റമദാൻ, അനുഗ്രഹങ്ങളുടെ രാപകലുകൾ

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 08/03/2024

പരിശുദ്ധ റമദാൻ മാസം വന്നെത്തി. അല്ലാഹുവിങ്കൽ ശ്രേഷ്ഠതയാർന്ന ദിവസങ്ങളുള്ള അതിശ്രേഷ്ഠ മാസമായ റമദാനിലാണ് വിശുദ്ധ ഗ്രന്ഥം ഖുർആൻ അവതരിച്ചത്. റമദാൻ മാസത്തിൽ സ്വർഗവതിലുകൾ തുറക്കപ്പെടുകയും നരകവാതിലുകൾ കൊട്ടിയടക്കപ്പെടുകയും ധിക്കാരികളായ പിശാചുകൂട്ടങ്ങൾ ചങ്ങലക്കിടപ്പെടുകയും ചെയ്യുമത്രെ (ബൈഹഖി 142).

റമദാനിൽ സൽപ്രവർത്തനങ്ങൾക്ക് ഇരട്ടി പ്രതിഫലങ്ങൾ നൽകപ്പെടും. ദോഷങ്ങൾ മായ്ക്കപ്പെടും. നന്മകൾ അധികരിക്കും. സുകൃതങ്ങൾ ആഗ്രഹിക്കുന്നവർ കുറഞ്ഞ കർമ്മങ്ങൾ കൊണ്ട് കൂടുതൽ ഫലങ്ങൾ സാധ്യമാക്കുന്ന പുണ്യ റമദാനിനെ ഉപയോഗപ്പെടുത്തണമെന്നാണ് നബി (സ്വ)യുടെ ആഹ്വാനം (ഹദീസ് തുർമുദി 682, ഇബ്‌നുമാജ 1642). 


റമദാൻ പിറ കണ്ടാൽ ഈമാൻ, ഇസ്ലാം, രക്ഷ, ശുഭഫലം എന്നിക്കായി പ്രാർത്ഥിക്കാനാണ് നബി (സ്വ) പഠിപ്പിക്കുന്നത് (ഹദീസ് അഹ്‌മദ് 1397). 

സത്യവിശ്വാസി സൽകർമ്മങ്ങളാൽ മുതലാക്കേണ്ടതുതന്നെയാണ് റമദാൻ. രാത്രികളും പകലുകളും ഏറെ ധന്യമാണ്. റമദാനിലെ ദിവസങ്ങളെ മറ്റുള്ള ദിവസങ്ങളെ പോലെ കാണുന്നവൻ ഹതഭാഗ്യൻ തന്നെ. 

ഒരിക്കൽ നബി (സ്വ) ഖുത്ബ നിർവ്വഹിക്കാൻ മിമ്പറിൽ കയറി രണ്ടാം പടിയിൽ കാൽ വെച്ചപ്പോൾ ആമീൻ പറയുകയുണ്ടായി. ഖുത്ബ കഴിഞ്ഞ് മിമ്പറിൽ നിന്നിറങ്ങി വന്നേേപ്പാൾ അതേപ്പറ്റി നബി (സ്വ) ഇങ്ങനെ പറഞ്ഞു: ഞാൻ രണ്ടാമത്തെ പടിയിൽ കാലെടുത്ത് വെച്ചപ്പോൾ ജിബ്‌രീൽ മുമ്പിൽ വന്നുപറഞ്ഞു: റമദാൻ മാസം കിട്ടിയിട്ടും പാപമോചനം ലഭിക്കാൻ അവസരം ഉപയോഗപ്പെടുത്താത്തവനെ അല്ലാഹു വിദൂരത്താക്കട്ടെ, അങ്ങ് ആമീൻ പറയുക. അങ്ങനെ ഞാൻ ആമീൻ പറഞ്ഞു (ഹദീസ് തുർമുദി 1644). 


പാപമോക്ഷത്തിന്റെ മാസം കൂടിയാണ് റമദാൻ. ശരിയായി പ്രയോജനപ്പെടുത്തുന്നവർ പാപമോചിതരായിരിക്കും. ശക്തമായ സത്യവിശ്വാസത്തോടെ അല്ലാഹുവിൽ നിന്നുള്ള പ്രതിഫലങ്ങൾ കാംക്ഷിച്ചുകൊണ്ട് റമദാനിൽ വ്രതമനുഷ്ഠിക്കുന്നവനിൽ നിന്നു വന്നുപോയ പാപങ്ങളൊക്കെയും പൊറുക്കപ്പെടുമത്രെ (ഹദീസ് ബുഖാരി, മുസ്ലിം). അപ്രകാരം റമദാനിൽ നമസ്‌ക്കരിച്ചാലും പാപമോചിതമാവുമെന്നും ഹദീസുണ്ട് (ഹദീസ് ബുഖാരി, മുസ്ലിം). 

ദാനധർമ്മങ്ങൾ അധികരിപ്പിച്ച് അല്ലാഹുവിന്റെ കാരുണ്യകടാക്ഷം ലഭിക്കാൻ അവസരവുമാണ് റമദാൻ. ഒരു ദിർഹം നൽകിയെങ്കിലും ദാനധർമ്മത്തിന്റെ ഭാഗമാവണം. ചില അവസരങ്ങളിൽ ചിലരുടെ നൂറു ദിർഹത്തിനേക്കാൾ കേമമായിരിക്കും മറ്റു ചിലരുടെ ഒരൊറ്റ ദിർഹം (ഹദീസ് നസാഈ 2527). 


വ്രതമനുഷ്ഠിച്ചവന് നോമ്പുതുറക്കുള്ള ഭക്ഷണം നൽകലും ഏറെ പുണ്യമുള്ളതാണ്. അത് ഒരൊറ്റ കാരക്കയാണെങ്കിലും ശരി. നോമ്പു തുറപ്പിച്ചന് നോമ്പനുഷ്ഠിച്ചവന്റെ പ്രതിഫലം ലവലേശം കുറയാത്തവിധം ലഭിക്കുന്നതാണ് (ഹദീസ് തുർമുദി 807). 


ഖുർആൻ അവതരണത്തിന്റെ മാസമായ റമദാനിൽ ഖുർആൻ പാരായണം ചെയ്തും കേട്ടും അർത്ഥം മനസ്സിലാക്കിയും സുകൃതപൂർണമാക്കേണ്ടതാണ്. 

റമദാനിലെ സമയങ്ങൾ കുടുംബത്തോടൊപ്പം കൂടി സന്തോഷകരമാക്കണം. നോമ്പുതുറക്കും അത്താഴത്തിനും കുടുംബത്തോടൊപ്പമിരിക്കണം. അങ്ങനെ കുടുംബാംഗങ്ങളിലും വീട്ടിലും പുണ്യങ്ങളുണ്ടാവും. നബി (സ്വ) പറയുന്നു: നിങ്ങൾ ഒരുമിച്ചിരുന്ന് അല്ലാഹുവിന്റെ നാമമുച്ചരിച്ച് ഭക്ഷണം കഴിക്കുക, എന്നാൽ നിങ്ങൾക്ക് ബർകത്തുണ്ടാവും (ഹദീസ് അബൂദാവൂദ് 3764, ഇബ്‌നുമാജ 3286).

റമദാനിലൂടെ പുണ്യങ്ങളും അനുഗ്രഹങ്ങളും അതിരും പരിധിയുമില്ലാതെ ഒരുക്കിയ അല്ലാഹുവിന് നന്ദിയുള്ളവരായിക്കൊണ്ട് അവ കൃതജ്ഞതാപൂർവ്വം സൂക്ഷ്മമായി ഉപയോഗപ്പെടുത്താനും ഓരോർത്തരും ബാധ്യസ്ഥരാണ്. വെള്ളത്തിലും ഭക്ഷണത്തിലും മിതത്വം പാലിക്കാനാണ് ഖുർആനിക നിർദേശം. അമിതവ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല (സൂറത്തുൽ അഅ്‌റാഫ് 31). 


വെള്ളവും ഭക്ഷണവുമുണ്ടായിരിന്നിട്ടും ദാഹവും വിശപ്പും രുചിക്കുന്ന വ്രതാനുഷ്ഠാനി അഷ്ടിക്ക് വകയില്ലാത്തവരുടെ കാഠിന്യം കൂടി അനുഭവിച്ചറിയുന്നു, അതുവഴി ദാനം ചെയ്യാൻ പ്രേരിതനാവുന്നു, തന്റെ ഉപയോഗത്തിൽ മിതത്വം പാലിക്കാനും പാകപ്പെടുന്നു. നബി (സ്വ) പറഞ്ഞ പ്രകാരം, ഒരാൾക്ക് ജീവൻ നിലനിൽത്തുന്ന രീതിയിലുള്ള ഭക്ഷണഭോജനം മതി, വയറിന്റെ മൂന്നിലൊരു ഭാഗം വെള്ളത്തിന്, മറ്റൊരു മൂന്നിലൊന്ന് ഭക്ഷണത്തിനും, മറ്റൊന്ന് ഒഴിച്ചുവിടണം (ഹദീസ് 238).


മിതവ്യയത്തിലൂടെ സംരക്ഷിക്കപ്പെടേണ്ട മഹാ അനുഗ്രഹമാണ് വെള്ളം. ജീവന്റെ അടിസ്ഥാനവുമാണത്. നിലനിൽപ്പിന്റെ പ്രധാന ഘടകവും. എല്ലാ ജീവനെയും അല്ലാഹു വെള്ളത്താലാണ് പടച്ചത് (സൂറത്തുൽ അമ്പിയാഅ് 30).


back to top