സ്വർഗവാതിലുകൾ തുറക്കപ്പെടുമ്പോൾ

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ 

മൻസൂർ ഹുദവി കളനാട്

തീയ്യതി: 15/03/2024

വിശുദ്ധിയുടെ വ്രതക്കാലമാണ് റമദാൻ മാസം. സ്വർഗക്കവാടങ്ങൾ തുറക്കപ്പെടുകയും പിശാചുക്കൾ ചങ്ങലകളിൽ ബന്ദിക്കപ്പെടുകയും ചെയ്യുന്ന ധന്യമാസം. ഈയൊരു മാസക്കാലത്ത് വ്രതമനുഷ്ഠാനം സത്യവിശ്വാസിയുടെ നിർബന്ധാരാധനയാണ്. വ്രതം ഭക്തിയുണ്ടാക്കും. ഭക്തി സ്വർഗത്തിലെത്തിക്കും. 

റമദാൻ സമാഗതമായാൽ സ്വർഗവാതിലുകൾ തുറക്കപ്പെടുമെന്നാണല്ലൊ നബി (സ്വ) പറഞ്ഞിരിക്കുന്നത്. സ്വർഗത്തിന് എട്ട് വാതിലുകളുണ്ട്. ഓരോ വാതിലിന്റെ ഇരു പാളികൾക്കിടയിൽ തന്നെ നാല്പതു വർഷങ്ങളുടെ വഴിദൂരമുണ്ട്, അവിടങ്ങളിൽ ജനങ്ങൾ നിറഞ്ഞു തിക്കിത്തിരക്കുണ്ടാക്കുന്ന ഒരു ദിവസം വരും (ഹദീസ് മുസ്ലിം 2967). 

സ്വർഗക്കവാടങ്ങൾ മലർക്കെ തുറക്കപ്പെടുന്ന പുണ്യ റമദാൻ മാസം സുഖലോലുപതകളുടെ സ്വർഗത്തിൽ എത്താൻ സത്യവിശ്വാസികൾക്ക് സുവർണാവസരമാണ് നൽകുന്നത്.

നമസ്‌ക്കാരങ്ങൾ കൃത്യമായി മുറപോലെ നിർവ്വഹിക്കുന്നവർക്കായി തുറക്കപ്പെടുന്ന സ്വർഗക്കവാടമാണ് ബാബുൽ സ്വലാത്ത്.

സ്വർഗക്കവാടങ്ങളിൽ നോമ്പുകാർക്ക് മാത്രമായുള്ള പ്രത്യേക കവാടമാണ് ബാബുൽ റയ്യാൻ. വ്രതമനുഷ്ഠിച്ചവർ അന്ത്യനാളിൽ റയ്യാനിലൂടെ സ്വർഗത്തിൽ പ്രവേശിക്കുമെന്നും മറ്റാർക്കും അതിലൂടെ കടക്കാനാവില്ലെും നബി (സ്വ) പറഞ്ഞതായി ഇമാം ബുഖാരി (റ), ഇമാം മുസ്ലിം (റ) എന്നിവർ ഹദീസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. 

ദാനധർമ്മങ്ങൾ ചെയ്യുന്നവർ സ്വർഗത്തിലേക്ക് പ്രവേശിക്കുന്ന കവാടമാണ് ബാബുൽ സ്വദഖ. 

നരകത്തിൽ നിന്നുള്ള പരിചയും സ്വർഗത്തിലേക്കുള്ള കവാടവുമാണ് ദിക്ർ.

ലാ ഹൗല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹ് എന്ന ദിക് ർ സ്വർഗക്കവാടങ്ങളിൽപ്പെട്ട ഒരു കവാടമെന്നാണ് നബി (സ്വ) അനുചരന്മാരെ പഠിപ്പിച്ചിരിക്കുന്നത് (ഹദീസ് തുർമുദി 3581, അഹ്‌മദ് 15480).

വുദൂഇന് ശേഷമുളള പ്രാർത്ഥന പതിവാക്കിയവർക്ക് സ്വർഗക്കവാടങ്ങൾ എട്ടും തുറക്കപ്പെടുമെന്നും അവർക്ക് ഏതിലൂടെ വേണമെങ്കിലും സ്വർഗത്തിലേക്ക് കടക്കാമെന്നും ഹദീസുണ്ട് (ഹദീസ് മുസ്ലിം 234).

റമദാൻ മാസം സ്വർഗപ്രവേശം സാധ്യമാക്കാനുള്ള അനുകൂല സന്ദർഭമാണ്. സ്വർഗത്തിലെ തങ്ങളുടെ സ്ഥാനം തിരിച്ചറിയുന്നവനാണ് യഥാർത്ഥ വിജയി. സത്യവിശ്വാസികൾക്ക് അല്ലാഹു സ്വർഗസ്ഥാനങ്ങൾ പരിചയപ്പെടുത്തിക്കൊടുക്കുമെന്ന് പരിശുദ്ധ ഖുർആൻ വിവരിക്കുന്നുണ്ട് (സൂറത്തു മുഹമ്മദ് 06). ഇഹലോകത്തിലെ വീട്ടിലെ സ്ഥാനത്തെക്കാൾ സ്വർഗത്തിലെ സ്ഥാനം ഏറെ അറിയുന്നനായിരിക്കും സത്യവിശ്വാസി എന്നാണ് നബി (സ്വ) പറഞ്ഞിരിക്കുന്നത് (ഹദീസ് ബുഖാരി 2453). 

സ്വർഗവാതിലുകളിൽ വെച്ച് ഏറ്റവും മധ്യത്തിലുള്ളത് നമ്മിൽ നിന്ന് വിദൂരത്തല്ല, നമ്മുക്ക് എളുപ്പത്തിൽ പ്രാപിക്കാവുന്നതാണ്. മാതാപിതാക്കൾക്ക് ഗുണം ചെയ്യുന്നവർക്കുള്ളതാണത്. മാതാപിതാക്കൾ സ്വർഗവാതിലുകളിലെ നടുവിലേതാണെന്നാണ് നബി (സ്വ) പറഞ്ഞിരിക്കുന്നത്, നമ്മൾ വിചാരിച്ചാൽ ആ വാതിൽ സംരക്ഷിക്കാനുമാവും പാഴാക്കാനുമാവും (ഹദീസ് തുർമുദി 1900, അഹ്‌മദ് 27511). മാതാപിതാക്കളിൽ നിന്നും ഇരുവരോ ഒരാളോ ജീവിച്ചിരിപ്പുണ്ടെങ്കിൽ അവർക്ക് ഗുണങ്ങൾ ചെയ്തും അവർ മരിച്ചിട്ടുണ്ടെങ്കിൽ അവർക്കായി പ്രാർത്ഥിച്ചും അവരുടെ പേരിൽ ദാനധർമ്മങ്ങൾ ചെയ്തും അവരുടെ സ്വന്തക്കാരോടും കുടുംബക്കാരോടും ബന്ധം നിലനിർത്തിയും ആ അവസരം മുതലാക്കാവുന്നതാണ്. 

ആരാധനാനുഷ്ഠാനങ്ങൾ നിലനിർത്തി ശരീരത്തെ സൂക്ഷിച്ച് ഭർത്താവിന് നല്ലൊരു പങ്കാളിയായിക്കൊണ്ട് മക്കളെ പരിപാലിക്കുന്ന സ്ത്രീയോട് അവളുടെ ഉദ്ദേശിക്കുന്ന സ്വർഗക്കവാടത്തിലൂടെ പ്രവേശിക്കാൻ പറയുമത്രെ (ഹദീസ് അഹ്‌മദ് 1661, ഇബ്‌നു മാജ 1855). കുടുംബത്തിലെ ഉത്തരവാദിത്വങ്ങൾ ശരിയായി നിർവ്വഹിക്കുന്ന പുരുഷനും തഥൈവ. അല്ലാഹു പറയുന്നു: ശാശ്വതവാസത്തിനുള്ള സ്വർഗങ്ങളാണ് അവർക്കുള്ളത്, അവരും തങ്ങളുടെ മാതാപിതാക്കൾ, ഇണകൾ, സന്താനങ്ങൾ എന്നിവരിൽ നിന്നുള്ള സദ് വൃത്തരും അതിൽ പ്രവേശിക്കുന്നതാണ്. അവരുടെയടുത്ത് എല്ലാ കവാടങ്ങളിലൂടെയും മലക്കുകൾ കടന്നുവരികയും സഹനം കൈക്കൊണ്ടതിനാൽ നിങ്ങൾക്ക് സമാധാനം ഭവിക്കട്ടെ, ഈ അന്തിമസങ്കേതം എത്ര ഉദാത്തമായിരിക്കുന്നു എന്ന് ആശംസിക്കുകയും ചെയ്യുന്നതാണ് (സൂറത്തു റ്അ്ദ് 23, 24).


back to top