കുടുംബ പാലനം

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 09/02/2024

കുടുംബം പരിപാവനമാണ്. സൂറത്തുന്നിസാഇലെ ഒന്നാം സൂക്തത്തിലൂടെ തന്നെ അല്ലാഹു പറയുന്നുണ്ട്: ഹേ മനുഷ്യരേ ഒരേയൊരു വ്യക്തിയിൽ നിന്നു നിങ്ങളെ പടക്കുകയും അതിൽ നിന്നു തന്നെ അതിന്റെ ഇണയെ സൃഷ്ടിക്കുകയും അവരിരുവരിൽ നിന്നുമായി ഒട്ടേറെ സ്ത്രീപുരുഷന്മാരെ വ്യാപിക്കുകയും ചെയ്ത നിങ്ങളുടെ നാഥനെ സൂക്ഷിക്കുക, ഏതൊരുവന്റെ പേരിൽ നിങ്ങൾ അവകാശങ്ങൾ ചോദിക്കുന്നുവോ ആ അല്ലാഹുവിനെയും കുടുംബബന്ധവും സൂക്ഷിക്കുക. 

മറ്റു ഖുർആനികാധ്യായങ്ങളിലും കാണാം:

ഹേ മർത്യകുലമേ ഒരാണിലും പെണ്ണിലും നിന്നാണ് നിങ്ങളെ നാം സൃഷ്ടിച്ചിരിക്കുന്നത് (സൂറത്തുൽ ഹുജറാത്ത് 13).

അല്ലാഹു നിങ്ങൾക്ക് സ്വന്തത്തിൽ നിന്നുതന്നെയുള്ള ഇണകളെ ഉണ്ടാക്കിത്തരികയും അവർവഴി മക്കളെയും പേരമക്കളെയും സൃഷ്ടിക്കുകയും ചെയ്തു (സൂറത്തുന്നഹ് ല് 72).


കുടുംബബന്ധത്തിലൂടെ സ്‌നേഹാർദ്രതയും കാരുണ്യസ്പർശവും സമാശ്വാസവും പകരണമെന്നാണ് അല്ലാഹു കൽപിക്കുന്നത്: ഇണകളുമായി സംഗമിച്ച് സമാധാന ജീവിതമാസ്വദിക്കാനായി സ്വന്തത്തിൽ നിന്നു തന്നെ നിങ്ങൾക്ക് ഇണകളെ സൃഷ്ടിച്ചു തന്നതും പരസ്പര സ്‌നേഹവും കാരുണ്യവും നിക്ഷേപിച്ചതും അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതുതന്നെയത്രെ (സൂറത്തു റൂം 21). 

സമൂഹത്തിൽ കുടുംബം ശരീരത്തിൽ ഹൃദയം അല്ലെങ്കിൽ ആത്മാവ് പോലെയാണ്. കുടുംബ ബന്ധത്തെ ഈടുറ്റ കരാർ എന്നും വിശുദ്ധ ഖുർആൻ വിശേഷിപ്പിച്ചിട്ടുണ്ട് (സൂറത്തുന്നിസാഅ് 21).

കുടുംബബന്ധുത്വ മൂല്യം കുടുംബത്തിലെ ഓരോ അംഗങ്ങൾ കാത്തുസൂക്ഷിക്കേണ്ടതാണ്, കുടുംബനാഥനും ആശ്രിതരും മാതാപിതാക്കളും മക്കളും ചെറിയവരും വലിയവരും അങ്ങനെ എല്ലാവരും. അങ്ങനെയുണ്ടാവുമ്പോഴാണ് കുടുംബബന്ധം സുഭദ്രമാവുന്നത്, അല്ലാതിരിക്കുമ്പോൾ ശിഥിലമായി തരിപ്പണമാവും. 

തിരക്കു പിടിച്ച ജീവിത ഓട്ടപ്പാച്ചിലിനിടയിലും കൃത്യാന്തര ബാഹുല്യങ്ങൾക്കിടയിലും കുടുംബകാര്യത്തിന് പ്രഥമഗണന നൽകണം. 'ദൈവദാനമായ കുടുംബത്തോടൊപ്പമായിരിക്കുക, മറ്റു ജോലികളും ഉത്തരവാദിത്വങ്ങളും ആശ്രിതരായ ഭാര്യസന്താനങ്ങളോടൊപ്പം ചേരാൻ വിഘ്‌നമാവരുത്, അവരാണ് എല്ലാ സന്തോഷത്തിന്റെയും വിജയത്തിന്റെയും ഉറവിടം' എന്നാണ് യുഎഇ രാഷ്ട്രാധ്യക്ഷൻ ഷെയ്ക് മുഹമ്മദ് ബ്‌നു സായിദ് അവർകളുടെ സരളവും സാരസമ്പൂർണവുമായ ഉപദേശം.

കുടുംബത്തിൽ തന്നെ നാം പ്രഥമവും പ്രധാനവും പരിപാലനാ മുൻഗണന നൽകേണ്ടത് മക്കൾക്കാണ്. അല്ലാഹു കഹ്ഫ് സൂറത്ത് 46ാം സൂക്തത്തിൽ പറഞ്ഞ പ്രകാരം ഐഹികലോകത്തെ സൗകുമാര്യങ്ങളാണ് സന്താനങ്ങൾ. നബി (സ്വ) മക്കൾക്കും പേരമക്കൾക്കും പ്രത്യേക പരിഗണന നൽകിയിരുന്നു. പെരുമാറ്റത്തിലും പരിപാലനത്തിലും വൈകാരിക ഇടപെടലുകളിലും സംസാരത്തിലുമെല്ലാം അവരോട് പ്രത്യേകമായി വാത്സല്യവും സ്‌നേഹപ്രകടനവും കാണിച്ചിരുന്നു. അവരോടൊപ്പം ചിരിക്കുകയും കളിക്കുകയും ചെയ്തിരുന്നു. വഴിയിൽ അങ്ങോട്ടും ഇങ്ങോട്ടും ചാടിക്കളിച്ചുകൊണ്ടിരുന്ന പേരക്കുട്ടിയോടൊപ്പം നബി (സ്വ)യും കളിച്ച് വാരിപ്പുണർന്ന് ഉമ്മവെച്ചു പറയുകയുണ്ടായി: അല്ലാഹുവേ ഇവനെ ഞാനിഷ്ടപ്പെടുന്നു, നീയും ഇവനെ ഇഷ്ടപ്പെടുക (ഹദീസ് ബുഖാരി, മുസ്ലിം). 

മക്കളോട് ശൈശവഘട്ടത്തിൽ മാത്രമല്ല ഈ പരിപാലനയജ്ഞം നടത്തേണ്ടത്. ബാല്യത്തിലും കൗമാരത്തിലും എന്നല്ല അവരുടെ വിവാഹശേഷവും തുടരണം. നബിമാർ അങ്ങനെയായിരുന്നു. ഇബ്രാഹിം നബി (അ) മകൻ ഇസ്മാഈലി (അ)ന് വേണ്ടി യാത്രാക്ലേശം സഹിച്ചത് ചരിത്രത്തിൽ പ്രസിദ്ധമാണ്. നമ്മുടെ നബി (സ്വ) ഇടക്കിടക്ക് മകൾ ഫാത്വിമ (റ)യെ ഭർതൃഗൃഹത്തിൽ സന്ദർശിച്ച് സുഖവിവരങ്ങൾ അറിഞ്ഞിരുന്നു (ഹദീസ് ബുഖാരി 3364). ഫാത്വിമ (റ) നബി (സ്വ)യെ സന്ദർശിക്കാൻ ചെന്നാൽ നബി (സ്വ) മകൾക്കായി എഴുന്നേറ്റുനിൽക്കുമായിരുന്നു, എന്നിട്ട് മകളെ ചുംബിക്കുകയും ഇരിപ്പിടത്തിൽ ഇരുത്തുകയും ചെയ്തിരുന്നു (ഹദീസ് തുർമുദി 3872).

മക്കളെയും കുടുംബത്തെയും വീടിനെയും പരിപാലിക്കുന്നതിൽ യാതൊരു വീഴ്ചയും വരുത്തരുത്. എല്ലാവരോടും സമീകൃതമായി അശ്രദ്ധ വരുത്താതെ സമചിത്തതയോടെ പെരുമാറേണ്ടിയിരിക്കുന്നു. അല്ലാഹു പറയുന്നുണ്ട്്: സത്യവിശ്വാസികളേ, സ്വന്തം ശരീരങ്ങളെയും കുടുംബത്തെയും മനുഷ്യരും ശിലകളും വിറകായ നരകത്തിൽ നിന്നു നിങ്ങൾ കാത്തുസംരക്ഷിക്കുക (സൂറത്തു ത്തഹ്‌രീം 06). 

മക്കൾക്ക് യഥാസമയം യഥാവിധി പരിപാലനവും ലാളനയും കിട്ടിയില്ലെങ്കിൽ അവർ പിഴച്ചേക്കാം. അതിനാൽ അവർ ആവശ്യപ്പെടുന്നതിന് മുമ്പ് തന്നെ അവർക്കുള്ള ശരിയായ പരിപാലനവും ശിക്ഷണവും നൽകണം. എപ്പോഴും അവർക്കായി പ്രാർത്ഥിക്കണം: 'നാഥാ സ്വന്തം സഹധർമിണിമാരിലും സന്താനങ്ങളിലും നിന്ന് ഞങ്ങൾക്കു നീ ആനന്ദം നൽകുകയും സൂക്ഷ്മാലുക്കളായി ജീവിതം നയിക്കുന്നവർക്ക്് ഞങ്ങളെ മാതൃകയാക്കുകയും ചെയ്യേണമേ' (സൂറത്തുൽ ഫുർഖാൻ 74).


back to top