴ്ചയുമുള്ളവനായിരിക്കും. ജ്ഞാനസാഗരങ്ങളായിരിക്കും അവനിൽ നിന്നൊഴുകുന്നത്. അവനിക്ക് അസാമാന്യമായ ബോധങ്ങളും ചിന്തകളുമുണ്ടായിരിക്കും. വാക്കുകളും ഇടപെടലുകളുമെല്ലാം പ്രശംസനീയമായിരിക്കും. ജ്ഞാനം നൽകപ്പെട്ടവരും നൽകപ്പെടാത്തവരും ഒരിക്കലും സമന്മാരികില്ലെന്നാണ് ഖുർആനിലെ പ്രസ്താവ്യം (സൂറത്തു സ്സുമർ 99).

ജ്ഞാനം തന്നെയാണ് എല്ലാത്തിനുമുള്ള പരിഹാരം. ഒരിക്കൽ ഒരാൾ ഒരു തത്ത്വജ്ഞാനിയോട് ചോദിച്ചു: എന്തെല്ലാമാണ് തത്ത്വജ്ഞാനം  കൽപ്പിക്കുന്നത്? അയാൾ മറുപടി നൽകി: തത്ത്വജ്ഞാനം പ്രശംസനീയ കാര്യങ്ങളേ കൽപ്പിക്കുകയുള്ളൂ, അനന്തരം ഭയപ്പാട് വരുത്തുകയുമില്ല.

തത്ത്വജ്ഞാനമുള്ളോൻ ഒരു കാര്യം സംസാരിക്കുന്നതിന് മുമ്പ് പഠിച്ചിരിക്കും, ജ്ഞാനത്തിന് മുമ്പേ പ്രവർത്തനമുണ്ടാവില്ല. അവന്റെ നാവ് ബുദ്ധിയെ മറികടക്കുയില്ല. വാക്കുകൾ പറയുമ്പോൾ സഭ്യമായതും ശ്ലാഘനീയമായതും മാത്രമേ തെരഞ്ഞടുക്കുകയുള്ളൂ. കുറ്റകരവും ഖേദകരവുമായ കാര്യങ്ങൾക്ക് ഒരിക്കലും വഴങ്ങില്ല. സംക്ഷിപ്തമായി വല്ലതും പഠിപ്പിക്കണമെന്നാവശ്യപ്പെട്ട് വന്നയാളോട് പരാതിക്കിടവരാത്തവിധം സംസാരിക്കണമെന്നാണ് നബി (സ്വ) സാരോപദേശം നൽകിയത് (ഹദീസ് ഇബ്‌നുമാജ 4171). 

തത്ത്വജ്ഞാനി സംസാരിച്ചാൽ നല്ലത് മാത്രമേ പറയുള്ളൂ, അതവനിക്ക് മുതൽകൂട്ടായിരിക്കും. ഇല്ലെങ്കിൽ മൗനിയായിരിക്കും, അതവനിക്ക് രക്ഷയായിരിക്കും. അങ്ങനെ സംസാരിക്കുകയും മൗനം പാലിക്കുകയും ചെയ്തവന് അല്ലാഹുവിന്റെ കാരുണ്യമുണ്ടാവട്ടെ എന്ന് നബി (സ്വ) മൂന്നു പ്രാവശ്യം ആവർത്തിച്ച് പ്രാർത്ഥിച്ചിട്ടുണ്ട്. ഏതൊരു വാക്ക് ഉച്ചരിക്കുമ്പോഴും അവന്റെയടുത്ത് രേഖപ്പെടുത്താനൊരുങ്ങിയ നിരീക്ഷനുണ്ടാകാതിരിക്കില്ല (സൂറത്തുഖാഫ് 18) എന്ന ബോധ്യം തത്ത്വജ്ഞാനിയോടൊപ്പം എപ്പോഴുമുണ്ടാവും. 

തത്ത്വജ്ഞാനികളോടൊപ്പം കൂടലും അവരുടെ ചരിതവും വിശേഷങ്ങളും വായിക്കലും, അവരുടെ ഉപമകളും കവിതകളുമെല്ലാം ഉൾക്കൊള്ളലും ആ ജ്ഞാനപ്രവാഹത്തിലേക്ക് നയിക്കും. കാവ്യത്തിൽ തത്ത്വജ്ഞാനമുണ്ടത്രെ (ഹദീസ് ബുഖാരി 6145). അനുഭവജ്ഞാനം ജ്ഞാനിയുടെ കൈമുതലായിരിക്കും. 

ജ്ഞാനി സ്ഥിരതയുള്ളവനായിരിക്കും. ധൃതി കാട്ടില്ല. ക്ഷമിക്കും. സഹിക്കും. സാവധാനം ചെയ്യും. അജ്ഞത കാട്ടില്ല. അനാവശ്യ കാര്യങ്ങളിൽ ഇടപെടില്ല. ഉപകാരപ്രദമായതിലേ ഇടപെടുകയുള്ളൂ. അനാവശ്യകാര്യങ്ങൾ ഉപേക്ഷക്കലാണ് സത്യവിശ്വാസിയുടെ സുകൃതമെന്നാണ് നബി (സ്വ) പഠിപ്പിച്ചത് (തുർമുദി 2317). 

ജീവിതത്തിലെ സകല മേഖലകളിലും ഹിക്മത്ത് ഉപയുക്തമാക്കേണ്ടിയിരിക്കുന്നു. അല്ലാഹു പറയുന്നു: ഏതൊരാൾക്ക് വിജ്ഞാനം ലഭിക്കുന്നുവോ അവനു ഒട്ടേറെ നന്മ നൽകപ്പെട്ടു, ബുദ്ധിമാന്മാർ മാത്രമേ ചിന്തിച്ചു മനസ്സിലാക്കുകയുള്ളൂ (സൂറത്തുൽ ബഖറ 269). 


ജ്ഞാനം അതിന്റെയാളുകൾക്ക് നല്ലതേ വരുത്തുള്ളൂ. നല്ല ഖ്യാതിയും ശ്രുതിയും അവർക്കു ഉണ്ടാക്കിക്കൊടുക്കും. വിജയം വരുത്തും. രക്ഷ നൽകും. രക്ഷയോട് സമമായി ഒന്നുമില്ലല്ലൊ. 

ജ്ഞാനമുള്ളവൻ നന്ദിയുള്ളവനായിരിക്കും. അല്ലാഹു ലുഖ്മാനി (അ)നെപ്പറ്റി പറയുന്നുണ്ട്്: നിശ്ചയം നാം ലുഖ്മാന് തത്ത്വജ്ഞാനം നൽകി നിങ്ങൾ അല്ലാഹുവിന് കൃതജ്ഞത പ്രകാശിപ്പിക്കുക (സൂറത്തു ലുഖ്മാൻ 12). നബി (സ്വ) അബ്ദുല്ലാ ബ്‌നു അബ്ബാസി (റ)ന് ഹിക്മത്ത് പഠിപ്പിക്കണേ എന്ന് അല്ലാഹുവിനോട് പ്രാർത്ഥിക്കുമായിരുന്നു (ഹദീസ് ബുഖാരി 3546).

തത്ത്വജ്ഞാനമുള്ളയാൾ എല്ലായിടങ്ങളിലും പ്രശംസനീയനായിരിക്കും. ആൾക്കാരോട് ഇണങ്ങും. ആളുകൾ ഇങ്ങോട്ടും ഇണങ്ങും. അവർ അവനെ ഇഷ്ടപ്പെടും. അവൻ അവരെയും ഇഷ്ടപ്പെടും. അവർ അവനോട് നന്ദി കാട്ടും. അവനോട് അഭിപ്രായം തേടി വിജയം വരിക്കും. അവന്റെ ഉൾക്കാഴ്ച ഉപയോഗപ്പെടുത്തും. അങ്ങനെ അവൻ ഏവർക്കും സ്വീകാര്യനായിരിക്കും.


back to top