ഖുർആനിലെ ചാന്ദ്രിക വിശേഷങ്ങൾ

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 26/01/2024


ഈ പ്രപഞ്ചത്തിൽ അല്ലാഹു സംവിധാനിച്ച രാപ്പകൽ പ്രതിഭാസവും സൂര്യചന്ദ്രാദികളും നക്ഷത്രങ്ങളും ക്ഷീരപഥങ്ങളുമടക്കം ക്ലിപ്തപ്പെടുത്താനാവിധമുള്ള ഗോചുരവും അഗോചരവുമായ സൃഷ്ടിവിശേഷങ്ങൾ മനുഷ്യമനസ്സുകളെ മദിപ്പിക്കുന്നതാണ്. അല്ലാഹുവിന്റെ പ്രാപഞ്ചിക വിന്യാസങ്ങളോരോന്നും ചിന്തോദീപകവുമാണ്. 

അല്ലാഹുവിന്റെ സൃഷ്ടിവൈദഗ്ദ്യം വിളിച്ചോതുന്ന ഒരു ദൈനംദിന പ്രശോഭയാണ് ചന്ദ്രൻ. അൽ ഖമർ അതായത് ചന്ദ്രൻ എന്നർത്ഥമാക്കുന്ന അധ്യായം തന്നെ ഖുർആനിലുണ്ട്. മാത്രമല്ല, പരിശുദ്ധ ഗ്രന്ഥത്തിൽ ഇരുപത്തിയെട്ട് സ്ഥലങ്ങളിൽ ചന്ദ്രപരാമർശങ്ങളുണ്ട്.

ചന്ദ്ര പ്രാധാന്യം മനസ്സിലാക്കാൻ ഖുർആനിലെ ചന്ദ്രനെ പ്രസ്താവിച്ചുള്ള ശപഥങ്ങൾ തന്നെ മതി:

അവരുടെ ധാരണയല്ല ശരി, ചന്ദ്രനെയും രാത്രി പിന്നിടുമ്പോൾ അതിനെയും പ്രഭാതം പുലരുമ്പോൾ അതിനെയും തന്നെ ശപഥം (സൂറത്തുൽ മുദ്ദസ്സിർ 32, 33, 34). സൂറത്തുൽ ഇൻശിഖാഖ് 18ാം സൂറത്തിലൂടെ പൗർണമി കൊണ്ട് സത്യം ചെയ്യുന്നുണ്ട്. 

വിസ്മയകരമായ പ്രശോഭിത ദൈവിക പ്രതിഭാസമാണ് ചന്ദ്രൻ. സൂര്യനെ ജ്വലിക്കുന്ന വെളിച്ചവും ചന്ദ്രനെ പ്രഭയുമാക്കിയത് അല്ലാഹുവാണ് (സൂറത്തുൽ യൂനുസ് 05). അല്ലാഹു ചന്ദ്രനെ അവന്റെ സൃഷ്ടികൾക്കായി ഒരുക്കിയതാണ്. അല്ലാഹു സൂര്യ ചന്ദ്രന്മാരെ കീഴ്‌പ്പെടുത്തിത്തന്നു, ഒരു നിശ്ചിത കാലാവധി വരെ അവയൊക്കെ സഞ്ചരിക്കും  (സൂറത്തുൽ റഅ്ദ് 02). സൂര്യനു ചന്ദ്രനെ പ്രാപിക്കാനോ രാവിന് പകലിനെ മറികടക്കാനോ ആവില്ല, ഓരോന്നും ഭ്രമണപഥത്തിൽ നീന്തിത്തുടിക്കുകയാണ് (സൂറത്തു യാസീൻ 40). നിരന്തരമായി ചലിക്കുന്ന സൂര്യ ചന്ദ്രന്മാരെ നിങ്ങൾക്ക് വിധേയമാക്കിത്തന്നെന്ന പ്രസ്താവന സൂറത്തു ഇബ്രാഹിം 33ാം സൂക്തത്തിലുണ്ട്. 

അല്ലാഹുവിന്റെ ചാന്ദ്രിക സൃഷ്ടിപ്പ് ഏറെ ആശ്ചര്യകരം തന്നെ. ചന്ദ്രൻ അതിന്റെ സഞ്ചാരപഥത്തിൽ നിന്ന് തെന്നിയാലുള്ള അവസ്ഥ ആലോചിച്ചു നോക്കിയെ, അത് ഭൂമിയോട് കൂടുതൽ അടുത്താലുള്ള നിലയൊന്ന് സങ്കൽപ്പിച്ചിട്ടുണ്ടോ,  എല്ലാം പരിപാലകനായ അവന്റെ നിയന്ത്രണത്തിലാണ്.

അല്ലാഹു ചന്ദ്രനെ ഘട്ടംഘട്ടമായാണ് പ്രഭ പരത്താനായി അവതരിപ്പിക്കുന്നത്, മാസങ്ങളും വർഷങ്ങളും കണക്കാക്കാനാണ് അത്. വർഷങ്ങളുടെ എണ്ണവും കണക്കും നിങ്ങൾക്കു ഗ്രഹിക്കാനായി അതിനവൻ വിവിധ സഞ്ചാരപഥങ്ങൾ നിർണയിച്ചു (സൂറത്തു യൂനുസ് 05). 

ചന്ദ്രനടക്കമുള്ള പ്രാപഞ്ചിക ദൃഷ്ടാന്തങ്ങൾ അല്ലാഹുവിനെ വിനീതമായി പ്രകീർത്തിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. അല്ലാഹു പറയുന്നു: നീ കാണുന്നില്ലേ, ഭുവന വാന നിവാസികളും സൂര്യ ചന്ദ്ര നക്ഷത്രങ്ങളും മലകളും മരങ്ങളും ധാരാളമാളുകളും അല്ലാഹുവിന് സാഷ്ടാംഗം ചെയ്യുന്നുണ്ട് (സൂറത്തു ഹജ്ജ് 18).

ചാന്ദ്രിക മാസക്കണക്കാണ് ഇസ്ലാമിക ആരാധനാനുഷ്ഠാനങ്ങളിൽ അനുവർത്തിപ്പെടുന്നത്. ചന്ദ്ര ദർശനത്തിലൂടെ വ്രതം ആരംഭിക്കുകയും സമാപ്തി കുറിക്കുകയും ചെയ്യുന്നു. നോമ്പനുഷ്ഠിക്കാനും നോമ്പു മുറിക്കാനും ചന്ദ്രദർശനം അവലംബിക്കണമെന്നാണ് നബി (സ്വ) കൽപ്പിച്ചിരിക്കുന്നത് (ഹദീസ് ബുഖാരി, മുസ്ലിം). നമസ്‌കാരം, നോമ്പ്, വിശിഷ്ട ദിവസങ്ങൾ, സകാത്ത്, ഹജ്ജ് എന്നിവക്കെല്ലാം ചന്ദ്രകണക്കാണ് സത്യവിശ്വാസി സ്വീകരിക്കേണ്ടത്. അല്ലാഹു പറയുന്നുണ്ട്: ചന്ദ്രക്കലകളെപ്പറ്റി താങ്കളോടവർ ചോദിക്കുന്നു, ഇങ്ങനെ പ്രസ്താവിക്കുക: ആളുകളുടെ ആവശ്യങ്ങൾക്കും ഹജ്ജ് കർമ്മങ്ങൾക്കും സമയനിർണയം നടത്താനുള്ളതാണവ (സൂറത്തുൽ ബഖറ 189). 

സൂറത്തു യാസീൻ 39ാം സൂക്തത്തിൽ അല്ലാഹു പറയുന്നുണ്ട്: ചന്ദ്രന്ന് ചില സങ്കേതങ്ങൾ നാം നിർണയിച്ചു, അങ്ങനെയത് ഈന്തക്കുലയുടെ പഴയ തണ്ടുപോലെയാകും. ചന്ദന്റെ ഉദയാസ്തമാനഘട്ടങ്ങൾ മനുഷ്യന്റെ ജീവിതഘട്ടങ്ങളുമായി സാദൃശ്യമുണ്ട്. ചെറുതായി ജനിക്കുന്ന മനുഷ്യൻ വളർന്ന് വലുതാവുന്നു, ഇടക്ക് ഊർജം വരിക്കുന്നു, ദുർബലത നേരിടുന്നു അങ്ങനെ പല ഘട്ടങ്ങൾ.

ചന്ദ്ര ദർശനസമയത്ത് പ്രത്യേക ദുആ നടത്താൻ നബി (സ്വ) പഠിപ്പിച്ചിട്ടുണ്ട് (ഹദീസ് തുർമുദി 3451, അഹ്‌മദ് 1397). 

സൂറത്തുൽ ഫലഖിലൂടെ അല്ലാഹു നബി (സ്വ)യോട് ചന്ദ്രൻ മറയുമ്പോഴുണ്ടാവുന്ന ഇരുട്ടിലെ തിന്മകളിൽ നിന്ന് കാവൽ ചോദിക്കാൻ കൽപ്പിക്കുന്നുണ്ട്. അപ്രകാരം നബി (സ്വ) പ്രിയ പത്‌നി ആയിശാ (റ) ബീവിയോട് നിർശേദിച്ചിട്ടുമുണ്ട് (ഹദീസ് തുർമുദി 3366). 


ശുഭകരമായ ശോഭയാണ് ചന്ദ്രൻ. അല്ലാഹു പറയുന്നു: ആകാശത്ത് നക്ഷത്ര ഭ്രമണപഥങ്ങൾ സൃഷ്ടിച്ചവൻ അനുഗ്രഹസമ്പൂർണനത്രേ, അതിലവൻ ഒരു സൂര്യവിളക്കും പ്രകാശദായകമായ ചന്ദ്രനെയും സൃഷ്ടിച്ചു (സൂറത്തുൽ ഫുർഖാൻ 61). നബി (സ്വ)യുടെ തിരുമുഖ തേജസ്സിനെ പൗർണമി ശോഭയെക്കാൾ അതിസുന്ദരമെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത് (ഹദീസ് തുർമുദി 2811). 

സ്വർഗത്തിൽ ആദ്യം പ്രവേശിക്കുന്നവരുടെ മുഖം പൗർണമി രാവിലെ ചന്ദ്രനെ പോലെയായിരിക്കുമത്രെ, പിന്നെ പ്രവേശിക്കുന്നവരുടെ മുഖം ഉജ്ജ്വലിക്കുന്ന നക്ഷത്രം കണക്കെയുമായിരിക്കും (ഹദീസ് ബുഖാരി, മുസ്ലിം). അങ്ങനെ സ്വർഗസ്ഥരാവുന്നവരുടെ മുഖം ജാജ്വലമാനമായിരിക്കും, ഹൃദയങ്ങൾ പ്രസന്നവുമായിരിക്കും. അവർ യാതൊരു പ്രതിബന്ധവും കൂടാതെ പൗർണമി കാണുന്നത് പോലെ അല്ലാഹുവിനെ ദർശിക്കുമെന്നും ഹദീസുണ്ട് (ഹദീസ് ബുഖാരി, മുസ്ലിം).


back to top