വിട്ടുവീഴ്ചയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമരുത്

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 23/02/2024

സ്‌നേഹത്തിന്റെയും ഇണക്കത്തിന്റെയും പാർശ്വങ്ങൾ ബലപ്പെടുത്തി പാരസ്പര്യം ശക്തിപ്പെടുത്താൻ ഉദ്‌ഘോഷിക്കുന്ന മതമാണ് ഇസ്ലാം. പരസ്പരമുള്ള നല്ല ബന്ധങ്ങൾ നല്ല ജീവനത്തിന്റെയും പ്രകൃതത്തിന്റെയും അടയാളമാണ്. നബി (സ്വ) പറയുന്നു: സത്യവിശ്വാസി ഇണക്കമുള്ള പ്രകൃതക്കാരനാണ്, ഇണങ്ങാത്തവനിലും ഇണക്കപ്പെടാത്തവനിലും നന്മയില്ല (ഹദീസ് അഹ്‌മദ് 2284). വിദ്വേഷത്തിന്റെയും പിണക്കത്തിന്റെയും വഴികൾ സ്വീകരിക്കാതെ മറ്റുള്ളവരോട് സൽസ്വഭാവത്തിൽ വിട്ടുവീഴ്ചയോടെ ഇടപെടണമെന്നാണ് പ്രസ്തുത ഹദീസ് സാരമാക്കുന്നത്. 

പരസ്പരം കാണുമ്പോൾ പുഞ്ചിരിക്കലും മുഖം പ്രസന്നമാക്കലും നല്ല വാക്കുകൾ ഉരവിടലുമെല്ലാം ബന്ധങ്ങളെ സുദൃഢപ്പെടുത്തുന്ന കാര്യങ്ങളാണ്. നല്ല വാക്ക് ഹൃദയത്തിന്റെ താക്കോലെന്നാണ് അറിയപ്പെടുന്നത്. അല്ലാഹു പറയുന്നു: ഏറ്റം ഉദാത്തമായ സംസാരമേ ആകാവൂ എന്ന് താങ്കൾ എന്റെ അടിമകളോട് പറയുക, പിശാച് അവർക്കിടയിൽ സ്പർദ്ധയുണ്ടാക്കുക തന്നെ ചെയ്യും. നിശ്ചയം മാനവന്റെ പ്രത്യക്ഷ ശത്രുവാണ് പിശാച് (സൂറത്തുൽ ഇസ്‌റാഅ് 53). ജനമനസ്സുകൡ ദുർബോധനങ്ങൾ നടത്തി അവർക്കിടയിൽ ഛിദ്രതകളുണ്ടാക്കുന്ന, അവരെ മനോവിഷമത്തിലാക്കി വൈരവും ശത്രുതയും വരുത്തുന്ന പിശാചിൽ നിന്ന് അല്ലാഹുവോട് കാവൽ തേടേണ്ടിയിരിക്കുന്നു. 

അല്ലാഹു പറയുന്നു: താങ്കൾ മാപ്പ് മുറുകെ പിടിക്കുകയും നന്മ കൽപിക്കുകയും മൂഢന്മാരെ അവഗണിക്കുകയും ചെയ്യുക, പിശാചിന്റെ വല്ല ദുർബോധനവും നിങ്ങളെ ബാധിക്കുന്നുവെങ്കിൽ അല്ലാഹുവിനോട് കാവൽ ചോദിക്കുക, നിശ്ചയം എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാണവൻ (സൂറത്തുൽ അഅ്‌റാഫ് 199, 200). 

ബുദ്ധിയുള്ളവൻ ദുർചിന്തകളാൽ പിശാചിന് അവസരം നൽകുകയില്ല. തർക്കങ്ങളുടെയും ചേരിപ്പോരുകളുടെയും മേഖലകളിൽ നിന്നും മാറിനിന്ന് പാരസ്പരിക ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനാവും. നബി (സ്വ) വീട്ടിൽ നിന്നിറങ്ങുമ്പോൾ മാർഗഭ്രംശത്തിലാവൽ, വഴിതെറ്റൽ, അക്രമം ചെയ്യൽ, അക്രമിക്കപ്പെടൽ, അജ്ഞതയുണ്ടാൽ, അജ്ഞാതമാക്കപ്പെടൽ തുടങ്ങിയ കാര്യങ്ങളെ തൊട്ട് അല്ലാഹുവിനോട് കാവൽ അഭ്യർത്ഥിച്ചു പ്രാർത്ഥിക്കുമായിരുന്നു (ഹദീസ് അബൂദാവൂദ് 5094, നസാഈ 5486, ഇബ്‌നുമാജ 3884). 


ബലമായ സ്‌നേഹബന്ധങ്ങൾ നിലനിർത്താനായി വേണ്ടത് തർക്കങ്ങൾ ഒഴിവാക്കലാണ്. ന്യായമുണ്ടെങ്കിൽ പോലും തർക്കം ഒഴിവാക്കാനാണ് നബി (സ്വ) പഠിപ്പിക്കുന്നത് (ഹദീസ് അബൂദാവൂദ് 4800). ഊഹാപോഹങ്ങളിൽ നിന്നും അഭ്യൂഹങ്ങളിൽ നിന്നും കലഹിക്കുന്നവരുടെ കൂട്ടുകെട്ടുകളിൽ നിന്നും വിട്ടുനിൽക്കലും സുദൃഢബന്ധത്തിന്റെ ലക്ഷണങ്ങളാണ്. അല്ലാഹുവിന് ഏറ്റവും കോപമുണ്ടാകുന്നത് കൂടുതൽ തർക്കവിതർക്കങ്ങളിലേർപ്പെടുന്നവരോടത്രെ (ഹദീസ് ബുഖാരി, മുസ്ലിം). തർക്കിക്കുന്നത് തെമ്മാടിത്തരമെന്നും ഹദീസുണ്ട് (ബുഖാരി, മുസ്ലിം). 


അതിനിസ്സാരമായ കാര്യങ്ങൾക്ക് പോലും വർഷങ്ങളോളം തർക്കിക്കുകയും കണ്ടാൽ സലാം പറയുക പോലും ചെയ്യാത്തവരുടെ കാര്യം അതിപരിതാപകരം തന്നെ. ഒരു സഹോദരനോട് മൂന്നു ദിവസത്തിലധികം പിണങ്ങിനിൽക്കൽ അനുവദനീയമല്ലെന്നാണ് നബി (സ്വ) സുവ്യക്തമായി പറഞ്ഞിരിക്കുന്നത് (ഹദീസ് ബുഖാരി, മുസ്ലിം). വിടുതി നൽകാനും സലാം പറയാനും ഖുർആനിൽ അനുശാസനയുണ്ട് (സൂറത്തുൽ സുഖ്‌റുഫ് 89).

വലിയ മനസ്സുള്ളവർക്കേ മറ്റുള്ളവരെ മനസ്സിലാക്കാനും വിട്ടുവീഴ്ച ചെയ്യാനും പറ്റുകയുള്ളൂ. അല്ലാഹു മാപ്പു നൽകുന്നവനും പൊറുക്കുന്നവനുമാണ്, വിട്ടുവീഴ്ച ചെയ്യുന്നവർക്ക് അല്ലാഹുവിൽ നിന്നുള്ള വിടുതിയും പ്രതീക്ഷിക്കാവുന്നതാണ്. 

യുഎഇ രാഷ്്ട്രപിതാവ് ശൈഖ് സായിദ് (റ) പറഞ്ഞിട്ടുണ്ട്: സഹിഷ്ണുത അനിവാര്യമാണ്, സർവ്വലോക സ്രഷ്ടാവായ അല്ലാഹു സഹിഷ്ണുത കാട്ടുന്നു, നമ്മുക്കെങ്ങനെ സഹിഷ്ണുക്കൾ ആകാതിരിക്കാനാവും!?.

മറ്റൊരുത്തനുമായുള്ള ഇടപാടിൽ വല്ല അനിഷ്ടവുമോ പൊരുത്തക്കേടോ സംഭവിച്ച് വിട്ടുവീഴ്ചക്കൊരുങ്ങിയാൽ അതിൽ വിശാലത അനുഭവിക്കാനാവും. ഇല്ലെങ്കിൽ ഈ ലോകത്ത് പ്രശ്‌നങ്ങൾ തീരുകയില്ല, ജീവിതം ദുസ്സഹമായിരിക്കും. 

മഹാനായ ഫുദൈൽ (റ) പറയുന്നു: നിങ്ങളുടെ അടുക്കൽ ഒരാൾ മറ്റൊരാളെപ്പറ്റി പരാതിയുമായി വന്നാൽ അവനിക്ക് വിട്ടുവീഴ്ച ചെയ്തുകൊടുക്കാൻ പറയണം. കാരണം വിടുതി ചെയ്യുന്നവൻ ആ രാത്രി ശാന്തമായി ഉറങ്ങും. എന്നാൽ മറ്റേവൻ അവന്റെ കുതൂഹലങ്ങളിൽ വ്യാകുലനായിരിക്കും. 


ആരോടും വിദ്വേഷം വെക്കാതെ വിടുതി ചെയ്യുന്നവന്റെ മനസ്സ് സ്വസ്ഥപൂർണമായിരിക്കും.


പുണ്യമാക്കപ്പെട്ട ശഅ്ബാൻ മാസമാണിത്. അല്ലാഹുവിലേക്ക് സൽക്കർമ്മങ്ങൾ ഉയർത്തപ്പെടുന്ന മാസം. ശഅ്ബാൻ പതിനഞ്ചാം രാവിൽ അല്ലാഹു വന്ന് എല്ലാ സൃഷ്ടികൾക്കും പൊറുത്തുകൊടുക്കും, ശണ്ഠ കൂടുന്നവനും ശിർക്ക് ചെയ്യുന്നവനും ഒഴികെ (ഹദീസ് ഇബ്‌നുമാജ 1390). 

തർക്കിക്കുന്നവനിക്കും കലഹിക്കുന്നവനിക്കും എന്തെല്ലാം സുകൃതങ്ങളാണ് നിഷേധിക്കപ്പെടുന്നതും അസാധുവാക്കപ്പെടുന്നതും. കരുണ ചെയ്താൽ കരുണ ചെയ്യപ്പെടും എന്നത് പോലെ പൊറുത്തുനൽകിയാൽ അല്ലാഹുവും പൊറുത്തുനൽകുന്നതുമാണ്.

ഇത് കലഹങ്ങളുടെയും പോരുകളുടെയും കാലമല്ല, സഹിഷ്ണുതാ കാലഘട്ടമാണ്.

നമ്മുക്ക് ഒരുമിക്കാം, ഭിന്നതകൾ മറന്ന് സ്‌നേഹസംവേദനങ്ങളിലൂടെയും ലോഹ്യസംവാദങ്ങളിലൂടെയും മനസ്സുകൾ ഇണക്കുന്നവരാണ് യഥാർത്ഥ സത്യവിശ്വാസികൾ. 

അല്ലാഹു നിങ്ങൾക്ക് പൊറുത്തു തരാൻ ആഗ്രഹമില്ലേ, അവൻ ഏറെ കാരുണ്യവാനും പൊറുക്കുന്നവനുമാണ് (സൂറത്തുന്നൂർ 22). 

വീട്ടുവീഴ്ചയുടെ കാര്യത്തിൽ ആദ്യം പരിഗണിക്കേണ്ടത് കുടുംബക്കാരെയാണ്. കുടുംബബന്ധം ചേർത്തുകൊണ്ടിരിക്കണം. കുടുംബക്കാരുടെ നന്മകൾ ഓർക്കണം. വീഴചകൾ അവഗണിക്കണം. അവരോട് ആശയവിനിമയങ്ങൾ നടത്തിക്കൊണ്ടിരിക്കണം. പരസ്പരം സമ്മാനങ്ങൾ നൽകണം. അനന്തരാവകാശത്തിന്റെ പേരിലോ സ്വത്തിന്റെ പേരിലോ മറ്റോ ഭിന്നത വരുത്തരുത്. 

അയൽവാസികൾ, സുഹൃത്തുക്കൾ, സഹപ്രവർത്തകർ അങ്ങനെ ഏവരോടും വിട്ടുവീഴ്ചാമനോഭാവം പുലർത്തണം. വിട്ടുവീഴ്ച ചെയ്ത കാരണത്താൽ അല്ലാഹു ആത്മാഭിമാനം അധികരിപ്പിക്കുകയേ ചെയ്യുള്ളൂ (ഹദീസ് മുസ്ലിം 6757). സൂറത്തുൽ ആലുഇംറാൻ 133, 134 സൂക്തങ്ങളിൽ സ്വർഗത്തിന്റെ വർണനകളുണ്ട്, അത് സന്തോഷാവസ്ഥയിലും സന്താപഘട്ടത്തിലും ധനം ചെലവഴിക്കുകയും ക്രോധം ഒതുക്കുകയും ജനങ്ങൾക്ക് മാപ്പരുളുകയും ചെയ്യുന്ന സൂക്ഷ്മാലുക്കൾക്കുള്ളതെന്നാണ് വിവരണം. 



back to top