ലൈലത്തുൽ ഖദ്ർ: ആയിരം മാസങ്ങളേക്കാൾ പവിത്രമായ ഒരൊറ്റ രാവ്

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 05/04/2024

റമദാൻ മാസത്തിലെ അവസാന പത്തുരാവുകൾ അതിവിശിഷ്ട രാവുകളാണ്. ഈ പത്തിൽപ്പെട്ട ഒന്നാണ് ലൈലത്തുൽ ഖദ്‌റെന്ന മഹത്തര രാവ്. വിധി നിർണയത്തിന്റെ രാത്രി എന്ന് അർത്ഥമാക്കുന്ന ലൈലത്തുൽ ഖദ്ർ ഏതെന്ന് നിർണിതമല്ല. ആ മഹത്വം കരഗതമാക്കാൻ സത്യവിശ്വാസി പത്തുരാവുകളും ആരാധനാപൂർണമാകേണ്ടിയിരിക്കുന്നു. കാരണം ലൈലത്തുൽ ഖദ്‌റിലെ ഒരു സൽക്കർമ്മത്തിന് 83 വർഷവും നാലും മാസവും (ആയിരം മാസം) തുടരെ സൽക്കർമ്മങ്ങൾ ചെയ്തതിനേക്കാൾ പ്രതിഫലമുണ്ട്. മാത്രമല്ല ആ രാവിൽ പ്രഭാതം വിടരുവോളം അല്ലാഹുവിൽ നിന്നുള്ള പ്രത്യേക കരുണയും പരിരക്ഷയു ഭൂമിയിലേക്ക് ഇറങ്ങുതായിരിക്കും. അല്ലാഹു റമദാനിലെ ഈ രാവിനെ മാത്രം പ്രതിപാദിച്ചുക്കൊണ്ട് ഒരു ഖുർആനിക അധ്യായം തന്നെ ഇറക്കിട്ടുണ്ട്, അതാണ് സൂറത്തുൽ ഖദ്ർ : നിശ്ചയം ഈ ഖുർആൻ നാം അവതരിപ്പിച്ചത് ലൈലത്തുൽ ഖദ്ർ രാത്രിയിലത്രെ. ലൈലത്തുൽ ഖദ്ർ എന്താണെന്ന് താങ്കൾക്കറിയാമോ. ലൈലത്തുൽ ഖദ്ർ ആയിരം മാസങ്ങളേക്കാൾ ഉത്തമമാണ്. മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്റെ കൽപനപ്രകാരം എല്ലാ കാര്യവും കൊണ്ട് അന്ന് ഇറങ്ങിവരുന്നു. പ്രഭാതോദയം വരെ അത് സമാധാനമായിരിക്കുന്നതാണ് (സൂറത്തുൽ ഖദ്ർ). 


ഇമാം മാലിക് (റ) പറയുന്നു നബി (സ്വ)ക്ക് സ്വസമുദായംഗങ്ങളുടെ ആയുസ്സ് വിവരങ്ങൾ കാണിക്കപ്പെടുകയുണ്ടായി. സ്വന്തം സമുദായത്തിന്റെ ആയുസ്സ് മറ്റു സമുദായക്കാരേക്കാൾ വളരെ ചെറുതായി തോന്നി, അവരെ പോലെ ദീർഘായുസ്സോടെ ആരാധനകൾ ചെയ്യാൻ അവസരങ്ങൾ ഇല്ലെന്ന് ചിന്തിച്ചു, അങ്ങനെയാണത്രെ നബി (സ്വ)ക്ക് ആയിരം മാസങ്ങളെക്കാൾ സുകൃതപൂർണമായ ഒരൊറ്റ രാവായ ലൈലത്തുൽ ഖദ്ർ നൽകപ്പെടുന്നത്.

ഈ രാവിൽ അല്ലാഹുവിൽ നിന്നുള്ള പ്രതിഫലം മാത്രം കാക്ഷിച്ചുകൊണ്ട് അചലഞ്ചമായ സത്യവിശ്വാസത്തോടെ നമസ്‌ക്കരിച്ചാൽ ഗതകാല ദോഷങ്ങളൊക്കെയും പൊറുക്കപ്പെടുന്നതാണ് (ഹദീസ് ബുഖാരി, മുസ്ലിം). 

ഈ രാവിൽ മാലാഖമാർ സിദ്‌റത്തുൽ മുൻതഹായിൽ നിന്ന് ആകാശലോകങ്ങളിലൂടെ ഭൂമിയിലേക്ക് ഇറങ്ങിവരും. അവർ ചരൽക്കല്ലുകളെക്കാൾ എണ്ണമറ്റതായിരിക്കും (ഹദീസ് അഹ്‌മദ് 10734). അവരെ മുന്നിൽ നയിക്കുന്നത് ജിബ്‌രീൽ (അ) ആയിരിക്കും. അവരെല്ലാം ദിക്ർ ചൊല്ലുന്നവരെ ചുറ്റി സംരക്ഷവലയം തീർക്കും. പ്രാർത്ഥിക്കുന്നവർക്ക് ആമീൻ പറയും. ആരാധനാ നിമഗ്നമായവർക്ക് സലാം പറയും. അങ്ങനെ ഏവർക്കും നന്മയും ശാന്തിയും സമാധാനവും പരക്കും. 

നബി (സ്വ) റമദാനിലെ അവസാന പത്തിൽ മറ്റൊരു സമയത്തും ചെയ്യാത്ത വിധം പ്രത്യേകം ആരാധനാനിമഗ്നരാവുമായിരുന്നു (ഹദീസ് മുസ്ലിം 1175).

ഈ പുണ്യരാവിൽ മനുഷ്യൻ മനസ്സും ശരീരവും ശുദ്ധീകരിച്ച് സൃഷ്ടികളോട് അസൂയയും വിദ്വേഷവുമില്ലാതെ സൃഷ്ടാവിലേക്ക് മുന്നിടേണ്ടിയിരിക്കുന്നു. നാഥനോടുള്ള ബന്ധം കൂടുതൽ ബലവത്താക്കണം. പലവിധത്തിലുള്ള മാനുഷിക ബന്ധങ്ങൾ സൗഹൃദപൂർണമാക്കി ദൃഢമാക്കണം.


റമദാൻ മാസം കഴിഞ്ഞ് ശവ്വാൽ പിറക്കുതോടെ എല്ലാ സത്യവിശ്വാസികൾക്കും നിർബന്ധമാവുന്ന ദാനമാണ് സകാത്തുൽ ഫിത്വ്ർ. ആശ്രിതരുടെ ഫിത്വ്ർ സകാത്ത് ഉത്തരവാദിത്വപ്പെട്ട കുടുംബനാഥൻ സകാത്തിന്റെ അർഹർക്ക് നൽകണം. റമദാൻ വ്രതങ്ങളിലെ പിഴവുകൾക്ക് ശുദ്ധി നൽകുന്നതാണ് സകാത്തുൽ ഫിത്വ്ർ. പാവപ്പെട്ടവർക്കുള്ള അന്നവുമാണത്. വസിക്കുന്ന നാട്ടിലെ മുഖ്യ ധാന്യാഹാരമാണ് സകാത്തായി നൽകേണ്ടത്. നബി (സ്വ) ഒരു സ്വാഅ് (3.200 ലിറ്റർ/രണ്ടര കിലോ ഗ്രാം മുതൽ 3 കിലോ ഗ്രാം വരെ) കാരക്കയോ ബാർളിയോ നൽകണമെന്നാണ് അനുചരന്മാരോട് കൽപ്പിച്ചിരുന്നത്. നാണയം നൽകാമെന്നും പണ്ഡിത പക്ഷമുണ്ട്. അങ്ങനെയാണെങ്കിൽ യുഎഇ സാഹചര്യത്തിൽ ഓരോർത്തരും 25 ദിർഹമാണ് നൽകേണ്ടത്.


back to top