ഖുർആനിന്റെ റമദാൻ

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 22/03/2024

അല്ലാഹു മാലാഖ ജിബ്‌രീൽ (അ) മുഖാന്തിരം നബി (സ്വ)യിലേക്ക് അവതരിച്ചുക്കൊടുത്ത വചനാമൃതമാണ് പരിശുദ്ധ ഖുർആൻ.

ഏറ്റവും മഹത്തരമായ ദൈവികാവതരണങ്ങളായ ഖുർആൻ അമാനുഷികവും അതീവ സ്പഷ്ടവും സാഹിത്യസമ്പുഷ്ടവുമാണ്. പാരായണം ആരാധനയാക്കി മാർഗദർശനം ചെയ്യുന്ന നിലക്കാത്ത മടുക്കാത്ത ശാസ്ത്രങ്ങളാണ് ഖുർആൻ.

മുൻപ്രവാചകർക്കെന്ന പോലെ താങ്കൾക്ക് നമ്മുടെ കൽപനകളിൽ നിന്നുള്ള ചൈതന്യവത്തായ ഖുർആൻ നാം ബോധനം നൽകിയിരിക്കുന്നു, വേദമോ സത്യവിശ്വാസമോ എന്താണെന്ന് താങ്കൾക്ക് അറിയുമായിരുന്നില്ല. എങ്കിലും അതിനെ നമ്മുടെ അടിമകളിൽ നിന്ന് നാമുദ്ദേശിക്കുന്നവരെ സന്മാർഗ ദർശനം ചെയ്യുന്ന ഒരു പ്രകാശമാക്കി (സൂറത്തുശ്ശൂറാ 52).


നിശ്ചയം ഈ ഖുർആൻ പ്രപഞ്ചനാഥൻ അവതരിപ്പിച്ചത് തന്നെയാണ്, അങ്ങയുടെ ഹൃദയത്തിൽ ജിബ്‌രീൽ അതുമായി ഇറങ്ങിയിരിക്കുന്നു. സ്ഫുടമായ അറബി ഭാഷയിൽ താക്കീത് നൽകുന്നവരിൽ താങ്കൾ ആയിരിക്കാൻ വേണ്ടിയത്രെ അത്. പൂർവഗാമികളുടെ വേദങ്ങളിലും ഖുർആന്റെ പരാമർശങ്ങളുണ്ട് (192, 193, 194, 195, 196).


ഖുർആൻ പാരായണം പതിവാക്കിയവന്റെ ഹൃദയം നൈർമല്യമുള്ളതായിരിക്കും. അർത്ഥതലങ്ങൾ മനസ്സിരുത്തി ഓതുവന്റെ ബുദ്ധി വികസിക്കുകയും ആ സന്മാർഗദർശനം പിൻപറ്റുന്നവന്റെ സത്യവിശ്വാസം കൂടുതൽ ബലവത്താവുകയും ചെയ്യും. അല്ലാഹു പറയുന്നുണ്ട:് അല്ലാഹുവിനെക്കുറിച്ച് അനുസ്മരിക്കപ്പെട്ടാൽ ഹൃദയങ്ങൾ പേടിച്ചുവിറകൊള്ളുകയും അവന്റെ സൂക്തങ്ങൾ പാരായണം ചെയ്യപ്പെട്ടാൽ വിശ്വാസം വർദ്ധിക്കുകയും നാഥനിൽ സമസ്തവും അർപ്പിക്കുകയും ചെയ്യുന്നവർ മാത്രമാണ് സത്യവിശ്വാസികൾ (സൂറത്തുൽ അൻഫാൽ 02).


വ്രതവിശുദ്ധിയുടെ മാസമെന്ന പോലെ പരിശുദ്ധ ഖുർആനിന്റെ മാസം കൂടിയാണ് റമദാൻ. അല്ലാഹു പറയുന്നു: 'മാനുഷ്യകത്തിനു വഴികാട്ടിയും സത്യാസത്യ വിവേചനത്തിനും സന്മാർഗ ദർശനത്തിനുമുള്ള സുവ്യക്ത ദൃഷ്ടാന്തങ്ങളും ആയി ഖുർആൻ അവതീർണമായ മാസമാണു റമദാൻ' (സൂറത്തുൽ ബഖറ 185).


റമദാൻ രാവുകളിൽ മാലാഖ ജിബ്‌രീൽ (അ) നബി (സ്വ)യുടെ അടുക്കൽ വന്ന് ഖുർആൻ ഓതിക്കൊടുക്കുമായിരുന്നു (ഹദീസ് ബുഖാരി,മുസ്ലിം). അങ്ങനെ ഖുർആനിക മാധുര്യം നുകരുകുയും ആസ്വദിക്കുകയും ചെയ്യുമായിരുന്നു. അതു കേട്ട വലീദുബ്‌നു മുഗീറ(റ)യും ഖുർആന്റെ മധുരിമയിലും മനോഹാരിതയിലും അത്ഭുതം കൂറിയിട്ടുണ്ട്. അല്ലാഹുവിലേക്ക് അടുക്കാൻ ഏറ്റവും യോജ്യമായ മാർഗം അവന്റെ വചനങ്ങളായ ഖുർആനെന്നാണ് ഖബാബ് ബ്‌നുൽ അറത്ത് പറഞ്ഞിരിക്കുന്നത്.

റമദാനിലെ രാവിലും പകലിലും ഖുർആൻ പാരായണത്തിന് പ്രത്യേക മഹിമയും പ്രതിഫലമുണ്ട്. അതുകൊണ്ടു തന്നെ സ്വഹാബികളും താബിഉകളും പണ്ഡിതസൂരികളും റമദാനിനെ വരവേറ്റതും സജ്ജീവമാക്കിയതും ഖുർആൻ പാരായണം ചെയ്തുകൊണ്ടാണ്. പ്രത്യേക പരിഗണനയോടെ തന്നെ അവർ ഖുർആൻ അർത്ഥം മനസ്സിലാക്കി ഓതുകയും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തിരുന്നു.

ഇമാം മാലിക് (റ) റമദാൻ സമാഗതമായാൽ ഖുർആൻ പാരായണത്തിനായി പ്രത്യേകം പ്രത്യേകം സമയങ്ങൾ തിട്ടപ്പെടുത്തുമായിരുന്നു. ഇബ്‌നു ശിഹാബിൽ സുഹ്‌രി (റ) റമദാനെത്തിയാൽ ഈ മാസം ഖുർആൻ പാരായണത്തിനുള്ളതാണെന്ന് പറയുമായിരുന്നു.

ഖുർആൻ പാരായണം ചെയ്യുവന്റെ സ്ഥാനങ്ങൾ ഉയരുകയും പ്രതിഫലങ്ങൾ ഇരട്ടിക്കുകയും ചെയ്യും. നബി (സ്വ) പറഞ്ഞിരിക്കുന്നു: ഒരാൾ ഖുർആനിൽ നിന്ന് ഒരക്ഷരം ഓതിയാൽ തന്നെ ഒരു പ്രതിഫലമുണ്ട്, ആ ഒരു പ്രതിഫലം തന്നെ പത്തിരട്ടിയുടെ സ്ഥാനത്തുമാണ് (ഹദീസ് തുർമുദി 2910).

 റമദാൻ കാരണം സത്യവിശ്വാസികൾക്ക് രണ്ടു ശിപാർശകളാണ് ലഭിക്കാനിരിക്കുന്നത്. നബി (സ്വ) പറഞ്ഞിട്ടുണ്ട് : ഖുർആനും വ്രതവും അന്ത്യനാളിൽ അടിമക്ക് വേണ്ടി അല്ലാഹുവിനോട് ശിപാർശ ചെയ്യും. വ്രതം പറയും: നാഥാ ഇയാൾക്ക് ഞാൻ പകലിൽ വികാരങ്ങളും ഭോജനങ്ങളും തടഞ്ഞിരിക്കുകയാണ്, അതിനാൽ അയാളുടെ കാര്യത്തിൽ നീ എന്റെ ശിപാർശ സ്വീകരിക്കണം. ഖുർആൻ പറയും: ഇയാൾക്ക് ഞാൻ രാത്രിയിൽ ഉറക്കം തടസ്സപ്പെടുത്തിയിരിക്കുകയാണ്, അതിനാൽ അയാളുടെ കാര്യത്തിൽ നീ എന്റെ ശിപാർശ സ്വീകരിക്കണം. അങ്ങനെ ആ രണ്ടു ശിപാർശകളും സ്വീകരിക്കപ്പെടും (ഹദീസ് അഹ്്മദ് 6626). 


റമദാനിൽ കുടുംബങ്ങൾ ഖുർആനിനായി സംഗമിക്കണം. മക്കളെയും മറ്റു കുടുംബാംഗങ്ങളെയും ഖുർആൻ പഠിപ്പിക്കുകയും പാരായണം ചെയ്യിപ്പിക്കുകയും വേണം. ഖുർആൻ പഠിച്ചവനും പഠിപ്പിച്ചവനുമാണ് ഏറ്റവും ഉത്തമനെന്നാണ് നബി (സ്വ) പറഞ്ഞിരിക്കുന്നത് (ഹദീസ് ബുഖാരി 5027). 

മക്കൾക്ക് ഖുർആനിക കഥകൾ കഥനം ചെയ്തുകൊടുത്ത് അതിലെ ഗുണപാഠങ്ങളും സുകൃതഗുണങ്ങളും പഠിപ്പിക്കണം. അത് അന്ത്യനാളിൽ പ്രകാശവും ശിപാർശയും കാരുണ്യവും മാർഗദർശനവുമായി പ്രതിഫലാർഹമായിരിക്കും.


അന്ത്യനാളിൽ ഖബർ പൊട്ടിപിളർന്ന് പുറത്തുവരുമ്പോൾ വിശുദ്ധ ഖുർആൻ ആ ദിവ്യവചനങ്ങളെ പഠിക്കുകയും പകർത്തുകയും ചെയ്തവനെ ഒരു സാധാരണയാളുടെ വേഷത്തിൽ കണ്ടുമുട്ടും, എന്നിട്ട് ചോദിക്കും: നിനക്ക് എന്നെ അറിയുമോ? അയാൾ പറയും: അറിയില്ല. അപ്പോൾ പറയും: ഞാൻ നിന്റെ കൂട്ടുകാരൻ ഖുർആനാണ്, നിന്റെ പകലുകളെ ദാഹമയമാക്കിട്ടുണ്ട്, നിന്റെ രാത്രികളെ നിദ്രാവിഹീനമാക്കിട്ടുണ്ട്, ഏതൊരു കച്ചവടക്കാരനും അവന്റെ വ്യവഹാരങ്ങളുണ്ടാവും, എന്നാൽ ഇന്ന് നിന്റെ വ്യവഹാരം എല്ലാത്തിനപ്പുറമാണ്. അങ്ങനെ അയാൾക്ക് വലതുകൈയിൽ രാജാധികാരവും ഇടതുകൈയും ശാശ്വതത്വവും നൽകപ്പെടും. തലയിൽ ഗരിമയുടെ കിരീടം വെക്കപ്പെടും. അവന്റെ മാതാപിതാക്കൾക്ക് ആർക്കും നൽകപ്പെടാത്ത അപൂർവ്വ പുടവകൾ ധരിക്കപ്പെടും. അവർ ആശ്ചര്യപ്പെടും: എന്തിനാണ് ഞങ്ങൾക്കിത് ധരിപ്പിക്കുന്നത്! അപ്പോൾ പറയും: നിങ്ങളുടെ സന്താനം ഖുർആൻ പഠിച്ചതും ജീവിതത്തിൽ പകർത്തിയതും കാരണം. അങ്ങനെ അവനോട് ഖുർആൻ പാരായണം ചെയ്തുകൊണ്ട് സ്വർഗീയ സൗധങ്ങളിലും ആരാമങ്ങളിലും കയറാൻ കൽപ്പിക്കപ്പെടും. ഖുർആൻ പാരായണം ചെയ്തിരിക്കുന്ന സമയത്തോളം അവൻ സ്ഥാനലബ്ധിയാൽ ഉയർന്നുയുർന്നുകൊണ്ടിരിക്കും (ഹദീസ് അഹ്‌മദ് 22950).


back to top