ഇസ്‌റാഉം മിഹ്‌റാജും

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 02/02/2024

ഒരു ഇരുട്ടുമുറ്റിയ രാത്രിയിൽ പ്രവാചകർ മുഹമ്മദ് നബി (സ്വ) വീട്ടിലായിരുന്നു, പുറത്ത് പെട്ടെന്നൊരു പ്രഭ പരന്നു. അത് മാലാഖ ജിബ്‌രീൽ (അ) ആയിരുന്നു. പ്രവാചക പൂമേനി തിരുനബി (സ്വ)യോട് സഹവസിക്കാൻ വന്നതായിരുന്നു. അങ്ങനെ ജിബ്‌രീൽ (അ) ആ ഒരൊറ്റ രാത്രിയിൽ നബി (സ്വ)യെയും കൊണ്ട് പുണ്യമക്കാ മസ്ജിൽ നിന്നും മസ്ജിദുൽ അഖ്‌സായിലേക്കും, തുടർന്ന് അല്ലാഹുവിനെ ദർശിക്കാൻ ഏഴാകാശങ്ങൾക്കപ്പുറവും സഞ്ചരിച്ചുവന്നു. അതാണ് ഇസ്‌റാഉം (രാപ്രയാണം) മിഹ്‌റാജും (ആകാശാരോഹണം). പരിശുദ്ധ ഖുർആനിൽ സൂറത്തുൽ ഇസ്‌റാഅ് ആദ്യഭാഗത്ത് തന്നെ കാണാം: തന്റെ അടിമ മുഹമ്മദ് നബിയെ മസ്ജിദുൽ ഹറാമിൽ നിന്ന് മസ്ജിദുൽ അഖ്‌സായിലേക്ക് ഒരു രാത്രിയിൽ സഞ്ചരിപ്പിച്ചവൻ പരിശുദ്ധനത്രെ.

അതിവിസ്മയകരവും അവിശ്വസിനീയവുമായ ഈ സംഭവത്തിന്റെ കാര്യത്തിൽ പ്രവാചകരെ (സ്വ) വിശ്വസിക്കാൻ സത്യവിശ്വാസികൾക്ക് തടസ്സങ്ങളുണ്ടായില്ല. അക്കാര്യം അല്ലാഹു വിവരിക്കുന്നുണ്ട്: നിങ്ങളുടെ സഹവാസി വഴിതെറ്റുകയോ ദുർമാർഗിയാവുകയോ ചെയ്തിട്ടില്ല, ദിവ്യസന്ദേശമായി കിട്ടുന്ന വഹ്‌യല്ലാതെ അവിടന്ന് തന്നിഷ്ടപ്രകാരം യാതൊന്നും ഉരിയാടുകയില്ല (സൂറത്തുന്നജ്മ് 2, 3, 4).

മിഹ്‌റാജെന്ന അത്യത്ഭുതകരമായ ആകാശാരോഹണയാത്രയിൽ മലക്കുകളും മറ്റു നബിമാരും പ്രവാചകരെ (സ്വ) ഹാർദ്ദവമായി സ്വീകരിക്കുകയാണുണ്ടായത്. ആദ്യം ആദിമ പിതാവ് ആദം നബി (അ) ആദ്യാകാശത്തിൽ വെച്ച് സ്വീകരിച്ചു (ഹദീസ് ബുഖാരി, മുസ്ലിം). പിന്നെ ജിബ്‌രീൽ (അ) നബിയെ (സ്വ)യും കൊണ്ട് ഓരോ ആകാശത്തിൽ സഞ്ചരിക്കുംതോറും യൂസുഫ് (അ), ഈസാ (അ), യഹ്‌യാ (അ), ഇദ്‌രീസ് (അ), ഹാറൂൻ (അ), മൂസാ (അ) എന്നീ നബിമാർ മുഹമ്മദ് നബി (അ)ക്ക് ആതിഥ്യമരുളി. ഏഴാമാകാശത്തിൽ വെച്ച് ഇബ്രാഹിം നബി (അ)യെ കണ്ടുമുട്ടി. ആകാശലോകത്തുള്ളവരുടെ ഖിബ്‌ലയായ ബൈത്തുൽ മഅ്മൂറിന് അഭിമുഖമായാണ് ഇബ്രാഹിം (അ) നിന്നിരുന്നത്. നബി (സ്വ) സലാം പറഞ്ഞു. ഇബ്രാഹിം നബി (അ) ബഹുമാനാദരവുകളോടെ സലാം മടക്കി. ശേഷം ഇബ്രാഹിം (അ) പ്രവാചക സമുദായത്തിനായി സലാം പറഞ്ഞതായി അറിയിക്കുകയും അവർക്ക് സർഗവിശേഷങ്ങൾ വാർത്തയറിയിക്കണമെന്ന് നിർദേശിക്കുകയും ചെയ്തു (ഹദീസ് തുർമുദി 3462). 

ശേഷം നബി (അ) ആരും ഇനിയും എത്തിപ്പെടാത്ത, ഇനി എത്താനാവാത്തതുമായ സിദ്‌റത്തുൽ മുൻതഹാക്കരികെ നബി (അ) എത്തി. അതിവിശിഷ്ടമായ വൃക്ഷമാണത്. അതിനടത്താണ് മഅ്‌വാ സ്വർഗം. സകല സൃഷ്ടികളുടെയും ജ്ഞാനങ്ങൾ എത്തിപ്പെടുന്ന ഇടം, വർണനങ്ങൾകൊണ്ട് പറഞ്ഞുതീർക്കാനാവുന്നതല്ല അതിന്റെ സൗരഭ്യം. അങ്ങനെ നബി (സ്വ) ഉത്തുംഗമായ സ്വർഗീയശൃംഗരങ്ങളിലൂടെ അല്ലാഹുവിന്റെ സാമീപ്യത്തിലെത്തി. ഖുർആൻ വിവരിക്കുന്നുണ്ട്: എന്നിട്ടദ്ദേഹം അത്യുന്നത മണ്ഡലത്തിലായി തനതുരൂപത്തിൽ നിലകൊണ്ടു, പിന്നെ കൂടുതലടുത്തുവന്നു സമീപസ്ഥനായി. അങ്ങനെ രണ്ടു വില്ലുകളുടെയത്രയോ അതിലേറെയോ അടുത്തുവന്നു. തത്സമയം അല്ലാഹു തന്റെ അടിമ മുഹമ്മദ് നബിക്ക് ബോധനം നൽകേണ്ടതൊക്കെയും അറിയിച്ചുകൊടുത്തു (സൂറത്തുന്നജ്മ് 8, 9, 10). 

അവിടെവെച്ച് സുപ്രധാനമായൊരു കാര്യമാണ് അല്ലാഹു നബി (സ്വ)ക്ക് ദിവ്യബോധനമായി നൽകിയത്. അതാണ് നമസ്‌കാരം. ഒരു ദിവസത്തെ രാത്രിയും പകലിലുമായി അമ്പത് നമസ്‌കാരങ്ങളാണ് നിർബന്ധമാക്കിനൽകിയത്. മടങ്ങുംവഴി മൂസാ നബി (അ) ഇക്കാര്യം അറിയുകയും തങ്ങളുടെ സമുദായത്തിന് ഇത്രയും നമസ്‌കാരങ്ങൾ ഒരൊറ്റ ദിവസത്തിൽ താങ്ങാനാവുന്നതല്ല എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഒന്നിലധികം പ്രാവശ്യം ദിവ്യസന്നിധിയിലേക്ക് മടങ്ങുകയും നമസ്‌കാരത്തിന്റെ കാര്യത്തിൽ ലഘൂകരണം അഭ്യർത്ഥിക്കുകയുമുണ്ടായി. അങ്ങനെ അല്ലാഹു അവസാനം അഞ്ചായി ലഘൂകരിച്ചുനൽകി. അഞ്ചാണെങ്കിലും പത്തിരട്ടി പ്രതിഫലം നൽകുമെന്ന അല്ലാഹുവിന്റെ വാഗ്ദാനത്തോടെ ഫലത്തിൽ അമ്പതാവുകയും ചെയ്തു. 

മിഹ്‌റാജ് ആകാശപ്രയാണത്തിൽ നബി (സ്വ) അനവധി അത്ഭുതക്കാഴ്ചകൾ കാണുകയുണ്ടായി. സ്വർഗലോകവും അതിലെ അനുഗ്രഹസംവിധാനങ്ങളും ദർശിക്കുകയുണ്ടായി. മുത്തുകളാലുള്ള അവിടത്തെ തോരണങ്ങളും ഹാരങ്ങളും കണ്ടു. അവിടത്തെ മണ്ണ് കസ്തൂരിയാണ്. അവിടത്തെ പുഴയും കോട്ടകൊത്തളങ്ങളും അവർണനീയമാണ്. ഹൗളുൽ കൗസറും ജിബ്‌രീൽ (അ) നബി (അ)ക്ക് കാണിച്ചുകൊടുത്തു. 

നരകലോകത്തെ അതിഭയാനതകളും നബി (സ്വ) കാണുകയുണ്ടായി. അവിടെ ആളുകൾ മുഖവും നെഞ്ചും മാന്തുകയും ചെയ്യുന്നത് കണ്ടു. നബി (സ്വ) അവരാരെന്ന് ചോദിച്ചപ്പോൾ ജിബ്‌രീൽ (അ) പറയുകയുണ്ടായി: അവർ ആൾക്കാരുടെ ആത്മാഭിമാനത്തിൽ ഇടപെടുകയും അവരുടെ പച്ചമാംസം ഭക്ഷിക്കുന്നവരുമാണ് (ഹദീസ് അബൂദാവൂദ് 4878).

ദൈവാദരവായ ഈ യാത്രയിൽ അല്ലാഹു നബി (സ്വ)ക്ക് പ്രധാനമായും മൂന്നു കാര്യങ്ങളാണ് നൽകിയത്: ഒന്ന് അഞ്ചു നമസ്‌കാരങ്ങൾ, സൂറത്തു ബഖറയിലെ അവസാനഭാഗം, നബി (സ്വ)യുടെ സമുദായത്തിൽ നിന്നുള്ളവർക്ക് ശിർക്കല്ലാത്ത കാര്യങ്ങൾക്കുള്ള പ്രായശ്ചിത്തം (ഹദീസ് മുസ്ലിം 173). അങ്ങനെ ഈ യാത്ര ലഘൂകരണത്തിന്റെയും ലളിതവൽക്കരണത്തിന്റെയും പ്രയാണമാണ്. നബിമാർ തമ്മിലുള്ള സഹോദര്യത്തിന്റെ സഞ്ചാരമാണ്. രക്ഷയുടെയും, ആശയവിനിമയത്തിന്റെയും ചോദിച്ചറിവിന്റെയും പര്യടനമാണ്. ധാരാളം ഉൾസാരങ്ങളും ഗുണപാഠങ്ങളും ആ യാത്രയിലുണ്ട്. അല്ലാഹു പറയുന്നു: നിശ്ചയം കഥാകഥനങ്ങളിൽ ബുദ്ധിമാൻമാർക്ക് വലിയ ഗുണപാഠമുണ്ട്, കെട്ടിച്ചമച്ചുണ്ടാക്കുന്ന ഒരു വൃത്താന്തമല്ല ഈ ഖുർആൻ. പ്രത്യുത പൂർവവേദങ്ങളെ ശരിവെക്കുന്നതും എല്ലാ വിഷയങ്ങളെയും അധികരിച്ചുള്ള ഒരു പ്രതിപാദനവും സത്യവിശ്വാസം കൊക്കൊള്ളുന്ന ജനതതിക്ക് സന്മാർഗ ദർശനവും ദിവ്യാനുഗ്രഹവുമാകുന്നു (സൂറത്തു യൂസുഫ് 111).


back to top