ലളിത സുന്ദര ഇസ്ലാം മതം

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 12/04/2024


റമദാനിന്റെ വ്രതിവിശുദ്ധിയോടെ പെരുന്നാൾ ആഘോഷിച്ച സത്യവിശ്വാസികൾ സുകൃതചൈതന്യങ്ങൾ ജിവിത്തിലുടനീളം നിലനിർത്തേണ്ടിയിരിക്കുന്നു. പരിശുദ്ധ ദീനുൽ ഇസ്ലാമിന്റെ മൂല്യങ്ങൾ ഓരോന്നും ഉയർത്തിപ്പിടിക്കണം.

അല്ലാഹുവിങ്കൽ സ്വീകാര്യമായ മതം ലളിത സുന്ദരമായ ഇസ്ലാമാണ് (ഹദീസ് ബുഖാരി 1/215). ഇസ്ലാം സമ്പൂർണമായും സുകൃതങ്ങൾ മാത്രമാണ്. ഇസ്ലാമിന്റെ അന്ത്യപ്രവാചകർ നമ്മുടെ മുഹമ്മദ് നബി (സ്വ)യാണ്. കാരുണ്യപ്രവാചകരാണ്. പ്രപഞ്ചത്തിന് ഒടങ്കം കാരുണ്യദൂതരാണ് നബി (സ്വ). കാരുണ്യത്തിന്റെ മതമാണ് ഇസ്ലാം. കാരുണ്യം ഇസ്ലാമിന്റെ ശൈലിയാണ്. ചെറിയവരോടും വലിയവരോടും എന്നല്ല ഏവരോടും കരുണാമയമായി പെരുമാറണം. അശരണരെയും അവശരെയും സഹായിക്കണം. 

നമ്മുടെ നാഥൻ അല്ലാഹു മതകാര്യങ്ങളിൽ നമ്മുക്ക് പല ഇളവുകളും ലഘൂകരണങ്ങളും നൽകിയിട്ടുണ്ട്. 

മതത്തിന്റെ കാര്യത്തിൽ യാതൊരുവിധ വൈഷമ്യവും നിങ്ങൾക്കുമേൽ ചുമത്തിയിട്ടില്ല (സൂറത്തുൽ ഹജ്ജ് 78)

നിങ്ങൾക്കു ആശ്വാസമാണ്, ഞെരുക്കമല്ല അല്ലാഹു ഉദ്ദേശിക്കുന്നത് (സൂറത്തുൽ ബഖറ 185). 

ഇസ്ലാം മതം എളുപ്പമുള്ളതെന്നാണ് നബി (സ്വ) പറഞ്ഞിരിക്കുന്നത് (ഹദീസ് ബുഖാരി 39).

ഒരാൾക്ക് നിർബന്ധമായ ആരാധനാ കർമ്മം നിർവ്വഹിക്കാൻ സാധിക്കുന്നില്ലെങ്കിൽ പലവിധത്തിലുള്ള വിടുതികളും ലഘൂകരണങ്ങളും ഇസ്ലാം നൽകുന്നുണ്ട്. ചില സന്ദർഭങ്ങളിൽ ആ കർമ്മം നിർബന്ധമല്ലാത്തതായി തന്നെ മാറുന്നുണ്ട്. എല്ലാം അല്ലാഹുവിൽ നിന്നുള്ള കാരുണ്യമാണ്. 

ഓരോന്നും ഓരോർത്തർക്കും യോജിച്ച രീതിയിലാണ് ഇസ്ലാം നിഷ്‌കർശിക്കുന്നത്. ശക്തി, പ്രായം, പ്രാപ്തി, സാഹചര്യം ഇങ്ങനെ ഘടകങ്ങളിലൂടെ ഓരോന്നിനും മാറ്റം വേന്നക്കാം.


സൽസ്വഭാവഗുണങ്ങൾ സത്യവിശ്വാസിക്ക് ജീവിതശൈലികളാണ്. സൽസ്വഭാവമഹിമകൾ പൂർത്തീകരിക്കാനാണ് നബി (സ്വ) നിയോഗിക്കപ്പെട്ടതെന്ന് തങ്ങൾ (സ്വ) തന്നെ പറഞ്ഞിട്ടുണ്ട് (അദബുൽ മുഫ്‌റദ് 273). നബി (സ്വ) മഹത്തായ സ്വഭാവഗുണങ്ങളുടെ ഉടമയെന്നാണ് അല്ലാഹു പറഞ്ഞത് (സൂറത്തുൽ ഖലം 04). 


കുടുംബ ബന്ധം ചേർക്കൽ, പരസ്പര സന്ദർശനം, അയൽവാസികൾക്ക് ഗുണം ചെയ്യൽ, അതിഥികളെ ആദരിക്കൽ, ഏവരോടും മയത്തിൽ പെരുമാറൽ, സലാം പറയൽ, വിജയം ആശംസിക്കൽ എന്നിവയെല്ലാം സമൂഹത്തിന്റെ കെട്ടുറപ്പ് ഭദ്രമാക്കുന്ന സ്വഭാവഗുണങ്ങളാണ്.

ഇസ്ലാം രക്ഷയുടെ മാർഗമാണ്. അതായത് സലാം. സലാമാണ് സത്യവിശ്വാസിയുടെ അഭിവാദ്യവും പ്രതിവാദ്യവും. വിജയവും രക്ഷയും ആശംസിച്ചുക്കൊണ്ടുള്ള പ്രാർത്ഥനയാണ് സലാം. 

നബി (സ്വ) പറയുന്നുണ്ട്: നിങ്ങൾ പരിപൂർണരായ സത്യവിശ്വാസികളാവുന്നത് വരെ സ്വർഗത്തിൽ പ്രവേശിക്കുകയില്ല. നിങ്ങൾ പരസ്പരം സ്‌നേഹിക്കുന്നത് വരെ പരിപൂർണരായ സത്യവിശ്വാസികളാവുകയില്ല. ഒരു കാര്യം ചെയ്താൽ നിങ്ങൾക്കിടയിൽ പരസ്പര സ്‌നേഹമുണ്ടാവും. അക്കാര്യം പറഞ്ഞുതരട്ടയോ, നിങ്ങൾക്കിടയിൽ സലാം പറയൽ വ്യാപിപ്പിക്കലാണത് (ഹദീസ് മുസ്ലിം 93). 

ആരാധനാനുഷ്ഠാനങ്ങൾ നിത്യമായി നിലനിർത്തൽ സത്യവിശ്വാസിക്ക് വേണ്ട പ്രധാന സ്വഭാവവിശേഷണമാണ്. റമദാനിൽ നാം കൈക്കൊണ്ട ആത്മീയ ചൈതന്യം ജീവിതത്തിലുടനീളം സ്ഥായിയാക്കേണ്ടിയിരിക്കുന്നു. നബി (സ്വ) യുടെ ആരാധനാകർമ്മങ്ങൾ എങ്ങനെയായിരുന്നുവെന്ന് ചോദിച്ചയാളോട് പ്രിയ പത്‌നി ആയിശ (റ) പറഞ്ഞത് നിത്യമാക്കുന്നവയായിരുന്നുവെന്നാണ്. സൽകർമ്മങ്ങളെത്ര കുറഞ്ഞതായാലും അവ നിത്യമാക്കുന്നത് അല്ലാഹുവിന് ഇഷ്ടകരമെന്നാണ് നബി (സ്വ) പറഞ്ഞിരിക്കുന്നത് (ഹദീസ് ബുഖാരി, മുസ്ലിം).


back to top