ഫർള്‌ നമസ്‌കാരങ്ങൾ നിർബന്ധം, സമയബന്ധിതം

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 01/03/2024

ഒരിക്കൽ യാത്രക്കായി പുറപ്പെട്ട നബി (സ്വ) ഒരു കൂട്ടം അനുചരന്മാരെ കണ്ടു, അവർ നമസ്‌ക്കാരത്തിനായി പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. നബി (സ്വ) അവരുടെ ആ സൽകർമ്മത്തെ പുകഴ്ത്തുംവിധം ചോദിക്കുകയുണ്ടായി: എന്തൊരു പ്രചോദനമാണ് നിങ്ങളെ ഇവിടെ പിടിച്ചിരുത്തുന്നത്?! അവർ പറഞ്ഞു: തിരുദൂതരേ, ഞങ്ങൾ നമസ്‌ക്കാരത്തിനായി പ്രതീക്ഷിച്ചിരിക്കുകയാണ്. കുറച്ച് നേരം മിണ്ടാതിരുന്ന നബി (സ്വ) തല ഉയർത്തി പറഞ്ഞു: നിങ്ങളുടെ പടച്ചവൻ എന്താണ് പറയുന്നതെന്ന് അറിയുമോ? അവർ പറഞ്ഞു: അറിയില്ല. നബി (സ്വ) തുടർന്നു: നാഥൻ അല്ലാഹു പറയുന്നു, സമയക്രമം പാലിച്ചുകൊണ്ട് നിസ്സാരമാക്കാതെ നമസ്‌ക്കാരങ്ങളെ നിലനിർത്തുന്നവന് സ്വർഗപ്രവേശനം എന്റെ ഉറപ്പാണ് (ഹദീസ് അഹ്‌മദ് 18123). 

അത്രമാത്രം പ്രാധാന്യമുണ്ട് നമസ്‌കാരസമയങ്ങൾക്ക്. അവ അല്ലാഹു ക്രമപ്പെടുത്തിയതാണ്. അല്ലാഹുവിന്റെ ആജ്ഞപ്രകാരം മലക്ക് ജിബ്‌രീൽ (അ) നബി (സ്വ)യെ കൊണ്ട് കഅ്ബക്കരികെ പോയി  നമസ്‌ക്കാരങ്ങളെല്ലാം നിർവ്വഹിച്ചു. ഓരോ നമസ്‌കാരവും സമയത്തിന്റെ ആദ്യഭാഗത്തും അവസാനഭാഗത്തുമായി രണ്ടുവട്ടം നിർവ്വഹിച്ചു. ശേഷം ജിബ്‌രീൽ (അ) പറയുന്നുണ്ട്: ഹേ മുഹമ്മദ് ഇതാണ് അങ്ങക്ക് മുമ്പുള്ള പ്രവാചകന്മാരുടെ സമയം, ഇപ്പോൾ നിർവ്വഹിച്ച ഓരോ രണ്ടു നമസ്‌ക്കാരങ്ങൾക്കിടയിലുള്ളതാണ് നമസ്‌ക്കാര സമയം. (ഹദീസ് അബൂദാവൂദ് 393, തുർമുദി 149). 


യഥാ സമയം യഥാ സമയം നിർബന്ധമായും നിർവ്വഹിക്കപ്പെടേണ്ടതാണ് ഫർള് നമസ്‌ക്കാരങ്ങൾ. അല്ലാഹു തന്നെ പറയുന്നു: നിശ്ചയമായും സത്യവിശ്വാസികൾക്ക് സമയനിർണിതമായ നിർബന്ധബാധ്യതയത്രെ നമസ്‌ക്കാരം (സൂറത്തുന്നിസാഅ് 103). ആ നിർണിത സമയത്തിന് മുമ്പാക്കലോ ശേഷമാക്കലോ അനുവദനീയമല്ല. എന്നാൽ ചില സന്ദർഭങ്ങളിൽ വിടുതിയുണ്ട്. യാത്രക്കാരന്റെ ജംഅ് ആക്കി നമസ്‌ക്കരിക്കുന്ന സാഹചര്യം, ഉറക്കം, മറവി പോലെത്ത കാരണങ്ങൾ ഉണ്ടായാൽ സമയത്തിന്റെ കാര്യത്തിൽ ഇളവുണ്ട്. 

നബി (സ്വ)  പറയുന്നു: ഉറക്കം സംഭവിച്ചാൽ വീഴ്ചയായി ഗണിക്കില്ല, എന്നാൽ ഉണർച്ചയിൽ വീഴ്ചയായി കണക്കുകൂട്ടും.  ഒരാൾ നമസ്‌കാരം മറക്കുകയോ ഉറങ്ങിപ്പോവുകയോ ചെയ്താൽ പിന്നെ ഓർമയുണ്ടായാൽ നമസ്‌കാരം നിർവ്വഹിച്ചുവീട്ടണം (ഹദീസ് അബൂദാവൂദ് 437, തുർമുദി 177, നസാഈ 615). അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള കർമ്മം സമയം പാലിച്ചുള്ള നമസ്‌ക്കാരമെന്നാണ് ഒരവസരത്തിൽ ചോദ്യത്തിനുത്തരമായി നബി (സ്വ) പറഞ്ഞത് (ഹദീസ് ബുഖാരി, മുസ്ലിം). 

നമസ്‌ക്കാരസമയമായാൽ നബി (സ്വ) അതിനായി മനസ്സും ശരീരവും ഒരുക്കുമായിരുന്നു, മറ്റൊന്നിലും മുഴുകുകയുമില്ല (ഹദീസ് ബുഖാരി 6039). 

അല്ലാഹു പറയുന്നുണ്ട്: സൂര്യൻ ആകാശമധ്യത്തിൽ നിന്ന് തെന്നിമാറുന്നതു മുതൽ രാത്രി ഇരുൾമുറ്റുന്നതുവരെ നിർണിത വേളകളിൽ താങ്കൾ നമസ്‌ക്കാരം മുറപോലെയനുഷ്ഠിക്കണം. ഖുർആനോതിയുള്ള പുലർകാല നമസ്‌ക്കാരത്തിലും നിഷ്ഠ പുലർത്തുക. പ്രഭാത നമസ്‌ക്കാരത്തിലെ ഖുർആൻ പാരായണം മാലാഖമാരാൽ സാക്ഷ്യം വഹിക്കപ്പെടും, തീർച്ച (സൂറത്തുൽ ഇസ്‌റാഅ് 78). 


ദിവസത്തിലെ ആദ്യത്തെ നമസ്‌ക്കാരമാണ് പുലർകാല നമസ്‌ക്കാരമായ ഫജ്ർ നമസ്‌ക്കാരം. അത് യഥാസമയം നിർവ്വഹിക്കുന്നവർ ഭാഗ്യം സിദ്ധിച്ചവരാണ്. ആ നമസ്‌ക്കാരത്തിന് മലക്കുകൾ സന്നിദ്ധരായിരിക്കുമത്രെ. പകലിലെയും രാത്രിയിലെയും മലക്കുകൾ സന്ധിക്കുന്ന സമയമാണത്. ഉറക്കിനിക്കേൾ ശ്രേഷ്ഠമെന്ന് ബാങ്കിലൂടെ വിളിച്ചോതപ്പെടുന്ന സുബ്ഹ് നമസ്‌ക്കാരത്തിലൂടെ അല്ലാഹുവിനെ അഭിമുഖീകരിച്ചുകൊണ്ട് ഒരു ദിവസം തുടങ്ങുന്നത് ഏറെ ശുഭകരം തന്നെ. 

ഫജ്ർ നമസ്‌ക്കാരം നിലനിർത്തുന്നവന് ആദ്യനാളിൽ പൂർണപ്രകാരശമുണ്ടാവും (ഹദീസ് അബൂദാവൂദ് 561, തുർമുദി 223, ഇബ്്‌നുമാജ 781). അവൻ അല്ലാഹുവിന്റെ പൂർണ ഉത്തരവാദിത്വത്തിലായിരിക്കും (ഹദീസ് മുസ്ലിം 657). അവന്റെ ആ ദിവസത്തിൽ നേരത്തെ ചെയ്യുന്ന കാര്യങ്ങളിൽ അല്ലാഹു പുണ്യങ്ങൾ നൽകുകയും അവനെ സംരക്ഷിക്കുകയും ചെയ്യും. അവൻ ഉന്മേഷവാനും സ്വസ്ഥതയുള്ളവനുമായിരിക്കും, അല്ലാത്തവൻ മടിയനും അസ്വസ്ഥനുമായിരിക്കും (ഹദീസ് ബുഖാരി, മുസ്ലിം). 

സുബ്ഹ് നമസ്‌കാരത്തിന് ശേഷം ളുഹ്ർ, അസ്ർ, മഗ്‌രിബ് നമസ്‌ക്കാരങ്ങളും പിന്നെ ദിവസത്തിന്റെ പരിസമാപ്തിയായി ഇശാ നമസ്‌ക്കാരവും ഭയഭക്തിയോടെ നിർവ്വഹിക്കണം. 

ഒരു ഫർള് നമസ്‌ക്കാരം അതിന് ശേഷമുള്ള ഫർള് നമസ്‌ക്കാരം വരെയുള്ള സമയത്തെ പ്രായശ്ചിത്തമാണ് (ഹദീസ് അഹ്‌മദ് 7129). ഒരു നമസ്‌ക്കാരം പ്രതീക്ഷിച്ചിരിക്കുന്നത് അവൻ നമസ്‌ക്കാരത്തിലായിരിക്കുന്നത് പോലെയാണ് (ഹദീസ് അഹ്‌മദ് 7892). നമസ്‌ക്കാരത്തിലായിരിക്കുന്ന സമയത്തോളം മലക്കുകൾ അവനിക്ക് കാരുണ്യവർഷവും പാപമോചനവുമുണ്ടാവാൻ പ്രാർത്ഥിക്കുകയും ചെയ്യും (ഹദീസ് ബുഖാരി, മുസ്ലിം). 

നമസ്‌ക്കാരങ്ങൾ അതിന്റേതായ സമയത്ത് തന്നെ നിർവ്വഹിക്കുന്നത് ഒരു മഹിമ തന്നെയാണ്. നമ്മുടെ മക്കളെയും അതിന് പ്രാപ്തരാക്കണം. ഉമർ (റ) പറഞ്ഞു: എനിക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യം നമസ്‌ക്കാരമാണ്, അത് യഥാക്രമം യഥാവിധി നിലനിർത്തിയവൻ മതകാര്യങ്ങളെല്ലാം പാലിച്ചിരിക്കുന്നു. നമസ്‌ക്കാരം നഷ്ട്‌പ്പെടുത്തിയവൻ എല്ലാ മതകാര്യങ്ങളെയും പാഴാക്കിയിരിക്കുന്നു (മുവത്വാ 06). 

നമസ്‌കാരത്തിനായി നാം സ്വയം ഉണരണം. മറ്റുള്ള സ്വന്തക്കാരെ ഉണർത്തണം. സമയനിഷ്ഠ നമസ്‌ക്കാരത്തിൽ കണിശമായി പാലിക്കുകയും ചെയ്യുക. 


back to top