മസ്ജിദിൽ പാലിക്കേണ്ട മര്യാദകൾ

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 16/02/2024

മസ്ജിദുകൾ പവിത്ര ഇടങ്ങളാണ്. ആദരിക്കപ്പെടേണ്ട മതചിഹ്നങ്ങളാണ്. സൂറത്തുൽ ഹജ്ജ് 32ാം സൂക്തത്തിലൂടെ അല്ലാഹു പറയുന്നുണ്ട്: അല്ലാഹുവിന്റെ മതചിഹ്നങ്ങൾ ഒരാൾ ആദരിക്കുന്നുവെങ്കിൽ അത് ഹൃദയങ്ങളിലെ സൂക്ഷ്മതയിൽ നിന്നുത്ഭൂതമാകുന്നത് തന്നെയത്രെ. സത്യവിശ്വാസികളുടെ മനസ്സിനും ശരീരത്തിനും ആരാധനകളിലൂടെയും പ്രാർത്ഥനകളിലൂടെയും ദിവ്യാനന്ദം പകരുന്ന ദിവ്യഗേഹങ്ങൾ കൂടിയാണ് മസ്ജിദുകൾ. ഒത്തൊരുമയിൽ ഒപ്പിച്ച വരികളിൽ പടച്ചവനായ ഒരുത്തൊരുത്തനെ ദിക്‌റിലും നമസ്‌കാരത്തിലുമായി അഭിമുഖീകരിക്കുന്ന സുന്ദരസ്ഥലികളാണ് അവിടങ്ങൾ. 

ഭൂസ്ഥലങ്ങളിൽ വെച്ച് അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട ഇടം മസ്ജിദാണ് (ഹദീസ് മുസ്ലിം 671).

മസ്ജിദുകളെ അല്ലാഹു സ്വന്തത്തിലേക്ക് ചേർത്തിപ്പറഞ്ഞതായും കാണാം, മസ്ജിദുകൾ അല്ലാഹുവിനുള്ളതാകുന്നു (സൂറത്തുൽ ജിന്ന് 18). 


ബാങ്കും ദിക്‌റുകളും ഖുർആൻ സൂക്തങ്ങളും പ്രതിധ്വനിക്കുന്ന സ്വർഗീയ ഇടങ്ങളുമാണ് മസ്ജിദുകൾ. 

പ്രഭാഷപ്രദോഷങ്ങളിൽ മസ്ജിദുകളിലേക്ക് സഞ്ചരിക്കുന്ന സമയങ്ങളിൽ അവനിക്കായി സ്വർഗീയ വിരുന്നൊരുക്കപ്പെടുമെന്നാണ് നബി (സ്വ) അറിയിച്ചിരിക്കുന്നത് (ഹദീസ് ബുഖാരി, മുസ്ലിം). 

മസ്ജിദുകളിൽ ഒരുമിച്ചുകൂടി ഖുർആൻ പാരായണം നടത്തുകയും പഠനങ്ങൾ നടത്തുകയും ചെയ്തവർക്ക് മാലാഖമാരുടെ കരുതലും കാവലുമുണ്ടാവും, അവർക്ക് കാരുണ്യവും ശാന്തിയും വർഷിക്കുകയും ചെയ്യും. മാത്രമല്ല അവരെപ്പറ്റി അല്ലാഹു മാലാഖമാരോട് പറയുകയും ചെയ്യുമത്രെ (ഹദീസ് മുസ്ലിം 2699). 

മാലാഖമാർ മസ്ജിദുള്ളവരോട് കൂടെകൂടുകയും അവരുടെ സൽകർമ്മങ്ങളും സൽവാചകങ്ങളും അല്ലാഹുവിലേക്ക് ഉയർത്തുകയും അവരെപ്പറ്റി അല്ലാഹുവിനോട് നല്ലത് പറയുകയും ചെയ്യും. അവരുടെ അടുത്ത് ചെല്ലുമ്പോഴും അവരിൽ നിന്ന് മടങ്ങുമ്പോഴും അവർ നമസ്‌ക്കരിക്കുകയായിരുന്നുവെന്ന് അല്ലാഹുവിനോട് മാലാഖമാർ പറയുമെന്ന് ഇമാം അഹ്‌മദ് (റ) റിപ്പോർട്ട് ചെയ്യുന്ന ഹദീസുണ്ട് (9152). 


മസ്ജിദുകളെ ബഹുമാനിക്കാനും ആദരവിന്റെ സ്ഥാനവും മാനവും നൽകാനുമാണ് അല്ലാഹു കൽപ്പിച്ചിരിക്കുന്നത്. അല്ലാഹുവിന്റെ നാമം അനുസ്മരിക്കപ്പെടാനും ഉത്തരോത്തരം ഉയർത്തപ്പെടാനും അല്ലാഹു തന്നെ അനുമതി നൽകിയ ഗേഹങ്ങളാണ് മസ്ജിദുകളെന്ന് സൂറത്തുന്നൂർ 36ാം സൂക്തത്തിൽ പരാമർശമുണ്ട്. 


മസ്ജിദുകളെ ബഹുമാനിക്കുന്നതിൽ ചില മര്യാദകളും ചിട്ടവട്ടങ്ങളുമുണ്ട്.

ശുദ്ധി അതിൽ പ്രധാനമാണ്. ശുദ്ധി നടത്തി ശാന്തതയോടെയും ഗരിമയോടെയും വേണം സത്യവിശ്വാസി മസ്ജിദുകളിലേക്ക് പോവാൻ. വീട്ടിൽ നിന്ന് ശുദ്ധി വരുത്തി നിർബന്ധ നമസ്‌കാരം നിർവ്വഹിക്കാനായി അല്ലാഹുവിന്റെ തിരുഗേഹമായ മസ്ജിദിലേക്ക് നടന്നുപോവുന്നവന്റെ ഒരു ചവിട്ടടി അവന്റെ പാപം മായ്ച്ചുകളയും, മറ്റൊരു ചവിട്ടടി അവന്റെ സ്ഥാനം ഉയർത്തും (ഹദീസ് മുസ്ലിം 666). മസ്ജിദിലേക്ക് ചെല്ലുമ്പോൾ നമസ്‌കാരം നടക്കുകയാണെങ്കിൽ ശാന്തതയോടെ സമീപിക്കണം, അവരോടൊപ്പം കിട്ടിയ നമസ്‌കാരം നിർവ്വഹിക്കുകയും ബാക്കി പൂർത്തീകരിക്കുകയും ചെയ്യണം (ഹദീസ് ബുഖാരി). 

മസ്ജിദിലേക്ക് പോവുമ്പോൾ നല്ല ഗന്ധവും വൃത്തിയും വെടിപ്പുമുള്ള വസ്ത്രം ധരിക്കണം. അല്ലാഹു പറയുന്നുണ്ട്: ഹേ മനുഷ്യരേ, ആരാധനാ വേളകളിലൊക്കെ നിങ്ങൾ വസ്ത്രാലങ്കാരമണിയുക (സൂറത്തുൽ അഅ്‌റാഫ് 31).

അല്ലാഹുവിന് വേണ്ടി അണിഞ്ഞൊരുങ്ങലാണ് അഭികാമ്യം (സുനനുൽ കുബ്‌റാ ബൈഹഖി 3088). 

യോജ്യമല്ലാത്തതും ദുർഗന്ധം വമിക്കുന്നതുമായ വസ്ത്രങ്ങൾ ധരിക്കുന്നത് നമസ്‌ക്കരിക്കാനെത്തിയവരെയും അവിടെ ഹാജരാവുന്ന മലക്കുകളെയും പ്രയാസപ്പെടുത്തും. മനുഷ്യർക്ക് ബു്ദ്ധിമുട്ടാക്കുന്നത് മാലാഖമാർക്കും ബുദ്ധിമുട്ടാക്കുന്നതാണ് (ഹദീസ് മുസ്ലിം 562). 

മസ്ജിദിലേക്ക് പ്രവേശിക്കുമ്പോൾ ബിസ്മി മൊഴിഞ്ഞ് സ്വലാത്തും ചൊല്ലി പൊറുക്കൽ തേടിയും കാരുണ്യവാതായനങ്ങൾ തുറക്കണമെന്നപേക്ഷിച്ചും പ്രാർത്ഥിക്കണം (ഹദീസ് തുർമുദി 314, ഇബ്‌നു മാജ 771). പ്രവേശിച്ചു കഴിഞ്ഞാൽ അഭിവാദ്യമായി രണ്ടു റക്അത്ത് നമസ്‌കരിക്കലും പുണ്യകരമാണ് (ഹദീസ് ബുഖാരി, മുസ്ലിം). മസ്ജിദിന്റെ വൃത്തിയും ഭംഗിയും പ്രൗഢിയുമെല്ലാം പരിപാലിക്കേണ്ടത് ഓരോ സത്യവിശ്വാസിയുടെയും ബാധ്യതയാണ്. പ്രവാചക കാലത്ത് മസ്ജിദ് വൃത്തിയാക്കിയിരുന്ന സ്ത്രീയെപ്പറ്റിയുള്ള പരാമർശം ഹദീസിലുണ്ട്. 

ശബ്ദം താഴ്ത്തൽ മസ്ജിദിൽ പാലിക്കേണ്ട മര്യാദയാണ്. 

ഖുർആൻ പാരായണത്താൽ ശബ്ദമുഖരിതമായ മസ്ജിദിൽ വെച്ച് നബി (സ്വ) അനുചരരോട് പറയുകയുണ്ടായി: അറിയുക, നിങ്ങളെല്ലാവരും അല്ലാഹുവിനോട് അഭിമുഖമായി സംഭാഷണം നടത്തുന്നവരാണ്, ആരും ആർക്കും ബുദ്ധിമുട്ടുണ്ടാക്കരുത്, പാരായണത്തിൽ ആരും ആരെയേക്കാളും ശബ്ദമുയർത്തരുത് (ഹദീസ് അബൂദാവൂദ് 1332). മസ്ജിദുകൾ തന്നെ അല്ലാഹുവിനെ സ്മരിക്കാനും നമസ്‌ക്കരിക്കാനും ഖുർആൻ പാരായണം ചെയ്യാനുമാണ് (ഖുർആൻ ഹദീസ് മുസ്ലിം 285). എന്നാൽ പരിശുദ്ധ പാരായണത്തിന് പോലും ശബ്ദമുയർത്താൻ പാടില്ലെങ്കിൽ അനാവശ്യ സംസാരങ്ങളാൽ ശബ്ദമുണ്ടാക്കുന്നത് ഏറെ ഭയാനകം തന്നെ.

മസ്ജിദിൽ ശബ്ദമുയർത്തിയ ആളോട് താങ്കൾ എവിടെയാണുള്ളതെന്ന് അറിയില്ലേ എന്ന് ഉമർ ബ്‌നുൽ ഖത്വാബ് (റ) ഉണർത്തിയത് ചരിത്രത്തിൽ കാണാം. 

ആരാധനാനുഷ്ഠങ്ങളിൽ മുഴുകി മസ്ജിദുകളിലുള്ള സാന്നിധ്യം വർദ്ധിപ്പിക്കണം. അവിടങ്ങളിൽ അനാവശ്യകാര്യങ്ങളിലേർപ്പെടരുത്. ഫോണിൽ മുഴുകരുത്. നമസ്‌കാരം കഴിഞ്ഞയുടനെ മസ്ജിദിൽ നിന്നു പുറത്തുപോവാൻ ധൃതിപ്പെടരുത്. നമസ്‌ക്കരിച്ച സ്ഥലത്ത് തുടരുന്ന കാലത്തോളം മലക്കുകൾ അവനിക്കായി അല്ലാഹുവിനോട് പ്രാർത്ഥിക്കുമത്രെ  (ഹദീസ് ബുഖാരി 445). 


മസ്ജിദിലെ ഈ മര്യാദകൾ എല്ലാഴ്‌പ്പോഴും പാലിക്കണം, വിശിഷ്യാ വെള്ളിയാഴ്ച ദിവസങ്ങളിൽ. വരുന്ന വഴിക്ക് തടസ്സങ്ങളൊന്നും ഉണ്ടാക്കരുത്. മറ്റുള്ളവർക്ക് തടസ്സമാവാത്ത രീതിയിൽ വരിയൊപ്പിച്ച് വാഹനങ്ങൾ പാർക്ക് ചെയ്യണം. വഴി തടസ്സമുണ്ടാക്കുന്നത് ഇസ്ലാം ദീനിൽ ഹറാമാണ്. മസ്ജിദിനുള്ളിലും വരി പാലിക്കണം. ഇരുത്തം അവസാനിക്കുന്നിടത്ത് ഇരിക്കണം. ആളുകളുടെ പിരടികൾക്കിടയിലൂടെ കാലെടുത്ത് വെച്ച് മുന്നിലേക്ക് ചെല്ലരുത്. അങ്ങനെ ചെയ്തയാളോട് അവിടെ ഇരിക്കുക, താങ്കൾ ബുദ്ധിമുട്ടുണ്ടാക്കിയിരിക്കുകയാണ് എന്നാണ് നബി (സ്വ) പറഞ്ഞത്. 

ഖുത്ബ നടക്കുമ്പോൾ ഖതീബിന് അഭിമുഖമായി ഇരുന്ന് സശ്രദ്ധം കേൾക്കണം. ഖതീബ് മിമ്പറിലെത്തിയാൽ സ്വഹാബികൾ അദ്ദേഹത്തിലേക്ക് തിരിഞ്ഞിരിക്കുമായിരുന്നു  (ഹദീസ് തുർമുദി 509). ഖുത്ബാ സമയം ഒരു സംസാരവും പാടില്ല. അസ്സമയം അനാവശ്യ കാര്യത്തിലേർപ്പെട്ടവന് ജുമുഅ ഇല്ല (ഹദീസ് അഹ്‌മദ് 719). 

മക്കളെ മസ്ജിദിലേക്ക് കൊണ്ടുവരികയാണെങ്കിൽ അവരെ നന്നായിരിക്കാൻ പ്രാപ്തരാക്കണം. അശ്രദ്ധമായി വിടരുത്. അത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കും. 

മസ്ജിദിനെയും അതുമായി ബന്ധപ്പെട്ട എല്ലാത്തിനെയും പരിപാലിക്കേണ്ടിയിരിക്കുന്നു. അവിടത്തെ സദസ്സുകളെയും പണ്ഡിതരെയും ബഹുമാനിക്കണം. മസ്ജിദ് ജീവനക്കാരെയും നാം ബഹുമാനിക്കണം. 

മസജിദ് പരിപാലകർ അല്ലാഹുവിന്റെ സമീപസ്ഥരായിരിക്കും.

അന്ത്യനാളിൽ അല്ലാഹു വിളിച്ചുപറയും: എവിടെ എന്റെ അയൽവാസികൾ? എവിടെ അയൽവാസികൾ? അന്നേരം മലക്കുകൾ ചോദിക്കും: നാഥാ, ആരാണ് നിന്നോട് സമീപസ്ഥരാകുന്നവർ. അപ്പോൾ അല്ലാഹു പറയും: എവിടെയാണ് മസ്ജിദ് പരിപാലകർ (മുസ്‌നദുൽ ഹാരിസ് 126).


back to top