ദാനത്തിന്റെ പ്രാധാന്യം

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 29/03/2024

സത്യവിശ്വാസിക്കുണ്ടാവേണ്ട പാരസ്പര്യത്തിന്റെയും സഹിഷ്ണുതയുടെയും മൂല്യമോതുന്ന സവിശേഷമായ മാനുഷിക ഗുണമാണ് ദാനധർമ്മം. ദാനം സമ്പത്തിനെ ഉദാരമായി ശൂദ്ധീകരിക്കുകയും ശരീരത്തെ ലുബ്ധതയിൽ നിന്ന് മുക്തമാക്കുകയും ചെയ്യുന്നു. ദാനധർമ്മം റമദാൻ മാസത്തിൽ പ്രധാനമാണ്.

സ്രഷ്ടാവായ അല്ലാഹു തെയാണ് ഏറ്റവും വലിയ ഉദാരൻ. ദാനധർമ്മം സവിശേഷ ഗുണമാക്കിയ അവൻ സൃഷ്ടികൾക്ക് അളവറ്റ് നൽകുന്നു. മനുഷ്യരോട് ധർമ്മിഷ്ടരാവാനും അവൻ കൽപ്പിക്കുന്നുണ്ട്. അതുവഴി വണ്ണമായ പ്രതിഫലങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഏതൊരു വ്യക്തി ദാനം ചെയ്യുകയും ജീവിതത്തിൽ സൂക്ഷ്മത പുലർത്തുകയും അത്യുദാത്തമായ സ്വർഗത്തെ അംഗീകരിക്കുകയും ചെയ്തുവോ, വിജയത്തിന്റെ വഴി അവനു നാം സുഗമമാക്കിക്കൊടുക്കുതാണ്. എന്നാൽ ഏതൊരാൾ ലുബ്ധത കാട്ടുകയും ഐശ്വര്യം നടിക്കുകയും അത്യുദാത്തമായ സ്വർഗം നിഷേധിക്കുകയും ചെയ്യുന്നുവോ അവനു നാം ഏറ്റം പ്രയാസകരമായതിലേക്ക് വഴി എളുപ്പമാക്കിക്കൊടുക്കുതാണ്, നാശത്തിലേക്ക് നിപതിക്കുന്ന നേരം തന്റെ സമ്പത്ത് അവന് ഫലപ്രദമാകില്ല (സൂറത്തുല്ലൈൽ 5 മുതൽ 11 വരെയുള്ള സൂക്തങ്ങൾ).

മൂസാ നബി (അ) അല്ലാഹുവിന്റെ ഉദാര ദാനത്തെപ്പറ്റി പറയുന്നത് പരിശുദ്ധ ഖുർആൻ ഉദ്ധരിക്കുന്നുണ്ട്: ഓരോ വസ്തുവിനും അതിന്റെ പ്രകൃതി നൽകുകയും എന്നിട്ടതിന് വഴികാട്ടുകയും ചെയ്തവനാണ് ഞങ്ങളുടെ നാഥൻ (സൂറത്തു ത്വാഹാ 50). 


നമ്മുടെ പ്രവാചകർ മുഹമ്മദ് നബി (സ്വ) ദാനധർമ്മത്തിൽ ശുഷ്‌കാന്തി കാട്ടിയിരുന്നു. അല്ലാഹുവിൽ നിന്നുള്ള പ്രതിഫലം മാത്രം കാംക്ഷിച്ചുകൊണ്ട് കൈയഴഞ്ഞ് സഹായിക്കുവരായിരുന്നു നബി (സ്വ). വല്ലതും യാചിച്ചുവരുന്ന ഒരാളെയും നബി (സ്വ) ഇല്ലയെന്ന് പറഞ്ഞ് മടക്കിയയച്ചിട്ടില്ലായെന്ന് ജാബിർ (റ) സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് (ഹദീസ് ബുഖാരി, മുസ്ലിം).


നബി (സ്വ) കുടുംബക്കാരെ ദാനധർമ്മം ചെയ്യാനായി പ്രേരിപ്പിക്കുമായിരുന്നു. പ്രിയ പത്‌നിയോട് കണക്കില്ലാതെ ദാനം നൽകാൻ നബി (സ്വ) കൽപ്പിക്കുമായിരുന്നു (ഹദീസ് അബൂദാവൂദ് 1700). ഇതേ ധർമ്മപാതയിൽ തന്നെയാണ് സ്വഹാബികളും സഞ്ചരിച്ചത്. കാരണം ദാനം ചെയ്യുന്നവരെ അല്ലാഹു ഏറെ ഇഷ്ടപ്പെടുന്നുണ്ട്. ജനങ്ങൾക്ക് ഉപകാരം ചെയ്യുന്നവർ, മറ്റൊരുത്തന് സന്തോഷം നൽകുന്നവർ, അവന്റെ പ്രയാസങ്ങൾ ദൂരീകരിക്കുന്നവർ, അവന്റെ കടം വീട്ടി ആശ്വാസം പകരുന്നവർ, വിശപ്പകറ്റുന്നവർ എന്നിവരെല്ലാം അല്ലാഹുവിന് കൂടുതൽ ഇഷ്ടമുള്ളവരെന്നാണ് നബി (സ്വ) പറഞ്ഞത്. മദീനത്തെ പള്ളിയിൽ ഒരു മാസം ഇഅ്തികാഫ് ഇരിക്കുന്നതിനേക്കാൾ മറ്റൊരുത്തന്റെ ആവശ്യം നിറവേറ്റിക്കൊടുക്കാനായി ഓടിനടക്കലാണ് ഏറ്റവുമിഷ്ടമെന്നും നബി (സ്വ) കൂട്ടിച്ചേർത്തിട്ടുണ്ട് (ത്വബ്‌റാനി 861). 


റമദാൻ മാസം ദാനധർമ്മത്തിന്റെ കൂടി മാസമാണ്. ദാനങ്ങൾ പലതരത്തിലുണ്ട്. പുഞ്ചിരി ഒരു ദാനമാണ്. നല്ലൊരു വാക്കും ദാനമാണ്. വീട്ടുകാരെ ബഹുമാനിക്കുന്നതും മറ്റുള്ളവർക്ക് നന്മ ചെയ്യുന്നതും അവരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതുമെല്ലാം ദാനമാണ്. അല്ലാഹുവിനായി വഖ്ഫ് ചെയ്യുന്നതും മഹാദാനമാണ്. പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന വിജ്ഞാനങ്ങൾ, സൽഗുണസിദ്ധരായ സന്താനങ്ങൾ, അനന്തരമായി നൽകുന്ന മുസ്വ്ഹഫ്, നിർമ്മിച്ചു നൽകുന്ന മസ്ജിദ്, വഴിയാത്രക്കാർക്കായി ഒരുക്കുന്ന വീട്, ജനസേചനത്തിനായി തയ്യാറാക്കുന്ന പുഴ, ജീവിതകാലത്ത് ആരോഗ്യമുണ്ടായിരിക്കുമ്പോൾ സ്വന്തം സമ്പത്തിൽ നിന്ന് ധർമ്മം ഇവയെല്ലാം മരണശേഷവും വന്നുചേരുന്ന സുകൃതസൗഭാഗ്യങ്ങളെന്നാണ് നബി (സ്വ) പഠിപ്പിച്ചിരിക്കുന്നത് (ഹദീസ് ഇബ്‌നുമാജ 242). 

ദാനം നൽകുന്നവരുടെ ധനത്തിൽ അല്ലാഹു അനുഗ്രഹങ്ങൾ ചെയ്യുകയും ഇരട്ടികളായി വർദ്ധവ് നൽകുകയും എണ്ണമറ്റ പ്രതിഫലങ്ങൾ പ്രദാനമേകുകയും ചെയ്യും. അല്ലാഹു പറയുന്നുണ്ട്: അല്ലാഹുവിന്റെ സംതൃപ്തി കാംക്ഷിച്ചു കൊടുത്താൽ അവർ തന്നെയത്രെ ഇരട്ടിപ്പിക്കുന്നവർ (സൂറത്തു റൂം 39). 

അല്ലാഹുവിങ്കൽ നന്മയുടെ ഖജനാവുകളുണ്ട്, അവയുടെ താക്കോലുകൾ നല്ല മനുഷ്യന്മാരാണ്. നബി (സ്വ) പറയുന്നു: ജനങ്ങളിൽ നന്മകളുടെ താക്കോലുകളായിട്ടുള്ളവരുണ്ട്. തിന്മകളെ പൂട്ടിയിടുന്നവരാണവർ. ജനങ്ങളിൽ തിന്മകളുടെ താക്കോലുകളായിട്ടുള്ളവരുമുണ്ട്, നന്മകളെ പൂട്ടിയിടുന്നവരാണവർ. അല്ലാഹു നന്മകളുടെ താക്കോലുകളാക്കുന്നവർക്ക് മംഗളം (ഹദീസ് ഇബ്‌നുമാജ 237). അല്ലാഹു ജനങ്ങളുടെ ഉപകാരങ്ങൾക്കായി അനുഗ്രഹങ്ങൾ നൽകി തെരഞ്ഞെടുത്തവരാണ് അവർ. ചെലവഴിക്കുന്ന കാലത്തോളം അല്ലാഹു അവരുടെ ആ അംഗീകാരം നിലനിർത്തുക തന്നെ ചെയ്യും. അവർ ചെലവാക്കിയതിന് നല്ല പകരങ്ങൾ നൽകുകയും ചെയ്യും.  

ദാനധർമ്മത്തിന്റെയും ഉദാരതയുടെയും കാര്യത്തിൽ ലോകം ദർശിച്ച മഹനീയ മാതൃകയായിരുന്നു യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദിന്റേത്.


back to top